Word of God

പരിശുദ്ധ കന്യക മറിയത്തിന്റെ ഭർത്താവായ വി. യൗസേപ്പിന്റെ തിരുനാൾ

മാർച്ച് 19 വ്യാഴം

ഒന്നാം വായന

സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന്

(ദൈവമായ കർത്താവ്, പിതാവായ ദാവീദിൻ്റെ സിംഹാസനം അവനു നല്‌കും)

അക്കാലത്ത് കർത്താവ് നാഥാനോട് അരുൾ ചെയ്തു: എന്റെ ദാസനായ ദാവീദിനോടു പറയുക: കർത്താവ് അരുൾചെയ്യുന്നു, എനിക്കു വസിക്കാൻ നീ ആലയം പണിയുമോ? ദിനങ്ങൾ തികഞ്ഞ് നീ പൂർവികരോടു ചേരുമ്പോൾ നിന്റെ ഔരസപുത്രനെ ഞാൻ ഉയർത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവൻ എനിക്ക് ആലയം പണിയും; അവന്റെ രാജ സിംഹാസനം ഞാൻ എന്നേക്കും സ്‌ഥിരപ്പെടുത്തും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനുമായിരിക്കും. നിന്റെ കുടുംബവും രാജത്വവും എന്റെ മുൻപിൽ സ്‌ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്ക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

അയാളുടെ വംശം എന്നേക്കും നിലനില്ക്കും.

കർത്താവേ, ഞാൻ എന്നും അങ്ങയുടെകാരുണ്യം പ്രകീർത്തിക്കും;എന്റെ അധരങ്ങൾ തലമുറകളോട് അങ്ങയുടെ
വിശ്വസ്തത പ്രഘോഷിക്കും.എന്തെന്നാൽ, അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.

അയാളുടെ വംശം എന്നേക്കും നിലനില്ക്കും.

അവിടന്ന് അരുൾ ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാൻ ശപഥം ചെയ്തു. നിന്റെ സന്തതിയെ എന്നേക്കുമായി ഞാൻ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാൻ നിലനിറുത്തും.

അയാളുടെ വംശം എന്നേക്കും നിലനില്ക്കും.

അവൻ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും എന്റെ ക്ഷാശിലയും അവിടന്നാണ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കും. എന്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും; അവനോടുള്ള എൻെറ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും.

അയാളുടെ വംശം എന്നേക്കും നിലനില്ക്കും.

രണ്ടാം വായന

പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(പ്രത്യാശയ്ക്ക് ഒരു കാരണവുമില്ലാതിരുന്നപ്പോൾ അവൻ വിശ്വസിച്ചു)

സഹോദരരേ, ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്. അതിനാൽ, വാഗ്ദാനം നല്‌കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്‌ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനുംഅങ്ങനെ അബ്രാഹത്തിൻ്റെ എല്ലാ സന്തതിക്കും – നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തിൽ പങ്കുചേരുന്ന സന്തതിക്കും – ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവൻ നമ്മളെല്ലാവരുടെയും പിതാവാണ്. “ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവർക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്‌തിത്വവും നല്‌കുന്നവൻ മുമ്പിൽ, അവൻ വിശ്വാസമർപ്പിച്ച ദൈവത്തിന്റെ സന്നിധിയിൽ, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച്, താൻ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്‌ഷയോടെ അവൻ വിശ്വസിച്ചു. അതു കൊണ്ടാണ് അവൻെറ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.

കർത്താവിന്റെ വചനം.

അല്ലേലുയാ !

അല്ലേലൂയാ! കർത്താവേ, എന്നേക്കും അങ്ങയെ സ്‌തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ദൈവദൂതൻ കല്പിച്ചതുപോലെ ജോസഫ് പ്രവർത്തിച്ചു)

യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു. യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്‌ചയം കഴിഞ്ഞിരിക്കേ, അവർ സഹ വസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്‌ധാത്‌മാവാൽ ഗർഭിണിനായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കേ, കർത്താവിൻെറ ദൂതൻ സ്വ‌പ്നത്തിൽ പ്രത്യക്‌ഷപ്പെട്ട് അവനോടു പറഞ്ഞു. ദാവീദിൻ്റ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവിൽനിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും. ജോസഫ് നിദ്രയിൽനിന്ന് ഉണർന്ന്, കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെപ്രവർത്തിച്ചു.

അല്ലെങ്കിൽ

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു)

യേശുവിന്റെ മാതാപിതാക്കൻമാർ ആണ്ടുതോറും പെസഹാതിരുനാളിന് ജറുസലേമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ, പതിവനുസരിച്ച് അവർ തിരുനാളിനു പോയി. തിരുനാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലേമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാസംഘത്തിന്റെ കൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്‌ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലേമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായൻമാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോൾ മാതാപിതാക്കന്മാർ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്‌തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്കു വിധേയനായി ജീവിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.