Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : തിങ്കൾ സെപ്തംബർ : 01 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (4:13-18)

(യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും)

സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും. കർത്താവിന്റെ പ്രത്യാഗമനംവരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്രപ്രാപിച്ചവർക്കു മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനം ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ, അധികാരപൂർണമായ ആജ്‌ഞാവചനം കേൾക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ, കർത്താവ് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരണമടഞ്ഞവർ ആദ്യം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും. അപ്പോൾ ജീവിച്ചിരിക്കുന്നവരായി നമ്മിൽ അവശേഷിക്കുന്നവർ, ആകാശത്തിൽ കർത്താവിനെ എതിരേല്ക്കാനായി അവരോടൊപ്പം മേഘങ്ങളിൽ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കുകയും ചെയ്യും. അതിനാൽ, ഈ വാക്കുകളാൽ നിങ്ങൾ പരസ്‌പം ആശ്വസിപ്പിക്കുവിൻ.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (96: 1+3, 4-5, 11-12, 13)

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്തുതിക്കട്ടെ! ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ; ജനപദങ്ങളുടെയിടയിൽ അവിടത്തെ അദ്ഭുത പ്രവൃത്തികൾ വർണിക്കുവിൻ.

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

എന്തെന്നാൽ, കർത്താവ് ഉന്നതനും അത്യന്തം സ്‌തുത്യർഹനുമാണ്; സകലദേവൻമാരെയുംകാൾ ഭയപ്പെടേണ്ടവനുമാണ്. ജനതകളുടെ ദേവൻമാർ വിഗ്രഹങ്ങൾ മാത്രം; എന്നാൽ, കർത്താവ് ആകാശത്തിൻ്റെ സ്രഷ്ടാവാണ്.

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവുംഅതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ! അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും.

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

എന്തെന്നാൽ, അവിടന്നു വരുന്നു; അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു: അവിടന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (Cf. ലൂക്കാ 4:18).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവിൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (4: 16-30)

(ദരിദ്രരെ സുവിശേഷം അറിയിക്കാൻ എന്നെ അയച്ചിരിക്കുന്നു; ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല)

അക്കാലത്ത്, യേശു താൻ വളർന്ന സ്‌ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകം അവനു നല്‌കപ്പെട്ടു. പുസ്‌തകം തുറന്നപ്പോൾ ഇപ്രകാരം എഴുതിയിരിക്കുന്നത് അവൻ കണ്ടു: കർത്താവിന്റെ ആത്‌മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്‌ധിതർക്കു മോചനവും അന്‌ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്‌തകം അടച്ച് ശുശ്രൂഷകനെ ഏല്‌പിച്ചശേഷം അവൻ ഇരുന്നു. സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവൻ അവരോടു പറയാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവിൽനിന്നു പുറപ്പെട്ട കൃപാവചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു‌. ഇവൻ ജോസഫിൻ്റെ മകനല്ലേ എന്ന് അവർ ചോദിച്ചു. അവൻ അവരോടു പറഞ്ഞു: വൈദ്യാ, നിന്നത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട് തീർച്ചയായും നിങ്ങൾ എന്നോട്, കഫർണാമിൽ നീ ചെയ്ത അദ്ഭുതങ്ങൾ ഇവിടെ നിൻ്റെ സ്വന്തം സ്‌ഥലത്തും ചെയ്യുക എന്നു പറയും. എന്നാൽ, സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം വിധവകളുണ്ടായിരുന്നു. അന്ന് മൂന്നു വർഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാൽ, സീദോനിൽ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. എന്നാൽ, അവരിൽ സിറിയാക്കാരനായ നാമാൻ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല. ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിൽനിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തിൽനിന്നു താഴേക്കു തള്ളിയിടാനായികൊണ്ടുപോവുകയും ചെയ്തു. എന്നാൽ, അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.