സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായെക്കുറിച്ചുള്ള ആദ്യഗ്രന്ഥം വത്തിക്കാൻ പ്രസാധകശാലയിൽ നിന്നും പ്രസിദ്ധീകരിച്ചു. “സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ” എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം ആഗസ്റ്റ് മാസം 26 മുതൽ വിപണിയിൽ ലഭ്യമാണ്. നൂറ്റിയറുപതു പേജുകളുള്ള പുസ്തകം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.
അൾജീരിയയിലെ രക്തസാക്ഷികളുടെ ഓർമ്മത്തിരുനാൾ ആഘോഷിച്ച മെയ്മാസം എട്ടാം തീയതിയാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ സഭയുടെ വലിയ മുക്കുവനായി തിരഞ്ഞെടുത്തത്. അന്നുമുതൽ, പരിശുദ്ധ പിതാവിന്റെ ആഹ്വാനം സമാധാനത്തിനു വേണ്ടിയായിരുന്നു. തന്റെ ആദ്യ പ്രസംഗങ്ങളിൽതന്നെ, തന്റെ ചില മുൻഗണനകൾ സമൂഹത്തോട് വെളിപ്പെടുത്തിയിരുന്നു.
സമാധാനത്തിനുവേണ്ടി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ അഭ്യർത്ഥനകളും ഏറെ പ്രധാനമാണ്. നമ്മൾ ഓരോരുത്തരിൽ നിന്നുമാണ് സമാധാനം ആരംഭിക്കുന്നതെന്നും, നമ്മൾ മറ്റുള്ളവരെ നോക്കുന്ന രീതിയിൽ നിന്നും, മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിൽ നിന്നും, മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നുമാണ് സമാധാന പ്രക്രിയകൾ തുടങ്ങുന്നുവെന്നുമുള്ള പാപ്പായുടെ വാക്കുകളും, ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.




