Diocese

ലത്തീൻ കത്തോലിക്കർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: വ്യക്തമായ പഠനത്തിന് വിധേയമാകാതെ 27.02.2016-ൽ പുറത്തിറക്കിയ സർക്കുലർ കാരണം താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിന്ന് നേരിട്ടുകൊണ്ടിരുന്ന പീഢനത്തിന് പ്രതിവിധിയായി സർക്കാർ ഉത്തരവ്. കത്തോലിക്ക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1947 എന്ന കാലഗണന സംബന്ധിച്ച് നിലനിന്നിരുന്ന വലിയൊരു പ്രശ്നത്തിനാണ് ജസ്റ്റിസ് (റിട്ട) ജെ.ബി. കോശി കമ്മീഷൻ ശിപാർശ പരിഗണിച്ചുകൊണ്ട് സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നൽകിയ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്.

ജസ്റ്റിസ് (റിട്ട) ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ഖണ്ഡിക 8.76 (g) യിലെ ഈ വിഷയത്തെ സംബന്ധിച്ച ശിപാർശ അംഗീകരിച്ചാണ് പുതിയ ഉത്തരവ് നിലവിൽ വന്നിരിക്കുന്നത്. ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റിന്റെ ഗുണഭോക്താവും പ്രസ്തുത വ്യക്തിയുടെ മാതാവോ/പിതാവോ ലത്തീൻ കത്തോലിക്കാ സമുദായാംഗമാണെങ്കിൽ സർഫിക്കറ്റ് നൽകണമെന്നാണ് സർക്കാർ ഉത്തരവ്.

സർക്കാർ ഉത്തരവിൽ വ്യക്തമായി കാണുന്നതിങ്ങനെയാണ്: “സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. ജസ്റ്റിസ് (റിട്ട) ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ഖണ്ഡിക 8.76 (g) യിലെ ഇക്കാര്യത്തിലെ ശിപാർശ അംഗീകരിച്ച് ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റിന്റെ ഗുണഭോക്താവും പ്രസ്തുത വ്യക്തിയുടെ മാതാവോ/പിതാവോ ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങളായിരുന്നുവെന്ന് ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രം റവന്യൂ അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചും, വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ വെളിവാകുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ലത്തീൻ കത്തോലിക്ക ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതാണെന്നും, 1947 എന്ന വർഷം ലത്തീൻ കത്തോലിക്ക ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും ഇതിനാൽ ഉത്തരവാകുന്നു”.

ലത്തീൻ കത്തോലിക്കർ അനുഭവിച്ചുകൊണ്ടിരുന്ന ഈ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വർഷങ്ങളായി രൂപതാ കേന്ദ്രവും കെ.എൽ.സി.എ. സംഘടനയും കഠിന പരിശ്രമം നടത്തിയിരുന്നു. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ വിശ്വാസികളും ബി.സി.സി.തലത്തിൽ മുഖ്യമന്തിക്കും സർക്കാർ കേന്ദ്രങ്ങളിലേക്കും അയച്ച നിവേദനകളെ കണ്ടില്ലെന്ന് നടിക്കാൻ സർക്കാരിനായില്ല എന്നതാണ് യാഥാർഥ്യം. നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെയും വികാരി ജനറൽ മോൺ.റ്റി. ക്രിസ്തുദാസിന്റെയും നേതൃത്വത്തിൽ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ഫാ. റോബർട്ട് വിൻസെന്റ്, ഫാ. അനിൽ കുമാർ എസ്.എം., പാറശാല ഫൊറോന കെ.എൽ.സി.എ. പ്രസിഡന്റ് ശ്രീമാൻ സുരേന്ദ്രൻ എന്നിവർ നടത്തിയ നിരന്തരമായ പരിശ്രമത്തിന്റെ ഫലംകൂടിയാണ് 1947 എന്ന കാലഗണന മാറ്റിക്കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ്.

ഈ ഉത്തരവിന്റെ വരവിനായി സർക്കാരിനോട് നിരന്തരം നെയ്യാറ്റിൻകര രൂപതയ്ക്ക് വേണ്ടി സംസാരിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്ത എം.എൽ.എ.മാരായ ശ്രീ. ജി സ്റ്റീഫൻ എം.എൽ.എ., കെ.ആൻസലൻ എം.എൽ.എ. എന്നിവരെയും രാഷ്രീയ പ്രവർത്തകരെയും അഭിനന്ദിക്കുകയും അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്യുന്നു. 1947 എന്ന കാലഗണന മാറ്റിക്കിട്ടുന്നതിനായുള്ള ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് മുൻരൂപതാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും മുൻവികാരിജനറൽ മോൺ.ജി.ക്രിസ്തുദാസും മുൻ കെ.എൽ.സി.എ. പ്രവർത്തകരുമായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.