ഒന്നാം വായന
മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (7 : 1, 20 – 31)
(ലോകസ്രഷ്ടാവ് നിങ്ങൾക്ക് ശ്വാസവും ജീവനും വീണ്ടും നല്കും)
അക്കാലത്ത്, ഒരിക്കൽ രാജാവ് ഏഴു സഹോദരൻമാരെയും അവരുടെ അമ്മയെയും ബന്‌ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്‌ഷിക്കാൻ നിർബന്ധിച്ചു. ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അർഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രൻമാർ വധിക്കപ്പെടുന്നതു കണ്ടെങ്കിലും, കർത്താവിലുള്ള പ്രത്യാശ നിമിത്തം അവൾ സധൈര്യം അതു സഹിച്ചു. പിതാക്കൻമാരുടെ ഭാഷയിൽ അവൾ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാർഢ്യത്തോടെ സ്ത്രീസഹജമായ വിവേചനശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി. അവൾ പറഞ്ഞു: നിങ്ങൾ എങ്ങനെ എന്റെ ഉദരത്തിൽ രൂപംകൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങൾക്കു ജീവനും ശ്വാസവും നല്‌കിയതും നിങ്ങളുടെ അവയവങ്ങൾ വാർത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്‌ത ലോകസ്രഷ്‌ടാവ്, തൻ്റെ നിയമത്തെപ്രതി നിങ്ങൾ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാൽ, കരുണാപൂർവം നിങ്ങൾക്കു ജീവനും ശ്വാസവും വീണ്ടും നല്‌കും.
അവൾ തന്നെ അവഹേളിക്കുകയാണെന്ന് അവളുടെ സ്വരം കൊണ്ട് അന്തിയോക്കസിനു തോന്നി. ഏറ്റവും ഇളയ സഹോദരൻ ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോട് ആവശ്യപ്പെടുക മാത്രമല്ല, പിതാക്കൻമാരുടെ മാർഗത്തിൽനിന്നു വ്യതിചലിക്കുകയാണെങ്കിൽ അവന് ധനവും അസൂയാർഹമായ സ്‌ഥാനവും നല്‌കാമെന്നും തന്റെ സ്നേഹിതനായി സ്വീകരിച്ച് ഭരണ കാര്യങ്ങളിൽ അധികാരം ഏല്‌പിക്കാമെന്നും അന്തിയോക്കസ് അവനു ശപഥപൂർവം വാക്കുകൊടുക്കുകയും ചെയ്തു. ആ യുവാവ് സമ്മതിച്ചില്ല. അവന്റെ അമ്മയെ അടുക്കൽ വിളിച്ചു, തന്നെത്തന്നെ രക്‌ഷിക്കാൻ കുമാരനെ ഉപദേശിക്കണമെന്നു രാജാവ് നിർബന്‌ധിച്ചു. നിർബന്‌ധം കൂടിയപ്പോൾ അവൾ പുത്രനെ പ്രേരിപ്പിക്കാമെന്നേറ്റു. പുത്രൻമേൽ ചാഞ്ഞ് അവൾ ക്രൂരനായ ആ സ്വേച്‌ഛാധിപതിയെ നിന്ദിച്ചുകൊണ്ട് മാതൃഭാഷയിൽ പറഞ്ഞു: മകനേ, എന്നോടു ദയ കാണിക്കുക. ഒൻപതുമാസം ഞാൻ നിന്നെ ഗർഭത്തിൽ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളർത്തി. മകനേ, ഞാൻ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയിൽ നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്‌സിലാക്കുക. മനുഷ്യരും അതുപോലെയാണ് സൃഷ്‌ടിക്കപ്പെട്ടത്. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ, സഹോദരൻമാർക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാൽ നിന്റെ സഹോദരൻമാരോടൊത്ത് എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
അവൾ സംസാരിച്ചു തീർന്നയുടനേ യുവാവു ചോദിച്ചു: നിങ്ങൾ എന്തിനാണ് വൈകുന്നത്? രാജകല്‌പന ഞാൻ അനുസരിക്കുകയില്ല, മോശവഴി ഞങ്ങളുടെ പിതാക്കൻമാർക്കു ലഭിച്ച നിയമം ഞാൻ അനുസരിക്കുന്നു. ഹെബ്രായജനത്തിനെതിരേ സകല ദുഷ്ടതകളും പ്രവർത്തിക്കുന്ന നീ ദൈവകരങ്ങളിൽനിന്നു രക്‌ഷപ്പെടുകയില്ല.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (17: 1, 5-6, 8b+15)
കർത്താവേ, ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
കർത്താവേ, എന്റെ ന്യായം കേൾക്കണമേ! എൻ്റെ നിലവിളി ശ്രദ്‌ധിക്കണമേ! നിഷ്കപടമായ എൻ്റെ അധരങ്ങളിൽ നിന്നുള്ള പ്രാർഥന ശ്രവിക്കണമേ!
