സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വ്ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ പള്ളിയിൽ ഈ വർഷത്തെ തിരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 05-ന് 75 വിശുദ്ധരുടെ പ്രതീകാത്മക ദൃശ്യാവിഷ്കാരണം സംഘടിപ്പിച്ചു. “ജ്വലിക്കുന്നവർ” എന്ന് അർഥം വരുന്ന ‘ഫിയാമ’ എന്നു പേരു നൽകിയ അവതരണപരിപാടി വരാപ്പുഴ അതിരൂപത ചേരനെല്ലൂർ ഇടവക വികാരി ഫാ.ക്യപിസ്റ്റൻ ലോപ്പസ് ഉദ്ഘാടനം ചെയ്തു.
ക്രിസ്തുവിന്റെ 12 ശിഷ്യന്മാരടക്കം ഭാരതത്തിലെ വിശുദ്ധരായ മദർ തെരേസ, ദേവസഹായം പിള്ള, അൽഫോൻസ, എവുപ്രാസ്യാമ്മ ഉൾപ്പെടെയുള്ളവർ കാണികളുടെ മുന്നിലൂടെ കടന്നുപോയി. 2 വയസ് മുതൽ 82 വയസ് വരെ പ്രായമുള്ളവർ വിശുദ്ധരുടെ കുപ്പായമണിഞ്ഞവരുടെ കൂട്ടത്തിലുണ്ട്.
ഏകദേശം ഒന്നര മാസത്തെ പ്രവർത്തനം കൊണ്ടാണ് ‘ഫിയാമ’ യാഥാർഥ്യമായതെന്നും 4.5 ലക്ഷം രൂപയിലധികം ഇതിനായി ചെലവഴിച്ചുവെന്നും സംഘാടകർ പറഞ്ഞു.
ഓരോ വിശുദ്ധരുടെയും ചിത്രങ്ങളിൽ നിന്ന് അവർ ധരിച്ചിരുന്ന വേഷം തുന്നിയെടുത്തത് കോസ്റ്റ്യൂം ഡിസൈനർ രോഹിണിയാണ്. സംവിധായകൻ ജിത്തു ജോസഫിന്റെ മേക്കപ്പ്മാൻ ജയൻ പൂങ്കുളമാണ് ചമയം നിർവഹിച്ചത്. കെസിവൈഎം സംസ്ഥാന സെക്രട്ടറി വിമലാണ് ആർട്ട് സംവിധാനം നിർവഹിച്ചത്. ഇടവക വികാരി ഫാ. സി.ജോയി സംവിധാനം നിർവഹിച്ചു. കൺവീനർമാരായ അമൽരാജ്, ഷിബിൻ, സഹായികളായി സജു, ബിജോയ്, ബിപിൻ, സാം, മനു എന്നിവരും പ്രവർത്തിച്ചിരുന്നു.
ആദ്യമായാണ് ലോകറെക്കോഡിനായി ഇത്തരം ഒരു പരിപാടി സമർപ്പിക്കപ്പെട്ടതെന്നും ലോകറെക്കോർഡിന്റെ സാക്ഷ്യ പത്രം കൈമാറുന്നതായും ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ മെമ്പർ എം.കെ. ജോസ്, പി. പി. പീറ്റർ എന്നിവർ അറിയിച്ചു. ലോകറെക്കോർഡിന്റെ സാക്ഷ്യ പത്രം ഇടവക വികാരിയും ‘ഫിയാമ’ക്കുവേണ്ടി പ്രയത്നിച്ച കൺവീനർമാരും ചേർന്ന് സ്വീകരിച്ചു.




