സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സെപ്റ്റംബർ 14 ഞായറാഴ്ച്ച, 21-ാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെയും വിശ്വാസ സാക്ഷികളുടെയും അനുസ്മരണത്തോടനുബന്ധിച്ച്, റോമിലെ വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം ലളിതമായ രീതിയിൽ ഇതര ക്രൈസ്തവ സഭാ പ്രതിനിധികൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പ ജന്മദിനം ആഘോഷിച്ചു.
ബസിലിക്കയുടെ സങ്കീർത്തിയിൽ വച്ച് വിവിധ ക്രിസ്ത്യൻ സഭകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളെ അഭിവാദ്യം ചെയ്തശേഷം പിനോത്തേക്ക ശാലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കർദ്ദിനാൾ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജോവാന്നി ബാത്തിസ്ത്ത റേ പരിശുദ്ധ പിതാവിന് ജന്മദിനാശംസകൾ നേർന്നു സംസാരിച്ചു. ലളിതമായ ചടങ്ങിൽ പാപ്പാ കേക്ക് മുറിക്കുകയും, പാപ്പായ്ക്കായി ജന്മദിന ആശംസാഗാനം ആലപിക്കുകയും ചെയ്തു.
തന്റെ ദൈവവിളിയുടെ തുടക്കം മുതൽ എപ്പോഴും തന്റെ ഇഷ്ടത്തിനല്ല മറിച്ച്, ദൈവത്തിന്റെ ഇഷ്ടത്തിനാണ് മുൻതൂക്കം നല്കിയിരുന്നതെന്ന് പാപ്പാ പറഞ്ഞു. എക്യുമെനിക്കൽ കൂട്ടായ്മയ്ക്കും, കുരിശിന്റെ പുകഴ്ചയുടെ ദിവസത്തിൽ ജന്മദിന ആഘോഷത്തിനായി യാദൃശ്ചികമായി ഒത്തുചേർന്നവർക്കും പാപ്പാ നന്ദി അറിയിച്ചു.




