Word of God

തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 23 വചനവായന

മാർച്ച് 23 തിങ്കൾ

ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഞാനിതാ മരിക്കാൻ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാൻ ചെയ്‌തിട്ടില്ല)

അക്കാലത്ത്, യൊവാക്കിം എന്നൊരുവൻ ബാബിലോണിൽ ജീവിച്ചിരുന്നു. ഹിൽക്കിയായുടെ മകളും അതീവസുന്‌ദരിയും ദൈവഭക്‌തയുമായ സുസന്നയെ അവൻ വിവാഹം ചെയ്തു. അവളുടെ മാതാപിതാക്കൻമാർ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവർ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേർന്ന് അവനു വിസ്‌തൃതമായ ഒരു ഉദ്യാന മുണ്ടായിരുന്നു; അവൻ എല്ലാവരെയുംകാൾ ആദരണീയനായിരുന്നതിനാൽ, യഹൂദർ അവനെ കാണാൻ വരുക പതിവായിരുന്നു. അക്കൊല്ലം ജനത്തിന്റെ ഇടയിൽനിന്ന് രണ്ടു ശ്രേഷ്ഠൻമാർ ന്യായാധിപൻമാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കർത്താവ് അരുൾചെയ്തിരുന്നു: ബാബിലോണിൽനിന്ന് ജനത്തെ ഭരിക്കേണ്ടവരും ന്യായാധിപൻമാരുമായ ശ്രേഷ്‌ഠൻമാരിൽനിന്ന് അകൃത്യം പുറപ്പെട്ടു. ഇവർ കുടക്കൂടെ യൊവാക്കിമിന്റെ വീട്ടിൽ പോയിരുന്നു. വ്യവഹാരങ്ങളുള്ളവർ അവരെ സമീപിക്കുമായിരുന്നു. ഉച്ചയ്ക്ക് ആളുകൾ പിരിഞ്ഞുപോയതിനുശേഷം, സൂസന്ന ഭർത്താവിന്റെ ഉദ്യാനത്തിൽ ഉലാത്താൻ പോകും. എല്ലാ ദിവസവും അവളെ ഈ രണ്ടു ശ്രേഷ്‌ഠൻമാരും കാണാറുണ്ട്. അവർക്ക് അവളിൽ അഭിലാഷം ജനിച്ചു. അവർ വിവേകശുന്യരായി ദൈവവിചാരവും ധർമബോധവും കൈ വെടിഞ്ഞു.

അവർ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവൾ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തിൽ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവൾ കുളിക്കാൻ ഒരുങ്ങി. ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രേഷ്‌ഠൻ‌മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവൾ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാൻ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിൻ.

തോഴിമാർ പോയിക്കഴിഞ്ഞപ്പോൾ ആ രണ്ടു ശ്രേഷ്ഠൻമാർ അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു: ഇതാ, ഉദ്യാനകവാടങ്ങൾ അടച്ചിരിക്കുന്നു; ആരും നമ്മെ കാണുന്നില്ല; ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. അതുകൊണ്ട്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക. നീ വിസമ്മതിച്ചാൽ, നിന്റെ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതുകൊണ്ടാണ് തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങൾ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തും. സുസന്ന നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാൻ അകപ്പെട്ടു. ഞാൻ സമ്മതിച്ചാൽ, അതെൻ്റെ മരണമാണ്. സമ്മതിച്ചില്ലെങ്കിൽ, നിങ്ങളുടെ കൈയിൽനിന്ന് രക്‌ഷപ്പെടുകയില്ല.

