Word of God

ആണ്ടുവട്ടം മുപ്പത്തിനാലാം വാരം : ചൊവ്വ നവംബർ – 25 വചന വായന

ഒന്നാം വായന

ദാനിയേൽ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (2: 31-45)

(ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്ക് വിട്ടു കൊടുക്കാത്തതുമായ ഒരു രാജ്യം സ്വർഗസ്ഥനായ ദൈവം പടുത്തുയർത്തും)

അക്കാലത്ത്, ദാനിയേൽ നബുക്കദ്നേസറിനോടു പറഞ്ഞു: രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിൻ്റെ മുൻപിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും മാറിടവും കരങ്ങളും വെള്ളികൊണ്ടും വയറും തുടകളും ഓടുകൊണ്ടും, കാലുകൾ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങൾ ഇരുമ്പും കളിമണ്ണും ചേർന്നതും. നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല് ആരും തൊടാതെ അടർന്നുവന്ന് ബിംബത്തിൻ്റെ ഇരുമ്പും കളി മണ്ണും ചേർന്ന പാദങ്ങളിൽ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി. ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വർണവുമെല്ലാം ഒന്നു പോലെ പൊടിഞ്ഞ് വേനല്ക്കാലത്തു മെതിക്കളത്തിലെ പതിരു പോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകർത്ത കല്ലാകട്ടെ, ഒരു മഹാപർവതമായിത്തീർന്ന് ഭൂമി മുഴുവൻ നിറഞ്ഞു. ഇതായിരുന്നു സ്വപ്നം. ഞങ്ങൾ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം. രാജാവേ, രാജാധിരാജനായ നിനക്ക്, സ്വർഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്ത്വവും നല്‌കി, എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാൻ ദൈവം നിന്നെ ഏല്പിച്ചു. സ്വർണംകൊണ്ടുള്ള തല നീതന്നെ. നിനക്കുശേഷം നിന്റേതിനേക്കാൾ പ്രതാപംകുറഞ്ഞ ഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവൻ അടക്കി ഭരിക്കുന്ന ഓടുകൊണ്ടു ള്ള സാമ്രാജ്യവും. നാലാമത്, ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണ്; ഇരുമ്പ് എല്ലാ വസ്‌തുക്കളെയും തകർത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകർക്കുന്ന ഇരുമ്പുപോലെ അത് എല്ലാറ്റിനെയും തകർത്തുരിക്കും. നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്‌തരാജ്യമായിരിക്കും. എന്നാൽ, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേർക്കപ്പെട്ടിരുന്നതായി നീ ദർശിച്ചതുപോലെ, ഇരുമ്പിന്റെ ഉറപ്പ് അതിനും ഭാഗികമായി ഉണ്ടായിരിക്കും. വിരലുകൾ ഭാഗികമായി ഇരുമ്പും കളിമണ്ണും ആയിരുന്നതുപോലെ, രാജ്യവും ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും. ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേർക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവർ വിവാഹത്തിൽ പരസ്‌പരം ഇടകലരും; പക്ഷേ, ഇരുമ്പ് കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മിൽ ചേരുകയില്ല.

ആ രാജാക്കൻമാരുടെ നാളുകളിൽ, ഒരിക്കലും നശിപ്പിക്ക പ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വർഗസ്‌ഥനായ ദൈവം പടുത്തുയർത്തും. മേല്പറഞ്ഞ രാജ്യങ്ങളെ എല്ലാം തകർത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനില്ക്കും. മലമുകളിൽനിന്ന് ആരും തൊടാതെ കല്ല് അടർന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വർണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദർശിച്ച തുപോലെതന്നെ. ഉന്നതനായ ദൈവമാണ് ഭാവികാര്യങ്ങൾ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വ‌പ്നം തീർച്ചയായും ഇതു തന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (ദാനി 3: 57+59, 58, 60-61)

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിന്റെ സൃഷ്ട്‌ടികളേ, അവിടത്തെ വാഴ്ത്തുവിൻ. കർത്താവിന്റെ ദൂതൻമാരേ, അവിടത്തെ വാഴ്ത്തുവിൻ; അവിടത്തേക്കു സ്‌തുതി പാടുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

ആകാശങ്ങളേ, കർത്താവിനെ പുകഴ്ത്തുവിൻ; ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ, കർത്താവിനെ വാഴ്ത്തുവിൻ; അവിടത്തെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

ആധിപത്യങ്ങളേ, കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (വെളി 2:10)

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: മരണംവരെ വിശ്വസ്‌തരായിരിക്കുക; ജീവൻ്റെ കിരീടം നിനക്കു ഞാൻ നല്‌കും. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:5-11)

(കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു)

അക്കാലത്ത്, ചില ആളുകൾ ജറുസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങൾ ഈ കാണുന്നവ കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു.

അവർ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാൻ തുടങ്ങുന്നതിന്റെ അടയാളം എന്താണ്? അവൻ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, പലരും അവൻ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ വരും. നിങ്ങൾ അവരുടെ പിന്നാലേ പോകരുത്. യുദ്‌ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാൽ, അവസാനം ഇനിയും ആയിട്ടില്ല. അവൻ തുടർന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയർത്തും. വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്ഷാമവും പകർച്ചവ്യാധികളുമുണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തിൽനിന്നു വലിയ അടയാളങ്ങളുമുണ്ടാകും.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.