Word of God

തപസ്സുകാലം നാലാം വാരം മാർച്ച് 21 വചന വായന

മാർച്ച് 21 ശനി

ഒന്നാം വായന

ജറെമിയാപ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാൻ)

കർത്താവ് ഇതെനിക്കു വെളിപ്പെടുത്തി. അങ്ങനെ ഞാൻ അറിയാനിടയായി. അവിടന്ന് അവരുടെ ദുഷ്കൃത്യങ്ങൾ എനിക്കു കാണിച്ചുതന്നു. എന്നാൽ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാൻ. ഫലത്തോടു കൂടെത്തന്നെ വൃക്ഷത്തെ നമുക്കു നശിപ്പിക്കാം; ജീവിക്കുന്ന വരുടെ നാട്ടിൽനിന്നു നമുക്കവനെ പിഴുതെറിയാം; അവന്റെ പേര് ഇനിമേൽ ആരും ഓർമിക്കരുത് എന്നുപറഞ്ഞ് അവർ ഗൂഢാലോചന നടത്തിയത് എനിക്കെതിരേയാണെന്നു ഞാൻ അറിഞ്ഞില്ല. നീതിയായി വിധിക്കുന്നവനും ഹ്യദയവും മനസ്സും പരിശോധിക്കുന്നവനുമായ സൈന്യങ്ങളുടെ കർത്താവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം കാണാൻ എന്നെ അനുവദിക്കണമേ; അവിടന്നാണല്ലോ എന്റെ ആശ്രയം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എൻ്റെ ദൈവമായ കർത്താവേ, അങ്ങിൽ ഞാൻ അഭയം തേടുന്നു

എൻെറ ദൈവമായ കർത്താവേ. അങ്ങിൽ ഞാൻ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലുംനിന്ന് എന്നെ രക്ഷിക്കേണമേ , മോചിപ്പിക്കണമേ! അല്ലെങ്കിൽ, സിംഹത്തെപ്പോലെ അവർ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.

എൻ്റെ ദൈവമായ കർത്താവേ, അങ്ങിൽ ഞാൻ അഭയം തേടുന്നു

കർത്താവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ! നീതിമാനായ ദൈവമേ, മനസ്‌സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ട‌രുടെ തിൻമയ്ക്ക് അറുതിവരുത്തുകയും നീതിമാൻ മാർക്കു പ്രതിഷ്‌ഠനല്‌കുകയും ചെയ്യണമേ!

എൻ്റെ ദൈവമായ കർത്താവേ, അങ്ങിൽ ഞാൻ അഭയം തേടുന്നു

ഹൃദയനിഷ്‌കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച. ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടന്ന് ദിനംപ്രതി രോഷംകൊള്ളുന്ന ദൈവമാണ്.

എൻ്റെ ദൈവമായ കർത്താവേ, അങ്ങിൽ ഞാൻ അഭയം തേടുന്നു

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേക്കു മഹത്ത്വം.

വചനം കേട്ട്, ഉത്കൃഷ്ടവും നിർമലവു മായ ഹൃദയത്തിൽ അതു സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടു വിക്കുന്നവർ ഭാഗ്യവാൻമാർ.

കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേക്കു മഹത്ത്വം.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ക്രിസ്തു ഗലീലിയിൽനിന്നാണോ വരുക?)

അക്കാലത്ത്, യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ, ഇവൻ യഥാർഥത്തിൽ പ്രവാചകനാണ് എന്നു ചിലർ പറഞ്ഞു. മറ്റു ചിലർ പറഞ്ഞു: ഇവൻ ക്രിസ്‌തുവാണ്. എന്നാൽ, വേറെ ചിലർ ചോദിച്ചു: ക്രിസ്തു ഗലീലിയിൽനിന്നാണോ വരുക? ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയിൽനിന്നാണെന്നും ദാവീദിൻ്റ ഗ്രാമമായ ബേലെഹെമിൽനിന്ന് അവൻ വരുമെന്നുമല്ലേ വിശുദ്ധലിഖിതം പറയുന്നത്? അങ്ങനെ അവനെക്കുറിച്ചു ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടായി. ചിലർ അവനെ ബന്ധിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ആരും അവന്റെ മേൽ കൈവച്ചില്ല. സേവകൻമാർ തിരിച്ചുചെന്നപ്പോൾ പുരോഹിതപ്രമുഖൻമാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത്? അവർ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. അപ്പോൾ ഫരിസേയർ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ? അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്. മുമ്പൊരിക്കൽ യേശുവിന്റെ അടുക്കൽ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോൾ അവരോടു ചോദിച്ചു: ഒരുവനു പറയാനുള്ളത് ആദ്യം കേൾക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാൻ നമ്മുടെനിയമം അനുവദിക്കുന്നുണ്ടോ? അവർ മറുപടി പറഞ്ഞു: നീയും ഗലീലിയിൽനിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയിൽനിന്നു വരുന്നില്ല എന്ന് അപ്പോൾ മനസ്‌സിലാകും. ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.