കർത്താവിന്റെ മുൻപിൽ പാപം ചെയ്യുന്നതിനെക്കാൾ, നിങ്ങൾക്കു വഴങ്ങാതെ നിങ്ങളുടെ പിടിയിൽപ്പെടുന്നതാണു ഞാൻ ഇഷ്ടപ്പെടുന്നത്. സൂസന്ന ഉച്ചത്തിൽ നിലവിളിച്ചു. ആ ശ്രേഷ്ഠൻമാർ അവൾക്കെതിരേ അട്ടഹസിച്ചു. അവരിലൊരാൾ ഓടിച്ചെന്ന് ഉദ്യാനവാതിൽ തുറന്നു. ഉദ്യാനത്തിൽനിന്ന് അട്ടഹാസം കേട്ടപ്പോൾ സൂസന്നയ്ക്ക് എന്താണു സംഭവിച്ചതെന്നറിയാൻ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിൻവാതിലിലൂടെ ഓടി ക്കൂടി. ശ്രേഷ്ഠൻമാർ പറഞ്ഞകഥ കേട്ട് വേലക്കാർ അത്യന്തം ലജ്ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവർ കേട്ടിരുന്നില്ല.

അടുത്തദിവസം, അവളുടെ ഭർത്താവായ യൊവാക്കിമിന്റെ വീട്ടിൽ ആളുകൾ കൂടിയപ്പോൾ, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ടു ശ്രേഷ്‌ഠൻമാരും എത്തിച്ചേർന്നു. അവർ ജനത്തോടു പറഞ്ഞു: ഹിൽക്കിയായുടെ മകളും യൊവാ ക്കിമിന്റെ ഭാര്യയുമായ സൂസന്നയെ കൊണ്ടുവരുവിൻ. അവർ അവളെ കൊണ്ടുവന്നു. തന്റെ മാതാപിതാക്കൻമാരോടും കുട്ടികളോടും ബന്‌ധുക്കളോടും കൂടിയാണ് അവൾ വന്നത്.

അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു. അപ്പോൾ ആ രണ്ടു ശ്രേഷ്‌ഠൻമാർ ജനമധ്യേ എഴുന്നേറ്റുനിന്ന് അവളുടെ തലയിൽ കരങ്ങൾ വച്ചു. അവൾ കരഞ്ഞുകൊണ്ട് സ്വർഗത്തിലേക്കു ദൃഷ്‌ടികളുയർത്തി; അവൾ കർത്താവിൽ ആശ്രയം അർപ്പിച്ചു. ശ്രേഷ്‌ഠൻമാർ പറഞ്ഞു: ഞങ്ങൾ തനിച്ച് ഉദ്യാനത്തിൽ നടക്കുമ്പോൾ, ഇവൾ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതിലടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്‌തു. അപ്പോൾ അവിടെ ഒളിച്ചിരുന്ന ഒരുയുവാവുവന്ന് ഇവളോടുകൂടെ ശയിച്ചു. ഞങ്ങൾ ഉദ്യാനത്തിൽ ഒരു കോണിലായിരുന്നു; ഈ ദുഷ്‌ടത കണ്ട്ഞങ്ങൾ ഓടിച്ചെന്നു. അവർ ആലിംഗനം ചെയ്യുന്നതു ഞങ്ങൾ കണ്ടു; അവൻ ഞങ്ങളെക്കാൾ ശക്തനായിരുന്നതിനാൽ, ഞങ്ങൾക്ക് അവനെ പിടിക്കാൻ കഴിഞ്ഞില്ല; അവൻ വാതിൽ തുറന്ന് ഓടിമറഞ്ഞു. അതുകൊണ്ട് ഞങ്ങൾ ഇവളെ പിടിച്ച്, അവൻ ആരാണെന്നു ചോദിച്ചു; അവൾ പറഞ്ഞില്ല. ഇതു ഞങ്ങൾ സാക്‌ഷ്യപ്പെടുത്തുന്നു. കൂടിയിരുന്നവർ അവരെ വിശ്വസിച്ചു; കാരണം, അവർ ജനത്തിന്റെ ശ്രേഷ്ഠൻമാരും ന്യായാധിപൻമാരുമായിരുന്നു: (അവർ അവളെ മരണത്തിനു വിധിച്ചു.

