ഒന്നാം വായന
ഹബക്കുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (1:2-3, 2:2-4)
(നീതിമാൻ തൻ്റെ വിശ്വാസത്താൽ ജീവിക്കും)
കർത്താവേ, എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ച പേക്‌ഷിക്കുകയും അങ്ങ് അതു കേൾക്കാതിരിക്കുകയും ചെയ്യും? എത്രനാൾ, അക്രമം എന്നു പറഞ്ഞു ഞാൻ വിലപിക്കുകയും അങ്ങ് എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും. തിൻമകളും ദുരിതങ്ങളും കാണാൻ എനിക്ക് അങ്ങ് എന്തുകൊണ്ട് ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്റെ കൺമുൻപിൽ! കലഹവും മത്സരവും തല ഉയർത്തുന്നു.
കർത്താവ് എനിക്ക് ഉത്തരമരുളി: ദർശനം രേഖപ്പെടുത്തുക. ഓടുന്നവനുപോലും വായിക്കത്തക്കവിധം ഫലകത്തിൽ വ്യക്തമായി എഴുതുക. ദർശനം അതിന്റെ സമയം പാർത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കിൽ അതിനായി കാത്തിരിക്കുക. അതു തീർച്ചയായും വരും. അതു താമസിക്കുകയില്ല. ഹൃദയപരമാർഥതയില്ലാത്തവൻ പരാജയപ്പെടും. എന്തെന്നാൽ, നീതിമാൻ തന്റെ വിശ്വസ്‌തതമൂലം ജീവിക്കും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (95 : 1-2, 6-7ab, 8-9)
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്ക് കർത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവം പാടിപ്പുകഴ്ത്താം. കൃതജ്‌ഞതാസ്തോത്രത്തോടെ അവിടത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്‌തുതിഗീതങ്ങൾ ആലപിക്കാം.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കർത്താവിൻ്റെ മുൻപിൽ മുട്ടുകുത്താം. എന്തെന്നാൽ, അവിടന്നാണു നമ്മുടെ ദൈവം. നാം അവിടന്നു മേയ്ക്കുന്ന ജനവും.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
മെരീബായിൽ, മരുഭൂമിയിലെ മാസായിൽ, ചെയ്തതുപോലെ നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കൻമാർ എന്നെ പരീക്‌ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവർ എന്നെ പരീക്‌ഷിച്ചു.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (1: 68, 13 -14)
(കർത്താവിന് സാക്ഷ്യം നല്‌കുന്നതിൽ നീ ലജ്ജിക്കരുത്)
ഏറ്റവും വാത്സല്യമുള്ളവനേ, എൻ്റെ കൈവയ്‌പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്ന് ഞാൻ നിന്നെ അനുസ്‌മരിപ്പിക്കുന്നു. എന്തെന്നാൽ, ഭീരുത്വ ത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്; ശക്തി യുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. നമ്മുടെ കർത്താവിനു സാക്ഷ്യം നല്‌കുന്ന തിൽ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതി യും നീ ലജ്ജിതനാകരുത്. ദൈവത്തിൻ്റെ ശക്തിയിൽ ആശ്രയി ച്ചുകൊണ്ട് അവൻ്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളിൽ നീയും പങ്കുവഹിക്കുക. നീ എന്നിൽനിന്നു കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങൾ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും നീ അനുസരിക്കുക, മാതൃകയാക്കുക. നിന്നെ ഏല്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങൾ, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കുക.
കർത്താവിന്റെ വചനം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (1 Pet 1:25).
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവിൻ്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോടു പ്രസംഗി ക്കപ്പെട്ട സുവിശേഷം – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17:5-10)
(കടുകുമണിയോളം വിശ്വാസം നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ !)
അപ്പോൾ അപ്പസ്തോലൻമാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ! കർത്താവു പറഞ്ഞു: നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ സിക്കമിൻവൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽ ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും. നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകയോ ആടുമേയിക്കുകയോ ചെയ്തിട്ട് വയലിൽനിന്നു തിരിച്ചുവരുമ്പോൾ അവനോട്, നീ ഉടനേ വന്ന് ഭക്‌ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക കല്പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോടു നിങ്ങൾ നന്ദി പറയുമോ? ഇതുപോലെതന്നെ, നിങ്ങളും കല്‌പിക്കപ്പെട്ടവയെല്ലാം ചെയ്തശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസൻമാരാണ്; കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ.




