Word of God

തപസ്സുകാലം രണ്ടാം വാരം മാർച്ച് 07 വചന വായന

മാർച്ച് 07 ശനി

ഒന്നാം വായന

മിക്കാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങൾ അവിടന്ന് തൂത്തെറിയും)

കാർമലിലെ വനാന്തരത്തിൽ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദൺഡുകൊണ്ടു മേയിക്കണമേ! മുൻകാലങ്ങളിലെപ്പോലെ അവർ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തിൽനിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ, അദ്ഭുതകരമായ കാര്യങ്ങൾ ഞാൻ അവർക്കു കാണിച്ചു കൊടുക്കും.

തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്‌ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടന്ന് തന്റെ കോപം എന്നേക്കുമായി വച്ചുപുലർത്തുന്നില്ല; എന്തെന്നാൽ, അവിടന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു. അവിടന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങൾ അവിടന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങൾ അവിടന്ന് തൂത്തെറിയും. പൂർവകാലം മുതൽ ഞങ്ങളുടെ പിതാക്കൻമാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ, അങ്ങ് യാക്കോബിനോടു വിശ്വസ്തതയും അബ്രാഹത്തോടു കാരുണ്യവും കാണിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവ് ആർദ്രഹ്യദയനും കാരുണ്യവാനുമാണ്.

എന്റെ ആത്‌മാവേ, കർത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്‌ധനാമം പുകഴ്ത്തുക. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.

കർത്താവ് ആർദ്രഹ്യദയനും കാരുണ്യവാനുമാണ്.

അവിടന്ന് നിന്റെ അകൃത്യങ്ങൾ ക്‌ഷമിക്കുന്നു; നിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു. അവിടന്ന് നിന്റെ ജീവൻ പാതാളത്തിൽനിന്നു രക്ഷിക്കുന്നു; അവിടന്ന് സ്നേഹവും കരുണയും കൊണ്ട് നിന്നെ കിരീടമണിയിക്കുന്നു.

കർത്താവ് ആർദ്രഹ്യദയനും കാരുണ്യവാനുമാണ്.

അവിടന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടത്തെ കോപം എന്നേക്കും നിലനില്ക്കുകയില്ല. നമ്മുടെ പാപങ്ങൾക്കൊത്ത് അവിടന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കൊത്ത് നമ്മോടു പകരംചെയ്യുന്നില്ല.

കർത്താവ് ആർദ്രഹ്യദയനും കാരുണ്യവാനുമാണ്.

ഭൂമിക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടന്നു കാണിക്കുന്ന കാരുണ്യം കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുഖ പാപങ്ങൾ അവിടന്ന് നമ്മിൽനിന്ന് അകറ്റിനിർത്തി.

കർത്താവ് ആർദ്രഹ്യദയനും കാരുണ്യവാനുമാണ്.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്ച്‌ചയും.

ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കുപോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗത്തിനെതിരായും നിൻ്റെ മുമ്പിലും ഞാൻ പാപം ചെയ്തു.

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്ച‌യും.

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിന്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു)

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്‌ഞരും പിറുപിറുത്തു: ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്‌ഷണം കഴിക്കുകയും ചെയ്യുന്നു. അവൻ അവരോട് ഈ ഉപമ പറഞ്ഞു:

അവൻ പറഞ്ഞു: ഒരു മനുഷ്യന് രണ്ടു പുത്രൻമാരുണ്ടായിരുന്നു. ഇളയവൻ പിതാവിനോടു പറഞ്ഞു: പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരുക. അവൻ സ്വത്ത് അവർക്കായി ഭാഗിച്ചു. ഏറെത്താമസിയാതെ, ഇളയമകൻ എല്ലാംശേഖരിച്ചുകൊണ്ട് ദൂരദേശത്തേക്കു പോയി, അവിടെ ധൂർത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചുകളഞ്ഞു. അവൻ എല്ലാം ചെലവഴിച്ചുകഴിഞ്ഞപ്പോൾ ആ ദേശത്ത് ഒരു കഠിനക്ഷാമമുണ്ടാവുകയും അവൻ ഞെരുക്കത്തിലാവുകയും ചെയ്തു. അവൻ, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയം തേടി. അയാൾ അവനെ പന്നികളെ മേയിക്കാൻ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ടു വയറുനിറയ്ക്കക്കാൻ അവൻ ആശിച്ചു. പക്ഷേ, ആരും അവനു കൊടുത്തില്ല.

അപ്പോൾ അവനു സുബോധമുണ്ടായി. അവൻ പറഞ്ഞു: എന്റെ പിതാവിൻ്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്‌ഷണം കഴിക്കുന്നു! ഞാനോ, ഇവിടെ വിശന്നു മരിക്കുന്നു! ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്‌തു. നിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല. നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവൻ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കുചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവൻ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ പറഞ്ഞു: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനേ മേല്ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരിപ്പും അണിയിക്കുവിൻ. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിൻ. നമുക്കുഭക്‌ഷിച്ച് ആഹ്ലാദിക്കാം. എൻെറ ഈ മകൻ മൃതനായിരുന്നു; അവൻ ഇതാ, വീണ്ടും ജീവിക്കുന്നു. അവൻ നഷ്‌ടപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടുകിട്ടിയിരിക്കുന്നു. അവർ ആഹ്ലാദിക്കാൻ തുടങ്ങി.

അവന്റെ മൂത്തമകൻ വയലിലായിരുന്നു. അവൻ തിരിച്ചു വരുമ്പോൾ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവൻ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരൻ പറഞ്ഞു: നിന്റെ സഹോദരൻ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട്, നിൻ്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവൻ കോപിച്ച് അകത്തുകയറാൻ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അവനോടു സാന്ത്വനങ്ങൾ പറഞ്ഞു. എന്നാൽ, അവൻ പിതാവിനോടുപറഞ്ഞു: നോക്കു, എത്ര വർഷമായി ഞാൻ നിനക്കു ദാസവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്പ‌ന ഞാൻ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാൻ ഒരു ആട്ടിൻകുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാൽ, വേശ്യകളോടു കൂട്ടുചേർന്ന്, നിന്റെ സ്വത്തെല്ലാം ധൂർത്തടിച്ച നിൻ്റെ ഈ മകൻ തിരിച്ചു വന്നപ്പോൾ, അവനുവേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോൾ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റെതാണ്. ഇപ്പോൾ നമ്മൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും വേണം. എന്തെന്നാൽ, നിൻ്റെ ഈ സഹോദരൻ മൃതനായിരുന്നു; അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.