Word of God

സ്നാപകയോഹന്നാന്റെ പിറവി വചനവായന

ജൂൺ 24 ബുധൻ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(ഞാൻ നിന്നെ ലോകത്തിൻ്റെ പ്രകാശമായി നല്‌കും)

തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേൾക്കുവിൻ: ഗർഭത്തിൽത്തന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവിടന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടന്ന് മൂർച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയിൽ അവിടന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നിൽ ഞാൻ മഹത്ത്വം പ്രാപിക്കും എന്ന് അവിടന്ന് അരുൾ ചെയ്തു. ഞാൻ പറഞ്ഞു: ഞാൻ വ്യർഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യർഥമായും നിഷ്‌ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കർത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരിയെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കൽ ഒന്നിച്ചുചേർക്കാനും ഗർഭത്തിൽവച്ചുതന്നെ എന്നെ തൻ്റെ ദാസനായി രൂപപ്പെടുത്തിയ കർത്താവ് അരുൾചെയ്യുന്നു. എന്തെന്നാൽ, കർത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തിയാവുകയും ചെയ്തിരിക്കുന്നു. അവിടന്ന് അരുൾചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയർത്താനും ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്‌ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‌കും.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

ദൈവമേ, ഞാൻ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു.

കർത്താവേ, അവിടന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു.ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ വിചാരങ്ങൾ അവിടന്ന് അകലെനിന്നു മനസ്‌സിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു; എന്റെ മാർഗങ്ങൾ അങ്ങേക്കു നന്നായറിയാം.

ദൈവമേ, ഞാൻ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു.

അവിടന്നാണ് എന്റെ അന്തരംഗത്തിനു രൂപംനല്കിയത്; എന്റെ അമ്മയുടെ ഉദരത്തിൽ അവിടന്ന് എന്നെ മെനഞ്ഞു. ഞാൻ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്മ‌യനീയമായി സൃഷ്ടിച്ചു;

ദൈവമേ, ഞാൻ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു.

അവിടത്തെ സൃഷ്ടികൾ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ വച്ച് സൂക്ഷ്‌മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്‌തപ്പോൾ, എന്റെ രൂപം അങ്ങേക്ക് അജ്‌ഞാതമായിരുന്നില്ല.

ദൈവമേ, ഞാൻ അങ്ങയെ സ്‌തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു.

രണ്ടാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ക്രിസ്തുവിന്റെ ആഗമനത്തിനുമുമ്പ് പ്രസംഗിക്കാൻ യോഹന്നാനെ ദൈവം അയച്ചു)

അക്കാലത്ത്, പൗലോസ്‌ അപ്പസ്തോലൻ പറഞ്ഞു: സാവൂളിനെ നീക്കംചെയ്‌തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടന്ന് ഉയർത്തി. അവനെക്കുറിച്ച് അവിടന്ന് ഇപ്രകാരം സാക്‌ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദിൽ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു. അവൻ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ, ഇവന്റെ വംശത്തിൽനിന്ന് ഇസ്രായേലിനു രക്‌ഷകനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാന സ്നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ഞാൻ ആരെന്നാണ് നിങ്ങളുടെ സങ്കൽപം ? ഞാൻ അവനല്ല; എന്നാൽ ഇതാ, എനിക്കുശേഷം ഒരുവൻ വരുന്നു. അവന്റെ പാദരക് അഴിക്കാൻ ഞാൻ യോഗ്യനല്ല. സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! (Lk. 1: 76). നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കാൻ അവിടത്തെമുമ്പേ നീ പോകും. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(യോഹന്നാൻ എന്നാണ് അവൻ്റെ പേര്)

എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം. അവർ അവളോടു പറഞ്ഞു: നിന്റെ ബന്‌ധുക്കളിലാർക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്തു പേരുനല്‌കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവൻ്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി. അയല്ക്കാർക്കെല്ലാം ഭയമുണ്ടായി; യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു. ശിശു വളർന്നു, ആത്‌മാവിൽ ശക്‌തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവൻ മരുഭൂമിയിലായിരുന്നു.

കർത്താവിന്റെ സുവിശേഷം.


Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.