റിനു എസ്. ജസ്റ്റസ്
പേയാട്: ക്രിസ്മസിനോട് അനുബന്ധിച്ച് സെന്റ് ജൂഡ് പള്ളി സാമൂഹിക ശുശ്രൂഷ സമിതിയുടെയും KLCWA-യുടെയും സംയുക്ത നേതൃത്വത്തിൽ ‘കരുതലോടെ’ എന്ന പേരിൽ സാന്ത്വന പദ്ധതി നടപ്പിലാക്കി. ഇടവകയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.
സെന്റ് ജൂഡ് ബി.സി.സി. യൂണിറ്റിലെ അംഗവും വൃക്കരോഗ ബാധിതയുമായ പത്മകുമാരിയുടെ ഭവനത്തിലാണ് ഇത്തവണത്തെ സഹായം എത്തിച്ചത്. ചികിത്സാ സഹായത്തിനായുള്ള സാമ്പത്തിക വിഹിതവും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റും ചടങ്ങിൽ കൈമാറി.
ഡീക്കൻ രജീഷ് ജെയിംസ്, സിസ്റ്റർ ലൈസ മേരി, കട്ടക്കോട് ഫൊറോന ആനിമേറ്റർ ലിനു എന്നിവർ സന്നിഹിതരായിരുന്നു.
സഹായ വിതരണത്തിന് ശേഷം ഡീക്കൻ രജീഷ് ജെയിംസും കുടുംബാംഗങ്ങളും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു മധുരം പങ്കിട്ടു. സ്നേഹസംഭാഷണങ്ങൾക്കും പ്രാർത്ഥനയ്ക്കും ശേഷമാണ് സംഘം മടങ്ങിയത്.




