ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (6 :19-23)
(ഇപ്പോൾ നിങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുന്നു)
സഹോദരരേ, നിങ്ങളുടെ പരിമിതിനിമിത്തം ഞാൻ മാനുഷികരീതിയിൽ സംസാരിക്കുകയാണ്. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമർപ്പിച്ചതുപോലെ, ഇപ്പോൾ അവയെ വിശുദ്‌ധീകരണത്തിനുവേണ്ടി നീതിക്ക് അടിമകളായി സമർപ്പിക്കുവിൻ. നിങ്ങൾ പാപത്തിന് അടിമകളായിരുന്നപ്പോൾ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു. ഇന്നു നിങ്ങൾക്കു ലജ്‌ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളിൽനിന്ന് അന്നു നിങ്ങൾക്ക് എന്തുഫലം കിട്ടി? അവയുടെ അവസാനം മരണമാണ്. എന്നാൽ, ഇപ്പോൾ നിങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാൽ നിങ്ങൾക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (1 : 1-2, 3, 4+6)
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ
വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ
പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ.
അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇല കൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ് അവൻ;
അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
ദുഷ്‌ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ.
കർത്താവു നീതിമാൻമാരുടെ മാർഗം അറിയുന്നു;
ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ഫിലി 3:8-9).
അല്ലേലൂയാ!
അല്ലേലൂയാ! ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്‌ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനുംവേണ്ടിയാണ്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (12:49-53)
(സമാധാനമല്ല, ഭിന്നതയുളവാക്കാനാണ് ഞാൻ വന്നിരിക്കുന്നത്)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു: ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നല്‌കാനാണു ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടുപേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവ് പുത്രനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകൾക്കും മരുമകൾ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും.




