സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ആഗസ്റ്റ് 25 മുതൽ 28 വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ച് നടക്കുന്ന ദേശീയ ആരാധനക്രമവാരത്തിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണമെന്ന ആഹ്വാനം പോപ്പ് ലെയോ നൽകിയത്. “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന വിഷയമാണ് എഴുപത്തിയഞ്ചാമത് ദേശീയ ആരാധനക്രമ വാരത്തിന്റെ വിഷയം. പ്രത്യാശയുടെ ജൂബിലി വർഷമായതിനാലാണ് ഈ പ്രത്യേകമായ പ്രമേയം പഠനത്തിനും, ചിന്തകൾക്കുമായി എടുത്തിരിക്കുന്നത്.
ആരാധനക്രമ ആഘോഷത്തിൽ ‘വിശ്വാസത്തിന്റെ ജീവനുള്ള ഹൃദയം വീണ്ടും കണ്ടെത്താൻ’ ഇറ്റലിയിലെ സഭയെ ക്ഷണിക്കുകയാണ് ഇത്തവണത്തെ പഠനവാര ലക്ഷ്യം. സഭയിൽ വിശ്വാസികൾക്ക് ആരാധനക്രമ ആഘോഷങ്ങൾക്ക് സുവിശേഷവത്ക്കരണത്തിൽ പുതിയ ഉണർവ് നല്കട്ടെയെന്നും പാപ്പാ പറഞ്ഞു. കൂടാതെ, ആരാധനാക്രമത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിശ്വാസികളെ പ്രാർത്ഥനയുടെ തീക്ഷ്ണതയിലേക്ക് നയിക്കുന്ന എല്ലാവരോടുമുള്ള അഗാധമായ കൃതജ്ഞതയും പാപ്പാ സന്ദേശത്തിൽ എടുത്തു പറയുന്നുണ്ട്.




