സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ സ്നേഹം ജീവിക്കുന്നതിൽ പാവപ്പെട്ടവരോടുള്ള സ്നേഹത്തിന് മുഖ്യമായ സ്ഥാനമുണ്ടെന്ന ഉദ്ബോധനവുമായി, “ഞാൻ നിന്നെ സ്നേഹിച്ചു” എന്നർത്ഥം വരുന്ന “ദിലേക്സി തേ” (Dilexi te) എന്ന ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങി.
നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കിരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ, സമത്വം തുടങ്ങി വിവിധ വിഷയങ്ങളാണ്, ഫ്രാൻസിസ് പാപ്പാ തുടങ്ങി വച്ച്, ലിയോ പതിനാലാമൻ പാപ്പാ പൂർത്തിയാക്കിയ ഈ പ്രധാനപ്പെട്ട ഉദ്‌ബോധനം ചിന്താവിഷയമാക്കുന്നത്.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 4-നാണു ലിയോ പതിനാലാമൻ പാപ്പാ അപ്പസ്തോലിക പ്രബോധനം ഒപ്പിട്ടത്. തുടർന്ന്, ഒക്ടോബർ 9 വ്യാഴാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് “ദിലേക്സി തേ” ഏവർക്കും മുന്നിൽ അവതരിപ്പിക്കുകയായിരുന്നു.




