Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 16  വചനവായന

ജനുവരി 16  വെള്ളി

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവുനിമിത്തം അന്നു നിങ്ങൾ വിലപിക്കും. എന്നാൽ കർത്താവ് നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല.

     അക്കാലത്ത്, ഇസ്രായേലിലെ ശ്രേഷ്‌ഠൻമാർ റാമായിൽ സാമുവലിന്റെ സന്നിധിയിൽ ഒരുമിച്ചുകൂടി. അവർ പറഞ്ഞു: അങ്ങു വ്യദ്ധനായി; പുത്രൻമാരാകട്ടെ, അങ്ങയുടെ മാർഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകൾക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങൾക്കും നിയമിച്ചുതരുക. ഞങ്ങൾക്ക് ഒരു രാജാവിനെ തരുക എന്ന് അവർ പറഞ്ഞത് സാമുവലിന് ഇഷ്ടമായില്ല. അവൻ കർത്താവിനോടു പ്രാർഥിച്ചു. അവിടന്ന് സാമുവലിനോടു പറഞ്ഞു: ജനം പറയുന്നതു കേൾക്കുക. അവർ നിന്നെയല്ല തങ്ങളുടെ രാജാവായ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്.

രാജാവിനെ ആവശ്യപ്പെട്ടവരോട് കർത്താവിന്റെ വാക്ക് സാമുവൽ അറിയിച്ചു. നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും: തന്റെ  രഥത്തിൻ്റെ മുമ്പിൽ ഓടാൻ തേരാളികളും അശ്വഭടൻമാരുമായി അവൻ നിങ്ങളുടെ പുത്രൻമാരെ നിയോഗിക്കും. ആയിരങ്ങളുടെയും അൻപതുകളുടെയും അധിപൻമാരായി അവൻ അവരെ നിയമിക്കും. ഉഴവുകാരും കൊയ്ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണ നിർമാതാക്കളുമായി അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളും ആക്കും. നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച് ഏറ്റവും നല്ലത് അവൻ തന്റെ  സേവകർക്കു നല് കും. നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശ മെടുത്ത് അവൻ തൻ്റെ കിങ്കരൻമാർക്കും ഭ്യത്യൻമാർക്കും നല് കും. നിങ്ങളുടെ ദാസൻമാരെയും ദാസികളെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും അവൻ തൻ്റെ ജോലിക്കു നിയോഗിക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ  അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവു നിമിത്തം അന്നു നിങ്ങൾ വിലപിക്കും. എന്നാൽ, കർത്താവ് നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല,

സാമുവലിന്റെ വാക്കുകൾ ജനം അവഗണിച്ചു. അവർ പറഞ്ഞു: ഞങ്ങൾക്കു രാജാവിനെ കിട്ടണം. ഞങ്ങൾക്കും മറ്റു ജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങൾക്കുവേണ്ടി പടവെട്ടുകയും ചെയ്യണം. ജനങ്ങൾ പറഞ്ഞത് സാമുവൽ കർത്താവിൻ്റെ മുൻപിൽ ഉണർത്തിച്ചു. അവിടന്ന് അവനോടു പറഞ്ഞു: അവരുടെ വാക്കനുസരിച്ച് അവർക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്കുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

 കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

ഉത്സവഘോഷത്താൽ അങ്ങയെ സ്തുതിക്കുന്നവർ ഭാഗ്യവാൻമാർ, കർത്താവേ, അവർ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തിൽ നടക്കുന്നു. അവർ നിത്യം അങ്ങയുടെ നാമത്തിൽ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

അങ്ങാണ് അവരുടെ ശക്തിയും മഹത്ത്വവും; അങ്ങയുടെ പ്രസാദം കൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയർന്നുനില്ക്കുന്നത്. കർത്താവാണു ഞങ്ങളുടെ പരിച; ഇസ്രായേലിന്റെ  പരിശുദ്ധനാണു ഞങ്ങളുടെ രാജാവ്.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

അല്ലേലൂയാ !

അല്ലേലൂയാ!  ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട്)

     കുറെ ദിവസങ്ങൾ കഴിഞ്ഞ്, യേശു കഫർണാമിൽ തിരിച്ചെത്തിയപ്പോൾ, അവൻ വീട്ടിലുണ്ട് എന്ന വാർത്ത പ്രചരിച്ചു. വാതില്ക്കൽപോലും നില്ക്കാൻ സ്‌ഥലം തികയാത്തവിധം നിരവധിയാളുകൾ അവിടെക്കൂടി. അവൻ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോൾ, നാലുപേർ ഒരു തളർവാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവൻ്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്‌ഥലത്തിന്റെ മേല്ക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: മകനേ, നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്‌ഞരിൽ ചിലർ അവിടെ ഇരിപ്പുണ്ടായിരുന്നു. അവർ ചിന്തിച്ചു: എന്തുകൊണ്ടാണ് ഇവൻ ഇപ്രകാരം സംസാരിക്കുന്നത്? ഇവൻ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപം ക്ഷമിക്കാൻ സാധിക്കുക? അവർ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നത്? ഏതാണ് എളുപ്പം? തളർവാതരോഗിയോട് നിന്റെ  പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നതോ, എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ?എന്നാൽ, ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന് അവൻ തളർവാതരോഗിയോടു പറഞ്ഞു – ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. തത് ക്ഷണം അവൻ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാൺകേ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല എന്നുപറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.