Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 13 വചന വായന

മാർച്ച് 13 വെള്ളി

ഒന്നാം വായന

ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ, എന്ന് ഒരിക്കലും വിളിക്കുകയില്ല)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇസ്രായേൽ, നിന്റെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങൾ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റു പറഞ്ഞ് കർത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടത്തോടു പറയുക: അകൃത്യങ്ങൾ അകറ്റണമേ, നൻമയായത് അവിടന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസ്‌സീറിയായ്ക്ക് ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാൻ ഞങ്ങൾ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ, എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥർ അങ്ങിൽ കാരുണ്യം കണ്ടെത്തുന്നു.

ഞാൻ അവരുടെ അവിശ്വസ്‌തതയുടെ മുറിവ് ഉണക്കും. ഞാൻ അവരുടെമേൽ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാൻ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവൻ പുഷ്പിക്കും. ഇലവുപോലെ അവൻ വേരുറപ്പിക്കും. അവന്റെ ശാഖകൾ പടർന്നു പന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും ലബനോൻെറ പരിമളവും ഉണ്ടായിരിക്കും. അവർ തിരിച്ചുവന്ന് എന്റെ തണലിൽ വസിക്കും. പൂന്തോട്ടംപോലെ അവർ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരം പോലെയാണ് ഞാൻ. നിനക്കു ഫലം തരുന്നത് ഞാനാണ്. ജ്ഞാനമുള്ളവൻ ഇക്കാര്യങ്ങൾ മനസ്‌സിലാക്കട്ടെ! വിവേകമുള്ളവൻ ഇക്കാര്യങ്ങൾ അറിയട്ടെ! കർത്താവിന്റെ വഴികൾ ഋജുവാണ്. നീതിമാൻമാർ അതിലൂടെ ചരിക്കുന്നു. പാപികൾ അവയിൽ കാലിടറി വീഴുന്നു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്; ഇസ്രായേലേ, നീ എൻ്റെ വാക്കു കേട്ടിരുന്നെങ്കിൽ!

അപരിചിതമായ ഒരു ശബ്ദം ഞാൻ കേൾക്കുന്നു: ഞാൻ നിൻെറ തോളിൽ നിന്നു ഭാരം ഇറക്കിവച്ചു; നിൻ്റെ കൈകൾ കുട്ടയിൽ നിന്നു വിടുവിച്ചു. കഷ്‌ടകാലത്ത് നീ വിളിച്ചപേക്‌ഷിച്ചു; ഞാൻ നിന്നെ മോചിപ്പിച്ചു.

നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്; ഇസ്രായേലേ, നീ എൻ്റെ വാക്കു കേട്ടിരുന്നെങ്കിൽ!

അദ്യശ്യനായി ഇടിമുഴക്കത്തിലൂടെ നിനക്ക് ഉത്തരമരുളി; മെറീബാ ജലാശയത്തിനരികേവച്ച് ഞാൻ നിന്നെ പരീക്ഷിച്ചു. എന്റെ ജനമേ, ഞാൻ മുന്നറിയിപ്പുനല്‌കുമ്പോൾ ശ്രദ്‌ധിച്ചു കേൾക്കുക; ഇസ്രായേലേ, നീ എന്റെ വാക്കു കേട്ടിരുന്നെങ്കിൽ!

നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്; ഇസ്രായേലേ, നീ എൻ്റെ വാക്കു കേട്ടിരുന്നെങ്കിൽ

നിങ്ങളുടെയിടയിൽ അന്യദൈവമുണ്ടാകരുത്; ഒരന്യദൈവത്തെയും നീ വണങ്ങരുത്. ഈജിപ്‌തു ദേശത്തുനിന്ന് നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്.

നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്; ഇസ്രായേലേ, നീ എൻ്റെ വാക്കു കേട്ടിരുന്നെങ്കിൽ!

എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കിൽ, ഇസ്രായേൽ എന്റെ മാർഗത്തിൽ ചരിച്ചിരുന്നെങ്കിൽ, ഞാൻ മേല്‌ത്തരം ഗോതമ്പുകൊണ്ടു നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു; പാറയിൽ നിന്നുള്ള തേൻകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു.

നിന്നെ മോചിപ്പിച്ച ദൈവമായ കർത്താവു ഞാനാണ്; ഇസ്രായേലേ, നീ എൻ്റെ വാക്കു കേട്ടിരുന്നെങ്കിൽ!

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തിയും.

കർത്താവ് അരുൾചെയ്യുന്നു: മാനസാന്തരപ്പെ ടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തുതിയും.

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ് )

അക്കാലത്ത്, നിയമജ്‌ഞരിലൊരുവൻ മുന്നോട്ടുവന്ന് യേശുവിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‌പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‌പന: ഇസ്രായേലേ, കേൾക്കുക! നമ്മുടെ ദൈവമായ കർത്താവാണ് ഏക കർത്താവ്. നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്‌മാവോടും പൂർണമനസോടും പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുക. രണ്ടാമത്തെ കല്പ‌ന: നിന്നെപ്പോലെതന്നെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ഇവയെക്കാൾ വലിയ കൽപനയൊന്നുമില്ല. നിയമജ്‌ഞൻ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടന്ന് ഏകനാണെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവിടത്തെ പൂർണഹ്യദയത്തോടും പൂർണമനസോടും പൂർണ ശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നപ്പോലെതന്നെ അയല്ക്കാരനെയും സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാൾ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. അവൻ ബുദ്ധിപൂർവം മറുപടിപറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.