Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 13 വചനവായന

ജനുവരി 13 ചൊവ്വ

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(കർത്താവ് ഹന്നായെ അനുസ്‌മരിക്കയും അവൾ ഒരു പുത്രന് പ്രസവിക്കയും ചെയ്‌തു)

അക്കാലത്ത്, ഷീലോയിൽ വച്ച് എല്ക്കാനയോടൊപ്പം ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌തശേഷം ഹന്നാ എഴുന്നേറ്റ് കർത്താവിന്റെ സന്നിധിയിൽ ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിൻ്റെ വാതിൽപടിക്കു സമീപം ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു. അവൾ കർത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാർഥിച്ചു. അവൾ ഒരു നേർച്ച നേർന്നു: സൈന്യങ്ങളുടെ കർത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്‌മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്‌മരിക്കരുതേ! എനിക്കൊരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിത കാലം മുഴുവൻ അവനെ ഞാൻ അങ്ങേക്കു പ്രതിഷ്ഠിക്കും. അവന്റെ ശിരസ്സിൽ ക്‌ഷൗരക്കത്തി സ്‌പർശിക്കുകയില്ല.

ഹന്ന ദൈവസന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്‌ധിച്ചുകൊണ്ടിരുന്നു. അവൾ ഹൃദയത്തിൽ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാൽ, അവൾ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത നേരം നീ ഉൻമത്തയായിരിക്കും? നിൻെറ ലഹരി അവസാനിപ്പി ക്കുക. ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ലവളരെയേറെ മനോവേദന അനുഭവിക്കുന്നവളാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കഴിച്ചിട്ടില്ല. കർത്താവിന്റെ മുമ്പിൽ എന്റെ ഹൃദയവികാരങ്ങൾ ഞാൻ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ ! അത്യധികമായ ആകുലതയും അസ്വസ്‌ഥതയും മൂലമാണ് ഞാനിതുവരെ സംസാരിച്ചത്. അപ്പോൾ ഏലി പറഞ്ഞു: സമാധാനത്തിൽ പോവുക. ഇസ്രായേലിന്റെ ദൈവം നിൻ്റെ പ്രാർഥന സാധിച്ചുതരട്ടെ! അവൾ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്‌ഷമുണ്ടാകട്ടെ. അനന്തരം, അവൾ പോയി ഭക്‌ഷണം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ളാനമായിട്ടില്ല.

എല്ക്കാനയും കുടുംബവും അതിരാവിലേ എഴുന്നേറ്റ് കർത്താവിനെ ആരാധിച്ചശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്ക്കാന ഹന്നായെ പ്രാപിക്കുകയും കർത്താവ് അവളെ അനുസ്‌മരിക്കുകയും ചെയ്‌തു. അവൾ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാൻ അവനെ കർത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവൾ അവന് സാമുവൽ എന്നു പേരിട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കർത്താവിൽ ഉയർന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തെന്നാൽ, അവിടത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു.എന്റെ ഹ്യദയം

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

വീരൻമാരുടെ വില്ലുകൾ തകരുന്നു. ബലഹീനരാകട്ടെ, ശക്തി പ്രാപിക്കുന്നു. സുഭിക്ഷം അനുഭവിച്ചിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു. വിശപ്പ് അനുഭവിച്ചിരുന്നവർ സംതൃപ്തി അടയുന്നു. വന്ധ്യ ഏഴു പ്രസവിക്കുന്നു. സന്താനസമ്പത്തുള്ളവൾ നിരാലംബയാകുന്നു.

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദരിദ്രനും ധനികനും ആക്കുന്നത് കർത്താവാണ്. താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നു തന്നെ.

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടന്നു ധൂളിയിൽനിന്ന് ഉയർത്തുന്നു. അഗതിയെ കുപ്പയിൽനിന്നു സമുദ്‌ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കൻമാരോടൊപ്പം ഇരുത്തി, ഉന്നതസ്ഥാനങ്ങൾക്ക് അവകാശികളാക്കുന്നു.

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! ദൈവവചനം മനുഷ്യരുടെ വചനമായല്ല, യഥാർഥ ദൈവത്തിൻ്റെ വചനമായി സ്വീകരിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അധികാരമുള്ളവനെപ്പോലെയാണ് അവിടന്നു പഠിപ്പിച്ചത്)

 അക്കാലത്ത്, യേശു കഫർണാമിൽ എത്തി. സാബത്തുദിവസം അവൻ സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തിൽ അവർ വിസ്‌മയഭരിതരായി. കാരണം, നിയമജ്‌ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്. അശുദ്‌ധാത്‌മാവു ബാധിച്ച ഒരുവൻ അവിടെ ഉണ്ടായിരുന്നു. അവൻ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം ദൈവത്തിൻ പരിശുദ്‌ധൻ. യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. അശുദ്‌ധാമാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തിൽ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അദ്ഭുതപ്പെട്ടു പരസ്‌പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവൻ ആജ്‌ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.