സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഉന്നതമായ മൂല്യങ്ങൾ ജീവിക്കാനും, നല്ലൊരു നാളെയ്ക്കായി പ്രവർത്തിക്കാനും, സത്യത്തിന്റെയും സമാധാനത്തിന്റെയും സാക്ഷികളായി പ്രവർത്തിക്കാനും, മറ്റുള്ളവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളാകാനും യുവ വിദ്യാർത്ഥികൾക്ക് ആഹ്വാനം നൽകി ലിയോ പതിനാലാമൻ പാപ്പാ. വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ യുവവിദ്യാർത്ഥികൾക്ക് ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, മുൻപേ കടന്നുപോയ വിശുദ്ധ ജീവിതങ്ങളെ അനുകരിച്ച് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി വളരാൻ പരിശുദ്ധ പിതാവ് വിദ്യാർത്ഥികളെ ആഹ്വാനം ചെയ്‌തത്.
അടുത്തിടെ ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ച, വിശുദ്ധ പിയർ ജ്യോർജ്യോ ഫ്രസാത്തി “വിശ്വാസമില്ലാത്ത ജീവിതം ജീവിതമല്ല”, “ഉന്നതത്തിലേക്ക്” എന്നീ ആപ്തവാക്യങ്ങൾ സൃഷ്ടിക്കുകയും അവ പലവുരു ആവർത്തിക്കുകയും ചെയ്തിരുന്നത് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. നൈമിഷികവും നമ്മിൽ ആനന്ദം നിറയ്ക്കാത്തതുമായ കാര്യങ്ങളേക്കാൾ ജീവിതം അതിന്റെ പൂർണ്ണതയിൽ ജീവിക്കാനും, പ്രാർത്ഥനയിൽ ദൈവത്തിന്റെ സഹായം അപേക്ഷിക്കാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു. സഭയ്ക്കും ലോകത്തിനും ചെയ്യാൻ കഴിയുന്ന സേവനങ്ങളുടെ മേന്മയിൽ, നിങ്ങളുടെ തലമുറ അറിയപ്പെട്ടിരുന്നെങ്കിൽ എന്ന് പാപ്പാ ആശംസിച്ചു



