Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം : ശനി സെപ്തംബർ : 27 വചന വായന

ഒന്നാം വായന

സഖറിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (2 : 1 -5, 10–11)

(ഞാൻ വന്ന് നിങ്ങളുടെ ഇടയിൽ വസിക്കും)

അക്കാലത്ത്, ഞാൻ കണ്ണുയർത്തിനോക്കി. അതാ, കൈയിൽ അളവുചരടുമായി ഒരുവൻ. നീ എവിടെ പോകുന്നു? ഞാൻ ചോദിച്ചു. അവൻ പറഞ്ഞു: ജറുസലേമിനെ അളന്ന് അതിന്റെ നീളവും വീതിയും എത്രയെന്നു നോക്കാൻ പോകുന്നു. എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതൻ മുന്നോട്ടു വന്നു. അവനെ സ്വീകരിക്കാൻ മറ്റൊരു ദൂതനും വന്നു. അവൻ പറഞ്ഞു: ഓടിച്ചെന്ന് ആ യുവാവിനോടു പറയുക. ജറുസലേം മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങൾ പോലെ കിടക്കും. ഞാൻ അതിനു ചുറ്റും അഗ്നികൊണ്ടുള്ള കോട്ടയായിരിക്കും. ഞാൻ അതിന്റെ മധ്യത്തിൽ അതിന്റെ മഹത്ത്വമായിരിക്കും കർത്താവ് അരുൾചെയ്യുന്നു.

സീയോൻ പുത്രീ, പാടിയുല്ലസിക്കുക. ഞാൻ വന്ന് നിങ്ങളുടെ ഇടയിൽ വസിക്കും – കർത്താവ് അരുൾചെയ്യുന്നു. അന്ന് അനേകം ജനതകൾ കർത്താവിനോടു ചേരും. അവർ എന്റെ ജനമാകും. ഞാൻ നിങ്ങളുടെയിടയിൽ വസിക്കും.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (ജറെ 31: 10, 11-12ab, 13)

ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

ജനതകളേ, കർത്താവിൻ്റെ വചനം കേൾക്കുവിൻ, വിദൂര ദ്വീപുകളിൽ അതു പ്രഘോഷിക്കുവിൻ; ഇസ്രായേലിനെ ചിതറിച്ച വൻ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയൻ ആട്ടിൻകൂട്ടത്തെ യെന്നപോലെ പാലിക്കുകയും ചെയ്യും എന്നു പറയുവിൻ.

ഇടയൻ ആട്ടിൻകുട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

കർത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠ കരങ്ങളിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. ആഹ്ലാദാരവത്തോടെ അവർ സീയോൻ മലയിലേക്കു വരും. കർത്താവിന്റെ വിശിഷ്ടദാനങ്ങളായ ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകൾ എന്നിവയാൽ അവർ സന്തുഷ്‌ടരാകും.

ഇടയൻ ആട്ടിൻകുട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

അപ്പോൾ കന്യകമാർ നൃത്തം ചെയ്‌ത്‌ ആനന്ദിക്കും; യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും. ഞാൻ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (2 തിമോ 1:10).

അല്ലേലൂയാ!
അല്ലേലൂയാ! നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മരണം ഇല്ലാതാക്കുകയും സുവിശേഷത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (9: 44b-45)

(മനുഷ്യപുത്രൻ മനുഷ്യരുടെ കരങ്ങളിൽ ഏല്‌പിക്കപ്പെടും. അതിനെപ്പറ്റി ചോദിക്കാൻ ശിഷ്യന്മാർ ഭയപ്പെട്ടു.)

അക്കാലത്ത്, ജനക്കൂട്ടം മുഴുവൻ യേശുവിൻ്റെ പ്രവർത്തനങ്ങളിൽ വിസ്മയഭരിതരായിരിക്കുമ്പോൾ, അവിടന്നു തന്റെ ശിഷ്യന്മാരോട് അരുൾചെയ്‌തു: ഈ വചനങ്ങൾ നിങ്ങളിൽ ആഴത്തിൽ പതിയട്ടെ. മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടാൻ പോകുന്നു. അവർക്ക് ഈ വചനം മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർക്കു മനസ്‌സിലാക്കാൻ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.