സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.ആർ.എൽ.സി.സി.യുടെ അനുഗ്രഹത്തോടെ കെ.എൽ.സി.എ. സംസ്ഥാന സമിതി 12 ലത്തീൻ രൂപതകളിലും സംഘടിപ്പിച്ച് വരികയായിരുന്ന ലത്തീൻ കത്തോലിക്ക സമുദായ സമ്പർക്ക പരിപാടി നെയ്യാറ്റിൻകര രൂപതയിൽ നടന്നു. ഒക്‌ടോബർ 26 ഞായറാഴ്ച ഉച്ചക്ക് 1 മണിമുതൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടി ബിഷപ്പ് സെൽവരാജൻ ഉദ്ഘാടനം ചെയ്തു. ഒരുത്തരവിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങളെയാണു ഗവൺമെന്റ് പരിഹരികാതെ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതെന്നും ഇത്തരത്തിലുള്ള സമ്മേളനങ്ങൾ സമുദായത്തിനു ഉത്തേജനമാകുമെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു.
നമ്മുടെ സമുദായങ്ങൾ അനുഭവിച്ചു വരുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാര മാർഗം കണ്ടെത്തുക എന്നതാണ് സമുദായ സമ്പർക്ക പരിപാടിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. നമ്മുടെ സമുദായങ്ങൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ അതായത് പഞ്ചായത്ത്, വില്ലേജ് ഓഫീസ് തലത്തിലും പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് നിയമപരമായും വിദ്യാഭ്യാസപരമായും സഭാപരമായും തുടങ്ങി വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഈ സമുദായ സമ്പർക്ക പരിപാടി ഉപകരിക്കുമെന്ന് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ് പറഞ്ഞു.
സമുദായ സെർട്ടിഫിക്കറ്റ്, നോൺ ക്രിമിനിലിയർ സെർട്ടിഫിക്കറ്റ്, വീട് വയ്ക്കുന്നതിനുള്ള പെർമിറ്റും പൂർത്തിയായ ബിൽഡിങിന് നമ്പർ കിട്ടുന്നതിനുള്ള തടസങ്ങൾ, ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, വന്യജീവി ആക്രമണങ്ങളും കൃഷിനാശവും, അനന്യമായ പോലീസ് കേസുകൾ, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവക്കെല്ലാം പരിഹാരം കണ്ടെത്തുവാനാണു സമുദായ സമ്പർക്ക പരിപാടിയിലൂടെ നാം ശ്രമിക്കുന്നതെന്ന് രൂപത കെ.എൽ.സി.എ. പ്രസിഡന്റ് അനിൽ ജോസ് പറഞ്ഞു.




