ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (1 : 15-17)
(യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ്)
യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളിൽ ഒന്നാമനാണു ഞാൻ. എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവൻ ലഭിക്കാൻ, യേശു ക്രിസ്തുവിൽ വിശ്വസിക്കാനിരിക്കുന്നവർക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളിൽ ഒന്നാമനായ എന്നിൽ അവന്റെ പൂർണമായ ക്ഷമ പ്രകടമാക്കുന്നതിനുവേണ്ടിയാണ്. യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏക ദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്ത്വവുമുണ്ടായിരിക്കട്ടെ! ആമേൻ.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (113 : 1-2, 3-4, 5a + 6-7)
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ! (അല്ലെങ്കിൽ: അല്ലേലൂയാ!)
കർത്താവിനെ സ്‌തുതിക്കുവിൻ! കർത്താവിന്റെ ദാസരേ, അവിടത്തെ സ്തുതിക്കുവിൻ! കർത്താവിൻ്റെ നാമം സ്തുതിക്കുവിൻ! കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്ത പ്പെടട്ടെ!
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
ഉദയം മുതൽ അസ്‌തമയംവരെ കർത്താവിൻ്റെ നാമം വാഴ്ത്തപ്പെടട്ടെ! കർത്താവു സകല ജനതകളുടെയുംമേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവി ടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു. അവിടന്നു ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു; അഗതി യെ ചാരക്കൂനയിൽനിന്ന് ഉദ്‌ധരിക്കുന്നു.
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 14:23).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (6: 43-49)
(നിങ്ങൾ എന്നെ ‘കർത്താവേ’, ‘കർത്താവേ’ എന്നു വിളിക്കയും ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കയും ചെയ്യുന്നതെന്തുകൊണ്ട്?)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്‌തു: നല്ല വൃക്‌ഷം ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്‌ഷം നല്ല ഫലങ്ങളും. ഓരോ വൃക്‌ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുൾച്ചെടിയിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ. നല്ല മനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നൻമ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യൻ തിൻമയിൽനിന്നു തിൻമ പുറപ്പെടുവിക്കുന്നു. ഹൃദയത്തിൻ്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
നിങ്ങൾ എന്നെ കർത്താവേ, കർത്താവേ, എന്നു വിളിക്കുകയും ഞാൻ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? എന്റെ അടുത്തുവന്ന് എന്റെ വചനം കേൾക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവൻ ആർക്കു സദൃശനാണെന്ന് ഞാൻ വ്യക്തമാക്കാം. ആഴത്തിൽ കുഴിച്ച് പാറമേൽ അടിസ്‌ഥാനമിട്ട് വീടുപണിത മനുഷ്യനോടു സദൃശനാണ് അവൻ. വെള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിൻമേൽ ആഞ്ഞടിക്കുകയും ചെയ്‌തു. എന്നാൽ ആ വീടിനെ ഇളക്കാൻ കഴിഞ്ഞില്ല; എന്തെന്നാൽ, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു. വചനം കേൾക്കുകയും എന്നാൽ, അതനുസരിച്ചു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഉറപ്പില്ലാത്ത തറമേൽ വീടുപണിതവനു തുല്യൻ. ജലപ്രവാഹം അതിൻമേൽ ആഞ്ഞടിച്ചു; ഉടനേ അതു നിലംപതിച്ചു. ആ വീടിന്റെ തകർച്ച വലുതായിരുന്നു.




