മാർച്ച് 08 ഞായർ
ഒന്നാം വായന
പുറപ്പാടിന്റെ പുസ്തകത്തിൽനിന്ന്
(ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരുക)
അക്കാലത്ത്, ദാഹിച്ചു വലഞ്ഞജനം മോശയ്ക്കെതിരേ ആവലാതിപ്പെട്ടു ചോദിച്ചു: നീ എന്തിനാണു ഞങ്ങളെ ഈജിപ്തിൽ നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചുചാകട്ടെ എന്നു കരുതിയാണോ? മോശ കർത്താവിനോടു നിലവിളിച്ചു പറഞ്ഞു: ഈ ജനത്തോടു ഞാൻ എന്താണു ചെയ്യുക? ഏറെത്താമസിയാതെ അവർ എന്നെ കല്ലെറിയും. കർത്താവു മോശയോട് അരുൾചെയ്തു: ഏതാനും ഇസ്രായേൽ ശ്രേഷ്ഠൻമാരുമൊത്ത് നീ ജനത്തിന്റെ മുൻപേ പോകുക. നദിയുടെമേൽ അടിക്കാൻ ഉപയോഗിച്ചവടിയും കൈയിലെടുത്തുകൊള്ളുക. ഇതാ, നിനക്കു മുൻപിൽ ഹോറെബിലെ പാറമേൽ ഞാൻ നില്ക്കും. നീ ആ പാറയിൽ അടിക്കണം. അപ്പോൾ അതിൽനിന്നു ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും. ഇസ്രായേൽശ്രേഷ്ഠൻമാരുടെ സാന്നിധ്യത്തിൽ മോശ അങ്ങനെ ചെയ്തു. ഇസ്രായേല്ക്കാർ അവിടെവച്ചു കലഹിച്ചത നാലും കർത്താവു ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കർത്താവിനെപരീക്ഷിച്ചതിനാലും മോശ ആ സ്ഥലത്തിന് മാസാ എന്നും മെറീബാ എന്നും പേരിട്ടു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്കു കർത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവം പാടിപ്പുകഴ്ത്താം. കൃതജ്ഞതാസ്തോത്രത്തോടെ അവിടത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങൾ ആലപിക്കാം.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്ക് കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ട്ടിച്ച കർത്താവിന്റെ മുൻപിൽ മുട്ടുകുത്താം. എന്തെന്നാൽ, അവിടന്നാണു നമ്മുടെ ദൈവം. നാം അവിടന്നു മേയ്ക്കുന്ന ജനവും.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
മെറീബായിൽ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കൻമാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
സഹോദരരേ, വിശ്വാസത്താൽ നീതിമത്കരിക്കപ്പെട്ട നമുക്ക് നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തിൽ ആയിരിക്കാം. നമുക്കു കൈവന്നിരിക്കുന്ന ഈ കൃപയിലേക്ക് അവൻ മൂലം വിശ്വാസത്താൽ നമുക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയിൽ നമുക്ക് അഭിമാനിക്കാം.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ, നിർണയിക്കപ്പെട്ട സമയത്ത് ക്രിസ്തു പാപികൾക്കുവേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ, ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാൽ, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു.
കർത്താവിന്റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു മഹത്ത്വവും സ്തുതിയും . കർത്താവേ, അങ്ങു സത്യമായും ലോകത്തിന്റെ രക്ഷകനാണ്; ദാഹിക്കാതിരിക്കേണ്ടതിന് ജീവന്റെജലം എനിക്കു തരണമേ,
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു മഹത്ത്വവും സ്തുതിയും
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ നല്കുന്ന ജലം നിത്യായുസ്സിലേക്കു നയിക്കുന്ന നീർച്ചാലായിരിക്കും?
