Word of God

ആഗമനകാലം ഡിസംബർ 22 വചനവായന

നാലാം വാരം തിങ്കൾ

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(സാമുവലിന്റെ ജനനത്തിന് അന്നാ നന്ദിപറയുന്നു)

പിന്നീട് മൂന്നുവയസ്‌സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടുകൂടെ അവൾ അവനെ ഷീലോയിൽ കർത്താവിന്റെ ആലയത്തിലേക്കു കൊണ്ടു വന്നു; സാമുവൽ അപ്പോൾ ബാലനായിരുന്നു. അവർ കാളക്കുട്ടിയെ ബലിയർപ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കൽ കൊണ്ടുവന്നു. അവൾ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പിൽനിന്ന് കർത്താവിനോടു പ്രാർഥിച്ച സ്ത്രീതന്നെയാണ് ഞാൻ. ഈ കുഞ്ഞിനുവേണ്ടിയാണു ഞാൻ പ്രാർഥിച്ചത്; എന്റെ പ്രാർഥന കർത്താവ് കേട്ടു. ആകയാൽ, ഞാൻ അവനെ കർത്താവിനു സമർപ്പിച്ചിരിക്കുന്നു. ആജീവനാന്തം അവൻ കർത്താവിനുള്ളവനായിരിക്കും. അവർ കർത്താവിനെ ആരാധിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കർത്താവിൽ ഉയർന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊൽ. അവിടത്തെ രക്‌ഷയിൽ ഞാൻ ആനന്ദിക്കുന്നു

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

വീരൻമാരുടെ വില്ലുകൾ തകരുന്നു. ബലഹീനരാകട്ടെ, ശക്തി പ്രാപിക്കുന്നു. സുഭിക്ഷം അനുഭവിച്ചിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു. വിശപ്പ് അനുഭവിച്ചിരുന്നവർ സംതൃപ്തിയടയുന്നു, വന്ധ്യ ഏഴു പ്രസവിക്കുന്നു. സന്താന സമ്പത്തുള്ളവൾ നിരാലംബയാകുന്നു.

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദരിദ്രനും ധനികനും ആക്കുന്നത് കർത്താവാണ്. താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.

എൻ്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! ജനങ്ങളുടെ രാജാവും സഭയുടെ മൂലക്കല്ലുമായ കർത്താവേ, മണ്ണുകൊണ്ട് അങ്ങു ചമച്ച മനുഷ്യനെ രക്ഷിക്കാൻ വരുക – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു)

അക്കാലത്ത്, മറിയം പറഞ്ഞു : എൻ്റെ ആത്മാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തന്റെ ദാസിയുടെ താഴ്‌മ കടാക്‌ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടത്തെ നാമം പരിശുദ്‌ധമാണ്. അവിടത്തെ ഭക്‌തരുടെമേൽ തലമുറകൾ തോറും അവിടന്ന് കരുണ വർഷിക്കും. അവിടന്ന് തന്റെ ഭുജംകൊണ്ട് ശക്‌തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്‌തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്‌തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ‌രിച്ചുകൊണ്ട് അവിടന്ന് തൻ്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കൻമാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ. മറിയം അവളുടെ കൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.