മാർച്ച് 05 വ്യാഴം
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗൃഹീതൻ)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കർത്താവിൽനിന്ന് ഹൃദയം തിരിക്കുന്നവൻ ശപ്തൻ. അവൻ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിർജനമായ ഓരുനിലത്ത് അവൻ വസിക്കും. കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗ ഹീതൻ; അവൻ പ്രത്യാശ അവിടന്നുതന്നെ. അവൻ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരുന്നിയിരിക്കുന്നു. അത് വേനല്ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നല്‌കിക്കൊണ്ടേയിരിക്കും. ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാം വിധം ദുഷിച്ചതുമാണ്. അതിനെ ആർക്കാണു മനസ്‌സിലാക്കാൻ കഴിയുക? കർത്താവായ ഞാൻ മനസ്‌സിനെ പരിശോധിക്കു കയും ഹൃദയത്തെ പരീക്‌ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാൻ പ്രതിഫലം നല്‌കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ. അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലംതരുന്നതും ഇലകൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ് അവൻ; അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
ദുഷ്‌ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ. കർത്താവ് നീതിമാൻമാരുടെ മാർഗം അറിയുന്നു; ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്‌ചയും.
ഉത്കൃഷ്‌ടവും നിർമലവുമായ ഹൃദയത്തിൽ ദൈവവചനം സംഗ്രഹിച്ച് ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ ഭാഗ്യവാന്മാർ,
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്ച്‌ചയും.
സുവിശേഷം
ലുക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ. കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.)
അക്കാലത്ത്, യേശു ഫരിസേയരോട് അരുൾചെയ്തു. ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ചെമന്ന പട്ടും മ്യദുല വസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്‌ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതില്ക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ട് വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതൻമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ണുകൾ ഉയർത്തി നോക്കി; ദുരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു. അവൻ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ കനിയണമേ! തൻ്റെ വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാൻ ഈ അഗ്നിജ്വാലയിൽക്കിടന്ന് യാതനയനു ഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓർമിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ട്‌ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്ന് നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല. അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരൻമാരുണ്ട്. അവരും പീഡകളുടെ ഈ സ്‌ഥലത്തു വരാതിരിക്കേണ്ടതിന് അവൻ അവർക്കു സാക്ഷ്യം നല്കട്ടെ. അബ്രാഹം പറഞ്ഞു: അവർക്കു മോശയും പ്രവാചകൻമാരും ഉണ്ടല്ലോ. അവരുടെ വാക്കുകേൾക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരിൽ ഒരുവൻ ചെന്നു പറഞ്ഞാൽ അവർ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകൻമാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്കു ബോധ്യമാവുകയില്ല.



