ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (2 : 1-11)
(ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടന്നു പ്രതിഫലം നല്‌കും)
അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു. അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധി ന്യായയുക്തമാണെന്നു നമുക്കറിയാം. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയിൽനിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ? അതോ, അവിടത്തെ നിസ്സീമമായ കരുണയും സഹിഷ്‌ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്ഷ്യമെന്ന് നീ അറിയുന്നില്ലേ? എന്നാൽ, ദൈവത്തിന്റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്റെ ദിനത്തി ലേക്കു നീ നിൻ്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.
എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടന്നു പ്രതിഫലം നല്‌കും. സത്‌കർമത്തിൽ സ്‌ഥിരതയോടെനിന്ന് മഹത്ത്വവും ബഹുമാനവും അക്‌ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ പ്രദാനം ചെയ്യും. സ്വാർഥമതികളായി, സത്യം അനുസരിക്കാതെ, ദുഷ്‌ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും. തിൻമ പ്രവർത്തിക്കുന്ന ആരും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവുമുണ്ടാകും. എന്നാൽ, നൻമപ്രവർത്തിക്കുന്ന ആർക്കും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവുമുണ്ടാകും. എന്തെന്നാൽ ദൈവസന്നിധിയിൽ മുഖംനോട്ടമില്ല.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (62 : 1-2, 5-6, 8)
കർത്താവേ, അവിടന്നു മനുഷ്യന് പ്രവൃത്തിക്കൊത്തു പ്രതിഫലം നല്കുന്നു.
ദൈവത്തിൽ മാത്രമാണ് എനിക്ക് ആശ്വാസം; അവിടന്നാണ് എനിക്കു രക്ഷ നല്‌കുന്നത്. അവിടന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാൻ കുലുങ്ങി വീഴുകയില്ല.
കർത്താവേ, അവിടന്നു മനുഷ്യന് പ്രവൃത്തിക്കൊത്തു പ്രതിഫലം നല്കുന്നു.
ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം, അവിടന്നാണ് എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; എനിക്കു കുലുക്കം തട്ടുകയില്ല.
കർത്താവേ, അവിടന്നു മനുഷ്യന് പ്രവൃത്തിക്കൊത്തു പ്രതിഫലം നല്കുന്നു.
ജനമേ, എന്നും ദൈവത്തിൽ ശരണംവയ്ക്കുവിൻ, അവിടത്തെ മുൻപിൽ നിങ്ങളുടെ ഹൃദയം തുറക്കുവിൻ. അവിടന്നാണു നമ്മുടെ സങ്കേതം.
കർത്താവേ, അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‌കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 10:27).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എന്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 42-46)
(ഫരിസേയരേ, നിങ്ങൾക്കു ദുരിതം; നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം)
അക്കാലത്ത്, യേശു അരുൾചെയ്തു. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു. ഇവയാണു നിങ്ങൾ ചെയ്യേണ്ടിയിരുന്നത്- മറ്റുള്ളവ അവഗണിക്കാതെ തന്നെ. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളിൽ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, കാണപ്പെടാത്ത കുഴിമാടങ്ങൾ പോലെയാണു നിങ്ങൾ. അതിന്റെ മീതേ നടക്കുന്നവൻ അത് അറിയുന്നുമില്ല. നിയമജ്‌ഞരിൽ ഒരാൾ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോൾ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്. അവൻ പറഞ്ഞു: നിയമജ്‌ഞരേ, നിങ്ങൾക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകൾ മനുഷ്യരുടെ മേൽ നിങ്ങൾ കെട്ടിയേല്‌പിക്കുന്നു. നിങ്ങളോ, അവരെ സഹായിക്കാൻ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല.




