സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതി യുവജന അസംബ്ലി സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര, ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്ന പരിപാടിക്ക് ഫൊറോന പ്രസിഡന്റ് ഷിജിൻ സി.എസ്. കെ.സി.വൈ.എം. പതാക ഉയർത്തി തുടക്കം കുറിച്ചു.
നെയ്യാറ്റിൻകര ഫൊറോനയിലെ 15 യൂണിറ്റുകളിൽ നിന്നുമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ യുവജന അസംബ്ലിയിൽ പങ്കെടുത്തു. യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണത്തെ തുടർന്ന് ഫൊറോന സമിതിയുടെ വാർഷിക റിപ്പോർട്ടും കണക്കും അസംബ്ലിയിൽ അവതരിപ്പിച്ച് പാസ്സാക്കി.
ഫൊറോന സമിതിയിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും യുവജന അസംബ്ലിയിൽ നടന്നു. കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ് ആന്റോ ആന്റണിയും മറ്റ് രൂപതാ സമിതി അംഗങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. നെയ്യാറ്റിൻകര കത്തീഡ്രൽ യൂണിറ്റ് അംഗം കുമാരി കാർത്തിക ബി.എ. വൈസ് പ്രസിഡന്റായും കുഴിവിള യൂണിറ്റ് അംഗം ക്രിസ്ബിൻ പി. ഫൊറോന കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിനെത്തുടർന്ന് പുതിയ സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയും പ്രസിഡന്റ് ഷിജിൻ സി.എസ്. അവരെ സമിതിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.




