മാർച്ച് 17 ചൊവ്വ
ഒന്നാം വായന
എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(ദേവാലയത്തിൽനിന്ന് ജലം ഒഴുകുന്നതു ഞാൻ കണ്ടു. ഈ ജലം ആരുടെ പക്കൽ ചെന്നെത്തുമോ, അവരെല്ലാവരും രക്ഷപ്രാപിക്കും)
അക്കാലത്ത്, ദൈവദൂതൻ എന്നെ ദേവാലയവാതില്ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയിൽ നിന്ന് കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയിൽ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവൻ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്ക് പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു. കൈയിൽ ചരടുമായി അവൻ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാൽവരെ വെള്ളമുണ്ടായിരുന്നു. പിന്നെയും അവൻ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവൻ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു.പിന്നെയും അവൻ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാൻ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയർന്നിരുന്നു. നീന്താൻ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന്-നടന്ന് അക്കരപറ്റാൻ വയ്യാത്ത ഒരു നദി. അവൻ എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടോ? പിന്നെ അവൻ എന്നെ നദീതീരത്തൂടെ തിരിച്ചുകൊണ്ടുവന്നു. ഞാൻ തിരിച്ചുപോന്നപ്പോൾ നദിയുടെ ഇരുകരയിലും വളരെയധികം വൃക്ഷങ്ങൾ കണ്ടു. അവൻ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കൻ പ്രദേശങ്ങളിലേക്കൊഴുകി അറാബായിൽ ചേരുമ്പോൾ കെട്ടിക്കിടക്കുന്ന കടലിൽ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങൾ പറ്റം ചേർന്നു ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ടൊഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവൻ നിറഞ്ഞുനില്ക്കും. നദിയുടെ ഇരു കരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകൾ വാടിക്കൊഴിയുകയോ അവ ഫലം നല്കാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തൻഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശമനത്തിനും ഉപകരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സൈന്യങ്ങളുടെ കർത്താവ് നമ്മോടുകൂടെയുണ്ട്. യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.
ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളിൽ അവിടന്ന് സുനിശ്ചിതമായ തുണയാണ്. ഭൂമി ഇളകിയാലും, പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
സൈന്യങ്ങളുടെ കർത്താവ് നമ്മോടുകൂടെയുണ്ട്. യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.
ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്. ആ നഗരത്തിൽ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലേ ദൈവം അതിനെ സഹായിക്കും.
സൈന്യങ്ങളുടെ കർത്താവ് നമ്മോടുകൂടെയുണ്ട്. യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.
സൈന്യങ്ങളുടെ കർത്താവു നമ്മോടുകൂടെയുണ്ട്; യാക്കോബിൻെറ ദൈവമാണു നമ്മുടെ അഭയം. വരുവിൻ, കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ; അവിടന്ന് ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിൻ.
സൈന്യങ്ങളുടെ കർത്താവ് നമ്മോടുകൂടെയുണ്ട്. യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, ദൈവത്തന്റെ വചനമേ, അങ്ങേക്കു മഹത്ത്വം.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
കർത്താവായ യേശുക്രിസ്തുവേ, ദൈവത്തൻ്റെ വചനമേ, അങ്ങേക്കു മഹത്ത്വം.
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കെയെടുത്തു നടന്നു)
അക്കാലത്ത്, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലേമിലേക്കു പോയി. ജറുസലേമിൽ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയിൽ ബേത്സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചുമൺഡപങ്ങളും. മുപ്പത്തെട്ടു വർഷമായി രോഗിയായിരുന്ന ഒരുവൻ അവിടെയുണ്ടായിരുന്നു. അവൻ അവിടെ കിടക്കുന്നത് യേശു കണ്ടു. അവൻ വളരെ നാളായി കിടപ്പിലാണെന്നറിഞ്ഞ് യേശു ചോദിച്ചു; സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? അവൻ പറഞ്ഞു: കർത്താവേ, വെള്ളമിളകുമ്പോൾ എന്നെ കുളത്തിലേക്കിറക്കാൻ ആരുമില്ല. ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവൻ വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞിരിക്കും. യേശു അവനോടു പറഞ്ഞു: എഴുന്നേറ്റ്കിടക്കയെടുത്തു നടക്കുക. അവൻ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു.
അന്ന് സാബത്ത് ആയിരുന്നു. അതിനാൽ, സുഖം പ്രാപിച്ച ആ മനുഷ്യനോട് യഹൂദർ പറഞ്ഞു: ഇന്നു സാബത്താകയാൽ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്. അവൻ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവൻ നിൻ്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവൻ ആരാണ്? അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിൽ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാൽ അവൻ ആരാണെന്ന് സുഖം പ്രാപിച്ചവൻ അറിഞ്ഞിരുന്നില്ല. പിന്നീട് യേശു ദേവാലയത്തിൽവച്ച് അവനെ കണ്ടപ്പോൾ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്. അവൻ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അറിയിച്ചു. സാബത്തിൽ ഇപ്രകാരം പ്രവർത്തിച്ചതിനാൽ യഹൂദർ യേശുവിനെ ദ്വേഷിച്ചു.



