Word of God

തപസ്സുകാലം : അഞ്ചാം ഞായർ വചനവായന

മാർച്ച് 22 ഞായർ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(എൻ്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും, നിങ്ങൾ ജീവിക്കും)

ദൈവമായ കർത്താവ് ഇപ്രകാരം അരുൾ ചെയ്യുന്നു. എന്റെ ജനമേ, ഞാൻ കല്ലറകൾ തുറന്ന് നിങ്ങളെ ഉയർത്തും, ഇസ്രായേൽദേശത്തേക്ക് ഞാൻ നിങ്ങളെ തിരിയെകൊണ്ടുവരും. എന്റെ ജനമേ, കല്ലറകൾതുറന്ന് നിങ്ങളെ ഞാൻ ഉയർത്തുമ്പോൾ ഞാനാണ് കർത്താവ് എന്ന് നിങ്ങൾ അറിയും. എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളെ നിങ്ങളുടെ സ്വന്തം ദേശത്ത് വസിപ്പിക്കും. കർത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവർത്തിച്ചതെന്നും അപ്പോൾ നിങ്ങൾ അറിയും. കർത്താവ് അരുൾ ചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്ഷനല്‌കുന്നു.

കർത്താവേ, അഗാധത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! ചെവിചായിച്ച് എന്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്ഷനല്‌കുന്നു.

കർത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാൽ ആർക്കു നിലനില്ക്കാനാവും? എന്നാൽ, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ട് ഞങ്ങൾ അങ്ങയുടെ മുൻപിൽ ഭയഭക്‌തികളോടെ നില്ക്കുന്നു.

കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്ഷനല്‌കുന്നു

ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്‌മാവു കർത്താവിനെ കാത്തിരിക്കുന്നു. അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ ആകാംക്‌ഷയോടെ ഞാൻ കർത്താവിനെ കാത്തിരിക്കുന്നു.

കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്ഷനല്‌കുന്നു.

പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ ആകാംക്‌ഷയോടെ ഇസ്രായേൽ കർത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാൽ, കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്ഷഷനല്‌കുന്നു. ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്ന് അവിടന്നു മോചിപ്പിക്കുന്നു.

കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്ഷനല്‌കുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവൻ്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു)

സഹോദരരേ, ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവത്തിന്റെ ആത്മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. എന്നാൽ, നിങ്ങളുടെ ശരീരം പാപംനിമിത്തം മൃതമാണെങ്കിലും ക്രിസ്തു നിങ്ങളിലുണ്ടെങ്കിൽ നിങ്ങളുടെ ആത്മാവ് നീതിനിമിത്തം ജീവനുള്ളതായിരിക്കും. യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, യേശുക്രിസ്‌തുവിനെ ഉയിർപ്പിച്ചവൻ നിങ്ങളുടെ മർത്ത്യശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവാൽ ജീവൻ പ്രദാനംചെയ്യും.

കർത്താവിന്റെ വചനം.

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി കർത്താവ് അരുൾചെയ്യുന്നു: ഞാനാണ് ഉത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. കർത്താ വായ യേശുക്രിസ്തു‌വേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്‌തുതി.
സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ ജീവനും ഉത്ഥാനവുമാകുന്നു)

അക്കാലത്ത്, ലാസർ എന്നു പേരുള്ള ഒരുവൻ രോഗബാധിതനായി. ഇവൻ മറിയത്തിന്റെയും അവളുടെ സഹോദരിയായ മർത്തായുടെയും ഗ്രാമമായ ബഥാനിയായിൽ നിന്നുള്ളവനായിരുന്നു. ഈ മറിയമാണ് സുഗന്‌ധതൈലംകൊണ്ടു കർത്താവിനെ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്‌തത്‌. ഇവളുടെ സഹോദരൻ ലാസറാണു രോഗബാധിതനായത് (‘കർത്താവേ, ഇതാ, അങ്ങു സ്നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു’ എന്നു പറയാൻ ആ സഹോദരിമാർ അവൻ അടുക്കലേക്ക് ആളയച്ചു. അതു കേട്ടപ്പോൾ യേശു പറഞ്ഞു: ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്ത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്. യേശു മർത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. എങ്കിലും, അവൻ രോഗിയായി എന്നു കേട്ടിട്ടും, യേശു താൻ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. അനന്തരം, അവൻ ശിഷ്യൻമാരോടു പറഞ്ഞു: നമുക്ക് വീണ്ടും യൂദയായിലേക്കു പോകാം). ശിഷ്യൻമാർ ചോദിച്ചു: ഗുരോ, യഹൂദർ ഇപ്പോൾത്തന്നെ നിന്നെ കല്ലെറിയാൻ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ? യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകൽ നടക്കുന്നവൻ കാൽതട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവൻ കാണുന്നു. രാത്രി നടക്കുന്നവൻ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല. അവൻ തുടർന്നു: നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്. അവനെ ഉണർത്താൻ ഞാൻ പോകുന്നു. ശിഷ്യൻമാർ പറഞ്ഞു: കർത്താവേ, ഉറങ്ങുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും. യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാൽ, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവൻ പറഞ്ഞതെന്ന് അവർ വിചാരിച്ചു. അപ്പോൾ യേശു വ്യക്‌തമായി അവരോടു പറഞ്ഞു: ലാസർ മരിച്ചുപോയി. നിങ്ങൾ വിശ്വസിക്കേണ്ടതിന്, ഞാൻ അവിടെ ഇല്ലാഞ്ഞതിൽ നിങ്ങളെപ്രതി ഞാൻ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം. ദീദിമോസ് എന്ന തോമസ് അപ്പോൾ മറ്റു ശിഷ്യൻമാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം.