അപ്പോൾ സൂസന്ന അത്യുച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങൾ വിവേചിക്കുന്നവനേ, വസ്തുക്കൾ ഉണ്ടാകുന്നതിനു മുൻപുതന്നെ അവയെ അറിയുന്നവനേ, ഇവർ എനിക്കെതിരേ കള്ളസാക്‌ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നുവല്ലോ. ഞാനിതാ മരിക്കാൻ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാൻ ചെയ്തിട്ടില്ല. കർത്താവ് അവളുടെ നിലവിളി കേട്ടു. അവൾ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോൾ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്‌ധമായ ആത്മാവിനെ കർത്താവ് ഉണർത്തി. അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ഇവളുടെ രക്തത്തിൽ എനിക്കു പങ്കില്ല. ജനം അവൻ്റെ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്? അവരുടെ മധ്യേ നിന്നുകൊണ്ട് അവൻ പറഞ്ഞു: ഇസ്രായേൽമക്കളേ, നിങ്ങൾ ഇത്ര ഭോഷൻമാരാണോ? വിചാരണ നടത്താതെയും വസ്‌തുതകൾ ഗ്രഹിക്കാതെയും ഒരു ഇസ്രായേൽപുത്രിയെ നിങ്ങൾ ശിക്ഷയ്ക്കു വിധിക്കുന്നുവോ? വിചാരണ സ്‌ഥലത്തേക്കു മടങ്ങുവിൻ, കാരണം, ഈ മനുഷ്യർ ഇവൾക്കെതിരേ കള്ളസാക്‌ഷ്യം പറഞ്ഞിരിക്കുന്നു.

അവർ വേഗം മടങ്ങി. ശ്രേഷ്ഠൻമാർ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന് നിൻെറ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രേഷ്ഠസ്‌ഥാനം നല്‌കിയിട്ടുണ്ടല്ലോ. ദാനിയേൽ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്‌പരം ദൂരെ മാറ്റി നിർത്തുക: ഞാൻ അവരെ വിസ്‌തരിക്കാം. അവരെ തമ്മിൽ അകറ്റിനിർത്തിയിട്ട്, അവൻ അവരിൽ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്ട‌തയിൽ തഴക്കം നേടിയവനേ, നിൻ്റെ മുൻകാല പാപങ്ങൾ നിൻ്റെമേൽ പതിച്ചിരിക്കുന്നു. നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത് എന്ന് കർത്താവ് കല്‌പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കുവിധിച്ചു. തെറ്റു ചെയ്‌തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികൾ നീ പ്രസ്‌താവിച്ചു. എന്നാൽ, നീ അവളെ കണ്ടു എന്നത് സത്യമാണെങ്കിൽ ഞാൻ ചോദിക്കുന്നതിന് ഇപ്പോൾ ഉത്തരം പറയുക: ഏതു വ്യക്‌ഷത്തിന്റെ ചുവട്ടിലാണ് ആലിംഗനബദ്‌ധരായി അവരെ നീ കണ്ടത്? ഒരു കരയാമ്പൂ മരത്തിന്റെ ചുവട്ടിൽ- അവൻ മറുപടി പറഞ്ഞു. ദാനിയേൽ പറഞ്ഞു: കൊള്ളാം. നിൻെറ നുണ നിൻെറ തന്നെ തലയ്ക്ക തിരിഞ്ഞടിക്കും. ദൈവദൂതന്, ദൈവത്തിൽനിന്നു കല്പന ലഭിച്ചിരിക്കുന്നു. അവൻ ഉടനേ നിന്നെ രണ്ടായി പിളർന്നുകളയും.

