മാർച്ച് 16 തിങ്കൾ
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേൾക്കുകയില്ല.
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ട്ടിക്കുന്നു. പൂർവ കാര്യങ്ങൾ അനുസ്മരിക്കുകയോ അവ മനസ്സിൽ വരുകയോ ഇല്ല. ഞാൻ സൃഷ്ടടിക്കുന്നവയിൽ നിങ്ങൾ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിൻ, ജറുസലേമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്ളാദമായും ഞാൻ സൃഷ്ടിക്കുന്നു. ജറുസലേമിനെക്കുറിച്ചു ഞാൻ ആനന്ദിക്കും: എന്റെ ജനത്തിൽ ഞാൻ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേൾക്കുകയില്ല. ശിശുക്കളോ ആയുസ്സു തികയ്ക്കാത്ത വൃദ്ധരോ ഇനി അവിടെ മരിക്കുകയില്ല. നൂറാം വയസ്സിൽ മരിച്ചാൽ അത് ശിശുമരണമായി കണക്കാക്കും. നൂറു തികയുന്നതിനു മുൻപുള്ള മരണം ശാപലക്ഷണമായി പരിഗണിക്കും. അവർ ഭവനങ്ങൾ പണിത് വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങൾ വച്ചുപിടിപ്പിച്ച് അവയുടെ ഫലം ഭക്ഷിക്കും.
കർത്താവിന്റെ വചനം
പ്രതിവചന സങ്കീർത്തനം
കർത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടന്ന് എന്നെ രക്ഷിച്ചു.
കർത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടന്ന് എന്നെ രക്ഷിച്ചു. എന്റെ ശത്രു എന്റെമേൽ വിജയമാഘോഷിക്കാൻ ഇടയാക്കിയില്ല. കർത്താവേ, അവിടന്ന് എന്നെ പാതാളത്തിൽ നിന്നു കരകയറ്റി
കർത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടന്ന് എന്നെ രക്ഷിച്ചു.
കർത്താവിന്റെ വിശുദ്ധരേ, അവിടത്തെ പാടിപ്പുകഴ്ത്തുവിൻ അവിടത്തെ പരിശുദ്ധനാമത്തിന് കൃതജ്ഞതയർപ്പിക്കുവിൻ എന്തെന്നാൽ, അവിടത്തെകോപം നിമിഷനേരത്തേക്കേ ഉള്ളൂ. അവിടത്തെ പ്രസാദം ആജീവനാന്തം നിലനില്ക്കുന്നു. രാത്രിയിൽ വിലാപമുണ്ടായേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി.
കർത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടന്ന് എന്നെ രക്ഷിച്ചു.
കർത്താവേ, എന്റെ യാചനകേട്ട് എന്നോടു കരുണതോന്നണമേ! കർത്താവേ, അവിടന്ന് എന്നെ സഹായിക്കണമേ! അവിടന്ന് എന്റെ വിലാപം ആനന്ദനൃത്തമാക്കി മാറ്റി. ദൈവമായ കർത്താവേ, ഞാനങ്ങേക്ക് എന്നും നന്ദിപറയും.
കർത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടന്ന് എന്നെ രക്ഷിച്ചു.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, ദൈവത്തിൻ്റെ വചന അങ്ങേക്കു മഹത്ത്വം.
തിന്മയല്ല, നന്മ അന്വേഷിക്കുവിൻ; നിങ്ങൾ ജീവിക്കും. അപ്പോൾ സൈന്യങ്ങളുടെ ദൈവമായ കർത്താവി നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
കർത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ വചനമേ. അങ്ങേക്കു മഹത്ത്വം.
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(പൊയ്ക്കൊള്ളുക, നിൻ്റെ മകൻ ജീവിക്കും)
അക്കാലത്ത്, സമരിയായിൽനിന്ന് യേശു ഗലീലിയിലേക്കു പോയി. പ്രവാചകൻ സ്വന്തം നാട്ടിൽ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. അവൻ ഗലീലിയിൽ വന്നപ്പോൾ ഗലീലിയാക്കാർ അവനെ സ്വാഗതം ചെയ്തു. എന്തെന്നാൽ, തിരുനാളിൽ അവൻ ജറുസലേമിൽ ചെയ്ത കാര്യങ്ങൾ അവർ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു. അവൻ വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് അവൻ വെള്ളം വീഞ്ഞാക്കിയത്. കഫർണാമിൽ ഒരു രാജസേവകൻ ഉണ്ടായിരുന്നു. അവന്റെ മകൻ രോഗബാധിതനായിരുന്നു. യേശു യൂദയായിൽ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോൾ അവൻ ചെന്ന് തന്റെ ആസന്നമരണനായ മകനെ വന്നുസുഖപ്പെടുത്തണമെന്ന് അവനോട് അപേക്ഷിച്ചു. അപ്പോൾ യേശു പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ. അപ്പോൾ, ആ രാജസേവകൻ അവനോട് അപേക്ഷിച്ചു: കർത്താവേ, എന്റെ മകൻ മരിക്കുംമുമ്പ് വരണമേ! യേശു പറഞ്ഞു: പൊയ്ക്കൊള്ളുക. നിൻ്റെ മകൻ ജീവിക്കും. യേശു പറഞ്ഞവചനം വിശ്വസിച്ച് അവൻ പോയി. പോകുംവഴി മകൻ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാർത്തയുമായി ഭൃത്യൻമാർ എതിരേ വന്നു. ഏതു സമയത്താണ് അവന്റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവൻ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറിൽ പനിവിട്ടുമാറി എന്ന് അവർ പറഞ്ഞു. നിൻ്റെ മകൻ ജീവിക്കും എന്ന് യേശു പറഞ്ഞത് ആ മണിക്കൂറിൽത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും വിശ്വസിച്ചു. ഇത് യൂദയായിൽനിന്ന് ഗലീലിയിലേക്കു വന്നപ്പോൾ, യേശു പ്രവർത്തിച്ച രണ്ടാമത്തെ അടയാളമാണ്.



