ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (8 :26-30)
(ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു)
സഹോദരരേ, നമ്മുടെ ബലഹീനതയിൽ ആത്‌മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്‌ധർക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ. അവിടന്നു മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രൻ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത് തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതിമത്കരിച്ചവരെ മഹത്ത്വപ്പെടുത്തി.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (13 : 3-4, 5-6)
കർത്താവേ, ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു.
എന്റെ ദൈവമായ കർത്താവേ, എന്നെ കടാക്ഷിച്ചു ഉത്തര മരുളണമേ! ഞാൻ മരണനിദ്രയിൽ വഴുതി വീഴാതിരിക്കാൻ എന്റെ നയനങ്ങൾ പ്രകാശിപ്പിക്കണമേ! ഞാനവനെ കീഴ്പ്പെടുത്തി എന്ന് എന്റെ ശത്രു പറയാൻ ഇടയാക്കരുതേ! ഞാൻ പരിഭ്രമിക്കുന്നതുകണ്ട് എന്റെ ശത്രു ആനന്ദിക്കാൻ ഇടവരുത്തരുതേ!
കർത്താവേ, ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു.
ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെ രക്‌ഷയിൽ ആനന്ദം കൊള്ളും. ഞാൻ കർത്താവിനെ പാടിസ്തുതിക്കും; അവിടന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.
കർത്താവേ, ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (2 തെസ്സ 2:14).
അല്ലേലൂയാ!
അല്ലേലൂയാ! നമ്മുടെ കർത്താവായ യേശു ക്രിസ്‌തുവിന്റെ മഹത്ത്വം നിങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങ ളുടെ സുവിശേഷത്തിലൂടെ അവിടന്നു നിങ്ങളെ വിളിച്ചു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (13: 22-30)
(കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ജനങ്ങൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും)
അക്കാലത്ത് പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചു കൊണ്ട് യേശു ജറുസലേമിലേക്കു യാത്രചെയ്യുകയായിരുന്നു. ഒരുവൻ അവനോടുചോദിച്ചു: കർത്താവേ, രക്‌ഷപ്രാപിക്കുന്നവർ ചുരുക്കമാണോ? അവൻ അവരോടു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകംപേർ പ്രവേശിക്കാൻ ശ്രമിക്കും. എന്നാൽ അവർക്കു സാധിക്കുകയില്ല. വീട്ടുടമസ്‌ഥൻ എഴുന്നേറ്റ്, വാതിൽ അടച്ചുകഴിഞ്ഞാൽ പിന്നെ, നിങ്ങൾ പുറത്തുനിന്ന്, കർത്താവേ, ഞങ്ങൾക്കു തുറന്നുതരണമേ എന്നുപറഞ്ഞ് വാതില്ക്കൽ മുട്ടാൻ തുടങ്ങും. അപ്പോൾ അവൻ നിങ്ങളോടു പറയും: നിങ്ങൾ എവിടെ നിന്നാണെന്നു ഞാൻ അറിയുന്നില്ല. അപ്പോൾ നിങ്ങൾ പറയും: നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവൻ പറയും: നിങ്ങൾ എവിടെനിന്നാണെന്നു ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകൻമാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതായും നിങ്ങൾ പുറംതള്ളപ്പെടുന്നതായും കാണുമ്പോൾ നിങ്ങൾ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കു നിന്നും ജനങ്ങൾ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. അപ്പോൾ മുൻപൻമാരാകുന്ന പിൻപൻമാരും പിൻപൻമാരാകുന്ന മുൻപൻമാരും ഉണ്ടായിരിക്കും.




