മാർച്ച് 20 വെള്ളി
ഒന്നാം വായന
ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന്
(അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം)
അധർമികൾ മിഥ്യാസങ്കല്പത്തിൽ മുഴുകി; നീതിമാനെ നമുക്കു പതിയിരുന്ന് ആക്രമിക്കാം; അവൻ നമുക്കു ശല്യമാണ്; അവൻ നമ്മുടെ പ്രവൃത്തികളെ എതിർക്കുന്നു, നിയമം ലംഘിക്കുന്നതിനെയും ശിക്‌ഷണവിരുദ്‌ധമായി പ്രവർത്തിക്കുന്നതിനെയും കുറിച്ച് അവൻ നമ്മെ ശാസിക്കുന്നു. തനിക്കു ദൈവിക ജ്‌ഞാനമുണ്ടെന്നും താൻ കർത്താവിന്റെ പുത്രനാണെന്നും അവൻ പ്രഖ്യാപിക്കുന്നു. അവൻ നമ്മുടെ ചിന്തകളെ കുറ്റം വിധിക്കുന്നു. അവനെ കാണുന്നതുതന്നെ നമുക്കു ദുസ്സഹമാണ്. അവന്റെ ജീവിതം നമ്മുടേതിൽനിന്നു വ്യത്യസ്തമാണ്; മാർഗങ്ങൾ അസാധാരണവും. അവൻ നമ്മെ അധമരായി കരുതുന്നു. നമ്മുടെ മാർഗങ്ങൾ അശുദ്‌ധമെന്നപോലെ അവൻ അവയിൽ നിന്നൊഴിഞ്ഞുമാറുന്നു. നീതിമാന്റെ മരണം അനുഗഹീതമെന്ന് അവൻ വാഴ്ത്തുന്നു; ദൈവം തൻ്റെ പിതാവാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. അവൻെറ വാക്കുകൾ സത്യമാണോ എന്നു പരീക്‌ഷിക്കാം; അവൻ മരിക്കുമ്പോൾ എന്തുസംഭവിക്കുമെന്നു നോക്കാം. നീതിമാൻ ദൈവത്തിന്റെ പുത്രനാണെങ്കിൽ അവിടന്ന് അവനെ തുണയ്ക്കും, ശത്രുകരങ്ങളിൽ നിന്ന് മോചിപ്പിക്കും. നിഗ്ദനവും പീഡനവുംകൊണ്ട് അവന്റെ സൗമശീലവും ക്ഷമയും നമുക്കു പരീക്ഷിക്കാം. അവനെ ലജ്ജാകരമായ മരണത്തിനു വിധിക്കാം. അവന്റെ വാക്കു ശരിയെങ്കിൽ അവൻ രക്ഷിക്കപ്പെടുമല്ലോ. അവർ ഇങ്ങനെ ചിന്തിച്ചു. എന്നാൽ, അവർക്കു തെറ്റുപറ്റി. ദുഷ്ടത അവരെ അന്‌ധരാക്കി. ദൈവത്തിന്റെ നിഗൂഢലക്‌ഷ്യങ്ങൾ അവർ അറിഞ്ഞില്ല, വിശുദ്‌ധിയുടെ പ്രതിഫലം പ്രതീക്‌ഷിച്ചില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്ഥനാണ്.
ദുഷ്കർമികളുടെ ഓർമ ഭൂമിയിൽനിന്നു വിച്‌ഛേദിക്കാൻ കർത്താവ് അവർക്കെതിരേ മുഖം തിരിക്കുന്നു. നീതിമാൻമാർ സഹായത്തിനു നിലവിളിക്കുമ്പോൾ കർത്താവു കേൾക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്ഥനാണ്.
ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്‌ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്‌ഷിക്കുന്നു. നീതിമാൻ ക്ളേശങ്ങൾ അസംഖ്യമാണ്, അവയിൽനിന്നെല്ലാം കർത്താവ് അവനെ മോചിപ്പിക്കുന്നു.
ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്ഥനാണ്.
അവന്റെ അസ്ഥികൾ കർത്താവു കാത്തുസൂക്‌ഷിക്കുന്നു; അവയിലൊന്നുപോലും തകർക്കപ്പെടുകയില്ല. കർത്താവുതന്റെ ദാസരുടെ ജീവൻ രക്ഷിക്കുന്നു. അവിടത്തെ ശരണം പ്രാപിക്കുന്നവർ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല
ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്ഥനാണ്.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിൻ്റെ വചനമേ, അങ്ങേക്കു മഹത്ത്വം.
മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടു മാണു ജീവിക്കുന്നത്.
കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേക്കു മഹത്ത്വം.
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവനെ ബന്ധിക്കാൻ അവർ ശ്രമിച്ചു. എന്നാൽ ആർക്കും അവനെ പിടിക്കാൻ കഴിഞ്ഞില്ല. അവൻ്റെ സമയം ഇനിയും വന്നിരുന്നില്ല)
അക്കാലത്ത്, യേശു ഗലീലിയിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദർ അവനെ വധിക്കാൻ അവസരം പാർത്തിരുന്നതിനാൽ യൂദയായിൽ സഞ്ചരിക്കാൻ അവൻ ഇഷ്‌ടപ്പെട്ടില്ല. യഹൂദരുടെ കൂടാരത്തിരുനാൾ സമീപിച്ചിരുന്നു. എന്നാൽ, അവന്റെ സഹോദരൻമാർ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.
ജറുസലേംനിവാസികളിൽ ചിലർ പറഞ്ഞു: ഇവനെയല്ലേ, അവർ കൊല്ലാൻ അന്വേഷിക്കുന്നത്? എന്നാൽ ഇതാ, ഇവൻ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവർ ഇവനോട് ഒന്നും പറയുന്നില്ല. ഇവൻതന്നെയാണു ക്രിസ്‌തുവെന്ന്, ഒരുപക്ഷേ അധികാരികൾ യഥാർഥത്തിൽ അറിഞ്ഞിരിക്കുമോ? ഇവൻ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാൽ, ക്രിസ്‌തു വരുമ്പോൾ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ. ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യേശു ഉച്ചത്തിൽ പറഞ്ഞു: ഞാൻ ആരാണെന്നും എവിടെനിന്നു വരുന്നു വെന്നും നിങ്ങൾക്കറിയാം. എന്നാൽ ഞാൻ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവൻ സത്യവാനാണ്. അവിടത്തെ നിങ്ങൾക്ക് അറിഞ്ഞുകൂടാ. എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാൽ, ഞാൻ അവിടത്തെ അടുക്കൽനിന്നു വരുന്നു. അവിടന്നാണ് എന്നെ അയച്ചത്. അവനെ ബന്ധിക്കാൻ അവർ ശ്രമിച്ചു; എന്നാൽ ആർക്കും അവനെ പിടിക്കാൻ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.