കർത്താവേ, ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
എൻ്റെ കാലടികൾ അങ്ങയുടെ പാതയിൽത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങൾ വഴുതിയില്ല. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകൾ ശ്രവിക്കണമേ!
കർത്താവേ, ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! നീതിനിമിത്തം ഞാൻ അങ്ങയുടെ മുഖം ദർശിക്കും; ഉണരുമ്പോൾ ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
കർത്താവേ, ഞാൻ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Cf. യോഹ 15:16)
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (19: 11-28)
(നീ എന്തുകൊണ്ട് പണമിടപാടുകാരെ എൻ്റെ പണം ഏല്പിച്ചില്ല?)
അക്കാലത്ത്, ജറുസലേമിനു സമീപത്തായി ജനങ്ങൾ യേശുവിനെ കേട്ടുകൊണ്ടിരിക്കുമ്പോൾ, അവൻ ഒരു ഉപമ പറഞ്ഞു. കാരണം, ദൈവരാജ്യം ഉടൻ വന്നുചേരുമെന്ന് അവർ വിചാരിക്കുകയും ചെയ്‌തിരുന്നു. അവൻ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാൻ വേണ്ടി ദൂരദേശത്തേക്കുപോയി. അവൻ ഭൃത്യൻമാരിൽ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‌പിച്ചുകൊണ്ടു പറഞ്ഞു: ഞാൻ തിരിച്ചുവരുന്നതുവരെ നിങ്ങൾ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിൻ. അവന്റെ പൗരൻമാർ അവനെ വെറുത്തിരുന്നു. ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവർ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലേ അയച്ചു. എന്നാൽ, അവൻ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താൻ പണം ഏല്പിച്ചിരുന്ന ഭ്യത്യൻമാർ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാൻ അവൻ കൽപിച്ചു. ഒന്നാമൻ വന്നുപറഞ്ഞു: യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു. അവൻ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തുനഗരങ്ങളുടെമേൽ നീ അധികാരിയായിരിക്കും. രണ്ടാമൻ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന നാണയം അഞ്ചു കുടി നേടിയിരിക്കുന്നു. യജമാനൻ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെമേൽ നീ അധികാരിയായിരിക്കും. വേറൊരുവൻ വന്നു പറഞ്ഞു: യജമാനനേ, ഞാൻ തുണിയിൽ പൊതിഞ്ഞു സൂക്‌ഷിച്ചിരുന്ന നിന്റെ നാണയം ഇതാ. നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കർക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്. അവൻ പറഞ്ഞു: ദുഷ്ടഭ്യത്യാ, നിൻ്റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാൻ വിധിക്കും. ഞാൻ കർക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏല്പ്‌പിച്ചില്ല? എങ്കിൽ, ഞാൻ മടങ്ങിവന്നപ്പോൾ പലിശയോടു കൂടെ അതു തിരിച്ചുവാങ്ങുമായിരുന്നില്ലേ? അവൻ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനിൽനിന്ന് ആ നാണയം എടുത്ത് പത്തുനാണയമുള്ളവനു കൊടുക്കുക. അവർ അവനോട്, യജമാനനേ, അവനു പത്തുനാണയം ഉണ്ടല്ലോ എന്നുപറഞ്ഞു. ഞാൻ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും. ഞാൻ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മുമ്പിൽവച്ചു കൊന്നുകളയുവിൻ. അവൻ ഇതു പറഞ്ഞ ശേഷം ജറുസലേമിലേക്കുള്ള യാത്ര തുടർന്നു.




