സ്വന്തം ലേഖകൻ
ത്രേസ്യാപുരം: ചത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ത്രേസ്യാപുരം മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിസ്റ്റർ റാണി മരിയയുടെ ജീവിതം ഉദ്ധരിച്ചുകൊണ്ട് സിസ്റ്റർ റീത്ത ആന്റണി പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കെതിരെ ഉയരുന്ന അസഹിഷ്ണുതയും അക്രമങ്ങളും ഭയം ജനിപ്പിക്കുന്നതാണെന്നും ഓരോ ഇന്ത്യൻ പൗരന്റെയും മൗലിക അവകാശമായ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നടപടി അപലപനീയമാണെന്നും ഇടവക വികാരി ഫാ. സുജിൻ ജോൺസൺ പറഞ്ഞു.
പ്രതിഷേധ റാലിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മതബോധന ഹെഡ്മിസ്ട്രെസ് ബിന്ദു സംസാരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും വായ് മൂടിക്കെട്ടിയും നൂറിലധികം വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും മൗനമായി പ്രതിഷേധ റാലിയിൽ പങ്കുചേർന്നു.