(ലാസർ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന് യേശു അവിടെയെത്തിയപ്പോൾ അറിഞ്ഞു). ബഥാനിയാ ജറുസലെമിന് അടുത്ത് ഏകദേശം പതിനഞ്ചു സ്‌താദിയോൺ ദൂരത്തായിരുന്നു. അനേകം യഹൂദർ മർത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാൻ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാൽ, മറിയം വീട്ടിൽത്തന്നെ ഇരുന്നു. മർത്താ യേശുവിനോടു പറഞ്ഞു: കർത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എന്നാൽ, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിൻെറ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും. മർത്താ പറഞ്ഞു: അന്ത്യദിനത്തിലെ ഉത്‌ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് ഉത്‌ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവൾ പറഞ്ഞു: ഉവ്വ്, കർത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാൻ വിശ്വസിക്കുന്നു).

ഇതു പറഞ്ഞിട്ട് അവൾ പോയി തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു. ഇതു കേട്ടയുടനേ അവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്കു ചെന്നു. യേശു അപ്പോഴും ഗ്രാമത്തിൽ പ്രവേശിച്ചിട്ടില്ലായിരുന്നു. മർത്താ കണ്ട സ്‌ഥലത്തുതന്നെ അവൻ നില്ക്കുകയായിരുന്നു. മറിയം തിടുകത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടിൽ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദർ അവളെ അനുഗമിച്ചു. അവൾ ശവകുടീരത്തിങ്കൽ കരയാൻ പോവുകയാണെന്ന് അവർ വിചാരിച്ചു. മറിയം യേശു നിന്നിരുന്നിടത്തുവന്ന്, അവനെക്കണ്ടപ്പോൾ കാല്ക്കൽ വീണു പറഞ്ഞു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുമായിരുന്നില്ല. അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ നെടുവീർപ്പിട്ടുകൊണ്ട് അസ്വസ്‌ഥനായി ചോദിച്ചു: അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? അവർ അവനോടു പറഞ്ഞു: കർത്താവേ, വന്നു കാണുക. യേശു കണ്ണീർ പൊഴിച്ചു. അപ്പോൾ യഹൂദർ പറഞ്ഞു: നോക്കു, അവൻ എത്രമാത്രം അവനെ സ്നേഹിച്ചിരുന്നു! എന്നാൽ അവരിൽ ചിലർ പറഞ്ഞു: അന്‌ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?

യേശു വീണ്ടും നെടുവീർപ്പിട്ടുകൊണ്ട് ശവകുടീരത്തിങ്കൽ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിൻമേൽ ഒരു കല്ലുംവച്ചിരുന്നു. യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിൻ. മരിച്ചയാളുടെ സഹോദരിയായ മർത്താ പറഞ്ഞു: കർത്താവേ, ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും. ഇത് നാലാംദിവസമാണ്. യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാൽ നീ ദൈവമഹത്ത്വം ദർശിക്കുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലേ? അവർ കല്ലെടുത്തു മാറ്റി യേശു കണ്ണുയർത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാർഥന ശ്രവിച്ചതിനാൽ ഞാൻ അങ്ങേക്കു നന്ദിപറയുന്നു. അങ്ങ് എന്റെ പ്രാർഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാൽ, എന്നെ അയച്ചത് അവിടന്നാണെന്ന് ചുറ്റും നില്ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്. ഇതു പറഞ്ഞിട്ട് അവൻ ഉച്ചത്തിൽ പറഞ്ഞു: ലാസറേ, പുറത്തു വരുക. അപ്പോൾ മരിച്ചവൻ പുറത്തു വന്നു. അവൻെറ കൈകാലുകൾ നാടകൾകൊണ്ട് ബന്‌ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണംചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവൻെറ കെട്ടുകളഴിക്കുവിൻ. അവൻ പോകട്ടെ. മറിയത്തിന്റെ അടുക്കൽ വന്നിരുന്ന യഹൂദരിൽ വളരെപ്പേർ അവൻ പ്രവർത്തിച്ചതു കണ്ട് അവനിൽ വിശ്വസിച്ചു).

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.