Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തെട്ടാം ഞായർ ഒക്‌ടോബർ – 12 വചന വായന

ഒന്നാം വായന

രാജാക്കന്മാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (5 : 14 – 17)

(നാമാൻ ദൈവപുരുഷൻ്റെ അടുക്കൽ തിരിച്ചുവന്ന്, കർത്താവിനെ ഏറ്റുപറഞ്ഞു)

അക്കാലത്ത്, ദൈവപുരുഷനായ ഏലീഷായുടെ വാക്കനുസരിച്ച് നാമാൻ ജോർദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി, അവൻ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി. അവൻ ഭൃത്യൻമാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയിൽ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അങ്ങയുടെ ദാസനിൽനിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും. എലീഷാ പറഞ്ഞു: ഞാൻ സേവിക്കുന്ന കർത്താവാണേ, ഞാൻ സ്വീകരിക്കുകയില്ല. നാമാൻ നിർബന്ധിച്ചെങ്കിലും അവൻ വഴങ്ങിയില്ല. അപ്പോൾ നാമാൻ പറഞ്ഞു: സ്വീകരിക്കുകയില്ലെങ്കിൽ രണ്ടു കഴുതച്ചുമടു മണ്ണു തരണമെന്നു ഞാൻ യാചിക്കുന്നു. ഇനിമേൽ കർത്താവിനല്ലാതെ മറ്റൊരു ദൈവത്തിനും അങ്ങയുടെ ദാസൻ ദഹനബലിയോ കാഴ്ച‌യോ അർപ്പിക്കുകയില്ല.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (98 : 1, 2-3ab, 3cd – 4)

കർത്താവ് തൻ്റെനീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ;
അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു;
അവിടത്തെ കരവും വിശുദ്‌ധഭുജവും
വിജയം നേടിയിരിക്കുന്നു.

കർത്താവ് തൻ്റെനീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

കർത്താവ് തൻ്റെ വിജയം വിളംബരം ചെയ്തു;
അവിടന്ന് തൻ്റെ നീതിജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.
ഇസ്രായേൽഭവനത്തോടുള്ള തൻ്റെ കരുണയും
വിശ്വസ്തതയും അവിടന്ന് അനുസ്‌മരിച്ചു;

കർത്താവ് തൻ്റെനീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിൻ്റ വിജയം ദർശിച്ചു.
ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്ളാദാരവത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ.

കർത്താവ് തന്റെനീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (2 : 8 – 13)

(നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ അവനോടുകൂടെ ജീവിക്കും)

ഏറ്റവും വാത്സല്യമുള്ളവനേ, എൻ്റെ സുവിശേഷത്തിൽ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിൻ്റെ വംശജനും മരിച്ച വരിൽനിന്ന് ഉയിർത്തവനുമായ യേശുക്രിസ്‌തുവിനെ സ്‌മരിക്കുക. ആ സുവിശേഷത്തിനു വേണ്ടിയാണ് ഞാൻ കഷ്ടത സഹിച്ചു കൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകൾക്കുവരെ അധീനനാകുന്നത്. എന്നാൽ, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. അതിനാൽ, തിരഞ്ഞെടുക്കപ്പെട്ടവർ യേശുക്രിസ്തുവിൽ ശാശ്വതവും മഹത്ത്വപൂർണവുമായരക്ഷ നേടുന്നതിനു വേണ്ടി ഞാൻ എല്ലാം സഹിക്കുന്നു. ഈ വചനം വിശ്വാസയോഗ്യമാണ്. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ, അവനോടു കൂടെ ജീവിക്കും. നാം ഉറച്ചുനില്ക്കുമെങ്കിൽ, അവനോടു കൂടെ വാഴും. നാം അവനെ നിഷേധിക്കുന്നെങ്കിൽ, അവൻ നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തതരായിരുന്നാലും അവൻ വിശ്വസ്‌തനായിരിക്കും; എന്തെന്നാൽ, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.

കർത്താവിന്റെ വചനം

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (1 Thess 5:18).

അല്ലേലുയാ !
അല്ലേലൂയാ! എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്‌തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17:11-19)

(ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ)

ജറുസലേമിലേക്കുള്ള യാത്രയിൽ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠ രോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്‌ഷിച്ചു. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതൻമാർക്കു കാണിച്ചുകൊടുക്കുവിൻ. പോകുംവഴി അവർ സുഖം പ്രാപിച്ചു. അവരിൽ ഒരുവൻ, താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്‌തുതിച്ചുകൊണ്ടു തിരിച്ചു വന്നു. അവൻ യേശുവിന്റെ കാല്ക്കൽ സ്രാഷ്ടാംഗം പ്രണമിച്ച് നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒൻപതു പേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.