മാർച്ച് 06 വെള്ളി
ഒന്നാം വായന
ഉത്പത്തിപുസ്തകത്തിൽനിന്ന്
(സ്വപ്നക്കാരൻ വരുന്നുണ്ട്. വരുവിൻ, നമുക്ക് അവനെ കൊന്നു കുഴിയിലെറിയാം)
ഇസ്രായേൽ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്നേഹിച്ചിരുന്നു. കാരണം, അവൻ തൻ്റെ വാർധക്യത്തിലെ മകനായിരുന്നു. കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവൻ ജോസഫിനു വേണ്ടി ഉണ്ടാക്കി. പിതാവ് ജോസഫിനെ തങ്ങളെക്കാളധികമായി സ്നേഹിക്കുന്നു എന്നു കണ്ടപ്പോൾ സഹോദരൻ മാർ അവനെ വെറുത്തു. അവനോടു സൗമ്യമായി സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല.
അവൻറെ സഹോദരൻമാർ പിതാവിന്റെ ആടുകളെ മേയ്ക്കാൻ ഷെക്കെമിലേക്കു പോയി. ഇസ്രായേൽ, ജോസഫിനോടുപറഞ്ഞു: നിൻെറ സഹോദരൻമാർ ഷെക്കെമിൽ ആടുമേയ്ക്കുകയല്ലേ? ഞാൻ നിന്നെ അങ്ങോട്ടു വിടുകയാണ്. ഞാൻ പോകാം, അവൻ മറുപടി പറഞ്ഞു. അവൻ പറഞ്ഞു: അവർ ഇവിടെ നിന്നുപോയി. പോകുമ്പോൾ നമുക്ക് ദോത്താനിലേക്കു പോകാം എന്ന് അവർ പറയുന്നതു ഞാൻ കേട്ടു. സഹോദരൻമാരുടെ പുറകേ ജോസഫും പോയി, ദോത്താനിൽവച്ച് അവൻ അവരെ കണ്ടുമുട്ടി. ദൂരെവച്ചുതന്നെ അവർ അവനെ കണ്ടു..അവൻ അടുത്തെത്തുംമുൻപേ, അവനെ വധിക്കാൻ അവർ ഗൂഢാലോചന നടത്തി. അവർ പരസ്പരം പറഞ്ഞു: സ്വപ്നക്കാരൻ വരുന്നുണ്ട്. വരുവിൻ, നമുക്ക് അവനെ കൊന്നു കുഴിയിലെറിയാം. ഏതോ കാട്ടുമൃഗം അവനെ പിടിച്ചുതിന്നെന്നു പറയുകയും ചെയ്യാം. അവന്റെ സ്വപ്നത്തിന് എന്തു സംഭവിക്കുമെന്നു കാണാമല്ലോ. റൂബൻ ഇതു കേട്ടു. അവൻ ജോസഫിനെ അവരുടെ കൈയിൽനിന്നു രക്ഷിച്ചു. അവൻ പറഞ്ഞു: നമുക്കവനെ കൊല്ലേണ്ടാ. രക്തം ചിന്തരുത്. അവനെ നിങ്ങൾ മരുഭൂമിയിലെ ഈ കുഴിയിൽ തള്ളിയിടുക. പക്ഷേ, ദേഹോപദ്രവമേല് പിക്കരുത്. അവനെ അവരുടെ കൈയിൽനിന്നു രക്ഷിച് പിതാവിനു തിരിച്ചേല്പിക്കാനാണ് റൂബൻ ഇങ്ങനെ പറഞ്ഞത്. അതിനാൽ, ജോസഫ് അടുത്തെത്തിയപ്പോൾ, സഹോദരൻമാർ അവൻ ധരിച്ചിരുന്ന കൈനീളമുള്ള പുറംകുപ്പായം ഊരിയെടുത്തു. അവനെ ഒരു കുഴിയിൽ തള്ളിയിട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു.
അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഗിലയാദിൽ നിന്നുവരുന്ന ഇസ്മ്മായേല്യരുടെ ഒരു യാത്രാസംഘത്തെ കണ്ടു. അവർ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തുകയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. അപ്പോൾ യൂദാ തൻ്റെ സഹോദരൻമാരോടു പറഞ്ഞു: നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതുകൊണ്ട് നമുക്കെന്തു പ്രയോജനമാണുണ്ടാവുക? വരുവിൻ, നമുക്കവനെ ഇസ്മായേല്യർക്കു വില്ക്കാം. അവനെ നമ്മൾ ഉപദ്രവിക്കേണ്ടാ. അവൻ നമ്മുടെ സഹോദരനാണ്, നമ്മുടെതന്നെ മാംസം. അവന്റെ സഹോദരൻമാർ അതിനു സമ്മതിച്ചു. അപ്പോൾ കുറെ മിദിയാൻ കച്ചവടക്കാർ ആ വഴി കടന്നുപോയി. ജോസഫിന്റെ സഹോദരൻമാർ അവനെ കുഴിയിൽനിന്നു പൊക്കിയെടുത്ത് ഇരുപതു വെള്ളിക്കാശിന് ഇസ്മായേല്യർക്കു വിറ്റു. അവർ അവനെ ഈജിപ്തിലേക്കു കൊണ്ടുപോയി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.
അവിടന്ന് നാട്ടിൽ ക്ഷാമം വരുത്തുകയും അപ്പമാകുന്ന താങ്ങു തകർത്തുകളയുകയും ചെയ്തു. അപ്പോൾ അവർക്കു മുൻപായി അവിടന്ന് ഒരുവനെ അയച്ചു; അടിമയായി വില്ക്ക പ്പെട്ട ജോസഫിനെത്തന്നെ
കർത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.
അവന്റെ കാലുകൾ വിലങ്ങുകൊണ്ടു മുറിഞ്ഞു; അവൻറ കഴുത്തിൽ ഇരുമ്പുപട്ട മുറുകി. അവൻ പ്രവചിച്ചതു സംഭവിക്കു വോളം കർത്താവിൻറെ വചനം അവനെ പരീക്ഷിച്ചു.
കർത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.
രാജാവ് അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപൻ അവനെ സ്വതന്ത്രനാക്കി. തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു.
കർത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു സ്തുതിയും പുകഴ്ചയും
അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു സ്തുതിയും പുകഴ്ചയും
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം)
അക്കാലത്ത്, യേശു പ്രധാനാചാര്യന്മാരോടും ജനപ്രമാണികളോടും അരുൾചെയ്തു: മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതിൽ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിർമിക്കുകയും ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏല്പിച്ചിട്ട് അവൻ പോയി. വിളവെടുപ്പുകാലം വന്നപ്പോൾ അവൻ പഴങ്ങൾ ശേഖരിക്കാൻ ഭ്യത്യൻമാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാൽ, കൃഷിക്കാർ, ഭ്യത്യൻമാരിൽ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവൻ ആദ്യത്തേതിൽ കൂടുതൽ ഭൃത്യൻമാരെ അയച്ചു. അവരോടും കൃഷിക്കാർ അപ്രകാരം തന്നെ പ്രവർത്തിച്ചു. പിന്നീട് അവൻ,എന്റെ പുത്രനെ അവർ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.
അവനെക്കണ്ടപ്പോൾ കൃഷിക്കാർ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തുചെയ്യും? അവർ പറഞ്ഞു: അവൻ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം എൽപിക്കുകയും ചെയ്യും.
യേശു അവരോടു ചോദിച്ചു: പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്ന് വിശുദ്ധലിഖിതത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ? അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്കപ്പെടും. പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകൾ കേട്ടപ്പോൾ, അവൻ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി. അവർ അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങൾ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.