(അക്കാലത്ത്, യേശു സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ എത്തി. യാക്കോബ് തന്റെ മകൻ ജോസഫിനു നല്കിയ വയലിനടുത്താണ് ഈ പട്ടണം. യാക്കോബിന്റെ കിണർ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച യേശു ആ കിണറിൻ കരയിൽ ഇരുന്നു. അപ്പോൾ ഏകദേശം ആറാം മണിക്കൂറായിരുന്നു. ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാൻ വന്നു. യേശു അവളോട്, ‘എനിക്കു കുടിക്കാൻ തരുക’ എന്നു പറഞ്ഞു. അവൻ്റെ ശിഷ്യൻമാരാകട്ടെ, ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരുന്നു. ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോട് കുടിക്കാൻ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മിൽ സമ്പർക്കമൊന്നുമില്ലല്ലോ. യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും ‘എനിക്കു കുടിക്കാൻ തരുക’ എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ, നീ അവനോടു ചോദിക്കുകയും അവൻ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു. അവൾ പറഞ്ഞു: പ്രഭോ, വെള്ളം കോരാൻ നിനക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്ക് എവിടെനിന്നു കിട്ടും? ഈ കിണർ ഞങ്ങൾക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ നീ?അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റിൽനിന്നാണു കുടിച്ചിരുന്നത്. യേശു പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ആർക്കും വീണ്ടും ദാഹിക്കും. എന്നാൽ, ഞാൻ നല് കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നല്കുന്ന ജലം അവനിൽ നിത്യജീവനിലേക്കു നിർഗളിക്കുന്ന അരുവിയാകും. അപ്പോൾ അവൾ പറഞ്ഞു: ആ ജലം എനിക്കു തരുക. മേലിൽ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഞാൻ ഇവിടെ വരുകയും വേണ്ടല്ലോ).
അവൻ പറഞ്ഞു: നീ ചെന്ന് നിന്റെ ഭർത്താവിനെ കുട്ടിക്കൊണ്ടു വരുക. ‘എനിക്കു ഭർത്താവില്ല’ എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. യേശു അവളോടു പറഞ്ഞു: “എനിക്കു ഭർത്താവില്ല’ എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭർത്താക്കൻമാരുണ്ടായിരുന്നു. ഇപ്പോഴുള്ളവൻ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യമാണ് (അവൾ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധന നടത്തി; എന്നാൽ, യഥാർഥമായ ആരാധനാസ്ഥലം ജറുസലെമിലാണ് എന്നു നിങ്ങൾ പറയുന്നു. യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങൾ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാൽ, രക്ഷ യഹൂദരിൽ നിന്നാണ്. എന്നാൽ, യഥാർഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾത്തന്നെയാണ്. യഥാർഥത്തിൽ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്. ആ സ്ത്രീ പറഞ്ഞു: മിശിഹാ – ക്രിസ്തു – വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും. യേശുഅവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ).
അവന്റെ ശിഷ്യൻമാർ തിരിച്ചെത്തി. അവൻ ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവർ അദ്ഭുതപ്പെട്ടു. എന്നാൽ, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല. ആ സ്ത്രീയാകട്ടെ, കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു: ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ വന്നുകാണുവിൻ. ഇവൻതന്നെയായിരിക്കുമോ ക്രിസ്തു? അവർ പട്ടണത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുത്തു വന്നു.
തത്സമയം ശിഷ്യൻമാർ അവനോട് അപേക്ഷിച്ചു: റബ്ബീ, ഭക്ഷണം കഴിച്ചാലും. അവൻ പറഞ്ഞു: നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്. ആരെങ്കിലും ഇവനു ഭക്ഷണം കൊണ്ടു വന്നു കൊടുത്തിരിക്കുമോ എന്നു ശിഷ്യൻമാർ പരസ്പരം പറഞ്ഞു. യേശു പറഞ്ഞു: എന്നെ അയച്ചവന്റെ ഇഷ്ട്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം. നാലുമാസം കൂടി കഴിഞ്ഞാൽ, വിളവെടുപ്പായി എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ ഞാൻ പറയുന്നു, നിങ്ങൾ കണ്ണുകളുയർത്തി വയലുകളിലേക്കു നോക്കുവിൻ. അവ ഇപ്പോൾത്തന്നെ വിളഞ്ഞ് കൊയ്ത്തിനുപാകമായിരിക്കുന്നു. കൊയ്യുന്നവനു കൂലി കിട്ടുകയും അവൻ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു. വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നതു മറ്റൊരുവൻ എന്നചൊല്ല് ഇവിടെ സാർഥകമാ യിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വിളവുശേഖരിക്കാൻ ഞാൻ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ് അധ്വാനിച്ചത്. അവരുടെ അധ്വാനത്തിൻറെ ഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു (‘ഞാൻ ചെയ്തതെല്ലാം അവൻ എന്നോടു പറഞ്ഞു’ എന്ന ആ സ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരിൽ അനേകർ അവനിൽ വിശ്വസിച്ചു. ആ സമരിയാക്കാർ അവൻ അടുത്തുവന്ന് തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്ഷിക്കുകയും അവൻ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു. അവന്റെ വചനം ശ്രവിച്ച് മറ്റു പലരും അവനിൽ വിശ്വസിച്ചു. അവർ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേൽ ഞങ്ങൾ വിശ്വസിക്കുന്നത് നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങൾതന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാർഥത്തിൽ ലോകരക്ഷകൻ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു).