അവനെ മാറ്റി നിർത്തിയിട്ട് അപരനെ കൊണ്ടു വരാൻ ദാനിയേൽ ആജ്‌ഞാപിച്ചു. ദാനിയേൽ അവനോടു പറഞ്ഞു: കാനാൻ സന്തതീ, നീ യൂദാഗോത്രത്തിൽപ്പെട്ടവനല്ല. സൗന്ദര്യം നിന്നെ വഞ്ചിക്കുകയും വിഷയാസക്‌തി നിൻ്റെ ഹ്യദയത്തെവഴിതെറ്റിക്കുകയും ചെയ്‌തിരിക്കുന്നു. ഇങ്ങനെയാണു നിങ്ങൾ ഇരുവരും ഇസ്രായേൽപുത്രിമാരോടു പെരുമാറിയത്. ഭയംമൂലം അവർ നിങ്ങളോടൊപ്പം ശയിച്ചു; പക്ഷേ, യൂദായുടെ ഒരു പുതി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല. എന്നാൽ, ഇപ്പോൾ എന്നോടു പറയുക, ഏതു വൃക്ഷത്തിന്റെ ചുവട്ടിൽ വച്ചാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? തഴച്ചുവളരുന്ന ഒരു കരുവേലകത്തിന്റെ ചുവട്ടിൽ-അവൻ മറുപടി നല്കി. ദാനിയേൽ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തലയ്ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിന് ദൈവദൂതൻ വാളുമായി കാത്തു നില്ക്കുന്നു; അവൻ നിങ്ങൾ ഇരുവരെയും നശിപ്പിക്കും.

അപ്പോൾ കൂടിയിരുന്നവർ അത്യുച്ചത്തിൽ അട്ടഹസിക്കുകയും തന്നിൽ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്‌തുതിക്കുകയും ചെയ്തു. അവർ ആ രണ്ടു ശ്രേഷ്‌ഠൻമാർക്കെതിരേ തിരിഞ്ഞു: എന്തെന്നാൽ, അവർ കള്ളസാക്ഷ്യം പറയുന്നെന്ന് അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേൽ തെളിയിച്ചു. തങ്ങളുടെ അയല്ക്കാരിക്ക് അവർ നല്‌കാൻ ദുഷ്‌ടതയോടെ തീരുമാനിച്ച ശിക്‌ഷ അവർക്കു നല്കി. മോശയുടെ നിയമമനുസരിച്ച് ജനം അവരെ വധിച്ചു. അങ്ങനെ നിഷ്‌കളങ്കയായ ഒരുവൾ അന്നു രക്ഷപെട്ടു.)

കർത്താവിന്റെ വചനം

പ്രതിവചന സങ്കീർത്തനം

മരണത്തിൻ്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‌ത്തകിടിയിൽ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉൻമേഷം നല്കുന്നു.

മരണത്തിൻ്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.

തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽവീണ താഴ്വ‌രയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ള തിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.

മരണത്തിൻ്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.

എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

മരണത്തിൻ്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.

അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിൻെറ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.

മരണത്തിൻ്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി

കർത്താവ് അരുൾചെയ്യുന്നു: ദുഷ്ട‌ൻ മരിക്കുന്നതിലല്ല, അവൻ ദുഷ്‌ടമാർഗത്തിൽനിന്ന് പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ. അങ്ങേക്കു സ്തുതി.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ)

അക്കാലത്ത്, യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലേ അവൻ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവൻ ഇരുന്ന് അവരെ പഠിപ്പിച്ചു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്‌ഞരും ഫരിസേയരും കൂടി അവന്റെ അടുക്കൽ കൊണ്ടുവന്ന് നടുവിൽ നിർത്തി. അവർ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കല്പ്‌പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? ഇത്, അവനിൽ കുറ്റമാരോപിക്കാൻ വേണ്ടി അവനെ പരീക്‌ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാൽ അവൻ നിവർന്ന് അവരോടു പറഞ്ഞു: നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ. അവൻ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ, ഇതുകേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തരായി സ്‌ഥലംവിട്ടു. ഒടുവിൽ യേശുവും നടുവിൽ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവർ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവൾ പറഞ്ഞു: ഇല്ല, കർത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.