സ്വന്തം ലേഖകൻ
ആനപ്പാറ: ആനപ്പാറ ഇടവകയിൽ ബഥനി കോൺവെന്റ് സ്ഥാപിതമായതിന്റെ 25-ാം വാർഷികദിനം ആഘോഷിച്ചു. ദിവ്യബലിയോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ നേതൃത്വം നൽകുകയും ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികനാവുകയും ചെയ്തു. രൂപത യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജ് കുമാർ വചന പ്രഘോഷണം നടത്തി. സഹവികാരി ഫാ. അരുൺ പി. ജിത്ത് സഹകാർമ്മികനായി.
തുടർന്ന്, നടന്ന അനുമോദന യോഗത്തിൽ ബഥനി സിസ്റ്റേഴ്‌സിന്റെ 25 വർഷത്തെ ആത്മസമർപ്പണത്തിനും സേവനത്തിനും ആദരമർപ്പിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. വൈദീകരും ഇടവക ശുശ്രൂഷാ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.




