ഒന്നാം വായന
എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (9 : 5 -9)
(ഞങ്ങളുടെ അടിമത്തത്തിൽ ദൈവം ഞങ്ങളെ ഉപേക്ഷിച്ചില്ല)
അക്കാലത്ത്, സായാഹ്‌നബലിയുടെ സമയത്ത് എസ്രാ ഉപവാസത്തിൽ നിന്നെഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിൻമേൽ വീണ്, തന്റെ ദൈവമായ കർത്താവിന്റെ നേർക്ക് കൈകളുയർത്തി അപേക്‌ഷിച്ചു: എൻ്റെ ദൈവമേ, അങ്ങയുടെ നേർക്ക് മുഖമുയർത്താൻ ഞാൻ ലജ്‌ജിക്കുന്നു. എന്തെന്നാൽ, ഞങ്ങളുടെ തിൻമകൾ തലയ്ക്കുമീതേ ഉയർന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങൾ പിതാക്കൻമാരുടെ കാലം മുതൽ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കൻമാരും പുരോഹിതൻമാരും ഇന്നത്തെപ്പോലെ അന്യരാജാക്കൻമാരുടെ കരങ്ങളിൽ, വാളിനും പ്രവാസത്തിനും കവർച്ചയ്ക്കും വർധിച്ച നിഗ്ദനത്തിനും ഏല്പിക്കപ്പെട്ടു. ഞങ്ങളിൽ ഒരു വിഭാഗത്തെ അവശേഷിപ്പിക്കുകയും അതിന് അവിടത്തെ വിശുദ്‌ധസ്‌ഥലത്ത് അഭയസ്ഥാനം നല്കുകയും ചെയ്തു. ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളോടു ക്ഷണനേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധനത്തിൽ ആശ്വാസംതന്നു ഞങ്ങളുടെ കണ്ണുകൾക്കു തിളക്കം കൂട്ടി. ഞങ്ങൾ അടിമകളാണ്, ഞങ്ങളുടെ ദൈവം അടിമത്തത്തിൽ ഞങ്ങളെ ഉപേക്ഷിച്ചില്ല. പേർഷ്യാ രാജാക്കൻമാരുടെ മുൻപിൽ അവിടന്ന് തന്റെ അനശ്വരസ്നേഹം ഞങ്ങളോടു കാണിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം കേടുപാടുകൾ പോക്കി പണിതീർക്കുന്നതിന് അവർ ഞങ്ങളെ ഉത്തേജിപ്പിക്കുകയും യൂദായിലും ജറുസലെമിലും ഞങ്ങൾക്കു സംരക്‌ഷണം നല്‌കുകയും ചെയ്തു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (തോബി 13: 2, 3, 4, 6)
നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ.
കർത്താവേ, അവിടന്ന് ശിക്‌ഷിക്കുകയും കരുണകാണിക്കുകയും ചെയ്യുന്നു. പാതാളത്തിലേക്കു താഴ്ത്തുകയും അവിടെ നിന്ന് വീണ്ടും ഉയർത്തുകയും ചെയ്യുന്നു. അവിടത്തെ കരങ്ങളിൽനിന്ന് ആരും രക്ഷപ്പെടുകയില്ല.
നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ.
ഇസ്രായേൽ മക്കളേ, ജനതകളുടെ മുൻപിൽ അവിടത്തെ ഏറ്റു പറയുവിൻ. അവിടന്നാണു നമ്മെ അവരുടെ ഇടയിൽ ചിതറിച്ചത്.
നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ.
അവിടന്ന് നിങ്ങൾക്കു ചെയ്‌ത നന്മയെപ്പറ്റി ചിന്തിക്കുവിൻ. ഉച്ചത്തിൽ അവിടത്തേക്കു കൃതജ്ഞതയർപ്പിക്കുവിൻ. നീതിയുടെ കർത്താവിനെ സ്‌തുതിക്കുവിൻ. യുഗങ്ങളുടെ രാജാവിനെ പുകഴ്ത്തുവിൻ.
നിത്യനായ ദൈവം വാഴ്ത്തപ്പെട്ടവൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മർക്കോ 1:15).
അല്ലേലൂയാ!
അല്ലേലൂയാ! ദൈവരാജ്യം സമീപിച്ചിരിക്കു ന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (9:1-6)
(ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി യേശു ശിഷ്യന്മാരെ അയച്ചു)
അക്കാലത്ത്, യേശു പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ച് സകല പിശാചുക്കളുടെയും മേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ, അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുമ്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി, നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റി സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‌കുകയും ചെയ്തു.




