ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (66 : 10 – 14c)
(ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും)
ജറുസലേമിനെ സ്നേഹിക്കുന്ന നിങ്ങൾ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിൻ. അവളെപ്രതി വിലപിക്കുന്ന നിങ്ങൾ അവളോടൊത്തു സന്തോഷിച്ചു തിമിർക്കുവിൻ. അവളുടെ സാന്ത്വനസ്തന്യം പാനം ചെയ്‌ത് തൃപ്‌തരാകുവിൻ; അവളുടെ മഹത്ത്വത്തിന്റെ സമൃദ്‌ധി നുകർന്ന് സംതൃപ്‌തിയടയുവിൻ. കർത്താവ് അരുൾചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാൻ ഒഴുക്കും; ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവൾ പാലൂട്ടുകയും എളിയിൽ എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി ലാളിക്കുകയും ചെയ്യും. അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും. ജറുസലേമിൽ വച്ചു നീ സാന്ത്വനം അനുഭവിക്കും. അതു കണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്‌ഥി പുല്ലുപോലെ തളിർക്കും; കർത്താവിന്റെ കരം അവിടത്തെ ദാസരോടുകൂടെയും കർത്താവിന്റെ രോഷം അവിടത്തെ ശത്രുക്കൾക്കെതിരേയും ആണെന്ന് അപ്പോൾ വെളിവാകും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (16 : 1 – 2 + 5, 7-8, 11)
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങയിൽ ശരണംവച്ചിരിക്കുന്നു. അവിടന്നാണ് എന്റെ കർത്താവ്; അങ്ങിൽനിന്നല്ലാതെ എനക്ക് നൻമയില്ല എന്നു ഞാൻ
കർത്താവിനോടു പറയും.
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും;
എൻറെ ഭാഗധേയം അവിടത്തെ കരങ്ങളിലാണ്.
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും.
എനിക്ക് ഉപദേശം നല്‌കുന്ന കർത്താവിനെ ഞാൻ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു.
കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്;
അവിടന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല.
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും.
അങ്ങ് എനിക്കു ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്‌ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (1 : 26-31)
(ലോകത്തിൽ ബലഹീനരായവരെ ദൈവം തിരഞ്ഞെടുത്തു)
സഹോദരരേ, നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിൻ; ലൗകികമാനദൺഡമനുസരിച്ച് നിങ്ങളിൽ ബുദ്‌ധിമാൻമാർ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോക ദൃഷ്‌ടിയിൽ ഭോഷൻമാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും നിലവിലുള്ളവയെ നശിപ്പിക്കാൻവേണ്ടി ലോക ദൃഷ്ട്യാ നിസ്‌സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടന്ന് ഇങ്ങനെ ചെയ്തത്. യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടന്നാണ്. ദൈവം അവനെ നമുക്ക് ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ.
കർത്താവിന്റെ വചനം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Mt. 11:25)
അല്ലേലുയാ !
അല്ലേലൂയാ! സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു – അല്ലേലൂയാ
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (18:1-5)
(നിങ്ങൾ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല)
അക്കാലത്ത്, ശിഷ്യൻമാർ യേശുവിനെ സമീപിച്ചു ചോദി ച്ചു: സ്വർഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിർത്തിക്കൊണ്ട് അരുൾചെയ്‌തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗരാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു.




