Word of God

തപസ്സുകാലം മൂന്നാം വാരം മാർച്ച് 09 വചന വായന

മാർച്ച് 09 തിങ്കൾ

ഒന്നാം വായന

രാജാക്കന്മാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന്

(ഇസ്രായേലിൽ അനേകം കുഷ്‌ഠരോഗികളുണ്ടായിരുന്നെങ്കിലും, സിറിയാക്കാരനായ നാമാനല്ലാതെ മറ്റാരും സൗഖ്യമാക്കപ്പെട്ടില്ല)

അക്കാലത്ത്, സിറിയാരാജാവിൻ്റെ സൈന്യാധിപനായിരുന്നു നാമാൻ, രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവൻ മുഖാന്തരം കർത്താവ് സിറിയായ്ക്കു വിജയം നല്‌കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവൻ കുഷ്‌ഠരോഗിയായിരുന്നു. ഇസ്രായേലിനെ ആക്രമിച്ചപ്പോൾ സിറിയാക്കാർ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവൾ നാമാന്റെ ഭാര്യയുടെ പരിചാരികയായി. അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു: എൻ്റെ യജമാനൻ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കിൽ! അവൻ യജമാനന്റെ കുഷ്‌ഠം മാറ്റുമായിരുന്നു. ഇസ്രായേലിലെ പെൺകുട്ടി പറഞ്ഞ വിവരം നാമാൻ, രാജാവിനെ അറിയിച്ചു. സിറിയാരാജാവു പറഞ്ഞു: ഉടനേ പോവുക, ഞാൻ ഇസ്രായേലിലെ രാജാവിന് ഒരു കത്തു തരാം. നാമാൻ പത്തുതാലന്ത് വെള്ളിയും ആറായിരം ഷെക്കൽ സ്വർണവും പത്തു വിശിഷ്‌ടവസ്ത്രങ്ങളും എടുത്തു യാത്രയായി. അവൻ കത്ത് ഇസ്രായേൽരാജാവിനെ ഏല്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: എൻെറ ദാസൻ നാമാനെ കുഷ്ഠരോഗത്തിൽനിന്നു സുഖപ്പെടുത്തണമെന്ന് അപേക്‌ഷിക്കാനാണ് ഈ എഴുത്ത്. ഇസ്രായേൽരാജാവു കത്തു വായിച്ചിട്ട് വസ്ത്രം കീറിക്കൊണ്ടു പറഞ്ഞു: കുഷ്ഠരോഗിയെ സുഖപ്പെടുത്താൻ എന്നോടാവശ്യപ്പെടുന്നു. ജീവൻ എടുക്കാനും കൊടു ക്കാനും ഞാൻ ദൈവമാണോ? കണ്ടോ, എന്നോടു മല്ലിടാൻ അവൻ പഴുതുനോക്കുന്നു!

ഇസ്രായേൽരാജാവു വസ്ത്രം കീറിയെന്നുകേട്ട് ദൈവപുരുഷനായ എലീഷാ, രാജാവിനെ അറിയിച്ചു: നീ എന്തിനാണ് വസ്ത്രം കീറിയത്? അവൻ എന്റെ അടുത്തുവരട്ടെ! ഇസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടെന്ന് അറിയട്ടെ! നാമാൻ രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കൽ എത്തി. എലീഷാ ദൂതനെ അയച്ച് അവനോടു പറഞ്ഞു: നീ ജോർദാനിൽ പോയി ഏഴുപ്രാവശ്യം കുളിക്കുക; നീ ശുദ്‌ധനായി, ശരീരം പൂർവസ്‌ഥിതി പ്രാപിക്കും. എന്നാൽ, നാമാൻ കുപിതനായി മടങ്ങിപ്പോയി. അവൻ പറഞ്ഞു: എലീഷാ എന്റെ അടുത്ത് ഇറങ്ങിവന്ന് തൻ്റെ ദൈവമായ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുമെന്നും കരംവീശി കുഷ്‌ഠം സുഖപ്പെടുത്തുമെന്നും ഞാൻ വിചാരിച്ചു. ദമാസ്‌കസിലെ അബാനായും ഫാർപാറും ഇസ്രായേലിലെ നദികളെക്കാൾ ശ്രേഷ്ഠമല്ലേ? അവയിൽ കുളിച്ച് എനിക്കു ശുദ്‌ധി പ്രാപിച്ചുകൂടേ? അങ്ങനെ, അവൻ ക്രുദ്ധനായി അവിടെനിന്നു തിരിച്ചുപോയി. എന്നാൽ, ഭ്യത്യൻമാർ അടുത്തു ചെന്നു പറഞ്ഞു: പിതാവേ, പ്രവാചകൻ ഭാരിച്ച ഒരു കാര്യമാണു കല്പിച്ചിരുന്നതെങ്കിൽ, അങ്ങ് ചെയ്യുമായിരുന്നില്ലേ? അപ്പോൾ, കുളിച്ചു ശുദ്‌ധനാകുക എന്നു പറയുമ്പോൾ, എത്രയോ കൂടുതൽ താത്പര്യത്തോടെ അങ്ങ് അതു ചെയ്യേണ്ടതാണ്. അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച് അവൻ ജോർദാനിലിറങ്ങിഏഴുപ്രാവശ്യം മുങ്ങി. അവൻ സുഖംപ്രാപിച്ചു. ശരീരം ശിശുവിന്റേതുപോലെയായി. അവൻ ഭ്യത്യൻമാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയിൽ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാൻ ഇപ്പോൾ അറിയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!

നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!

അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടത്തെ വിശുദ്ധഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!

അപ്പോൾ ഞാൻ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട് അങ്ങയെ ഞാൻ സ്‌തുതിക്കും.

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ‌തിയും.

ഞാൻ കർത്താവിനെ കാത്തിരിക്കുന്നു.
അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു; എന്തെന്നാൽ, അവിടത്തോടൊപ്പം കാരുണ്യവും സമ്പൂർണ രക്ഷയുമുണ്ട്.

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തുതിയും.

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എലിയയെയും ഏലീശയെയും പോലെ യേശു യഹൂദന്മാർക്കുവേണ്ടി മാത്രമല്ല അയയ്ക്കപ്പെട്ടത്)

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾ ചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തംനാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകൻ്റെ കാലത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു. അന്ന് മൂന്നു വർഷവും ആറുമാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാൽ, സീദോനിൽ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെയും അടുക്കലേക്ക് ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാപ്രവാചകൻ്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. എന്നാൽ, അവരിൽ സിറിയാക്കാരനായ നാമാൻ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.

ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിൽനിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്‌ഥിതിചെയ്യുന്ന മലയുടെ ശൃംഗ ത്തിൽനിന്ന് താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.