സ്വന്തം ലേഖകൻ
വെള്ളറട: കർമ്മലമാതാ മല തീർത്ഥാടനത്തോടനുബന്ധിച്ച് തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം സംഘടിപ്പിച്ച പീസ് ഫെസ്റ്റ് -2K25 എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്. വഴുതക്കാട് മൗണ്ട് കാർമ്മൽ ആശ്രമം പ്രൊവിൻഷ്യൽ ഫാ. പീറ്റർ ചക്യത്ത് ഒ.സി.ഡി. (ആത്മീയം), മുൻ മന്ത്രി ബിനോയ് വിശ്വം (രാഷ്ട്രീയം – പൊതുപ്രവർത്തനം), പ്രസിദ്ധ ചരിത്ര രചയിതാവ് അഡ്വ.പി. ദേവദാസ് (സാംസ്കാരികം) എന്നിവർക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നതെന്ന് ഡയറക്ടർ മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ അറിയിച്ചു.
2023 ലാണ് പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡിന് രൂപം നൽകിയത്. തിരുവനന്തപുരം ആർച്ച്ബിഷപ് (എമിരിറ്റസ്) ഡോ. സൂസപാക്യം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (മരണാനന്തരം), മോൺ.ജി. ക്രിസ്തുദാസ് എന്നിവർക്ക് 2023 ലും ബിഷപ് വിൻസെന്റ് സാമുവൽ, മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഐ.എ.എസ്, ഡോ.കെ. പയസ് എന്നിവർക്ക് 2024ലും പുരസ്കാരം ലഭിച്ചിരുന്നു.
69-ാമത് തെക്കൻ കുരിശുമല തീർത്ഥാടനത്തോടനുബന്ധിച്ച് മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം 7.30 ന് സംഗമ വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടക്കും. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളെയും ആദരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.



