മാർച്ച് 14 ശനി
ഒന്നാം വായന
ഹോസിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(ബലിയല്ല. സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്)
വരുവിൻ, നമുക്കു കർത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടന്നുതന്നെ സുഖപ്പെടുത്തും. അവിടന്ന് നമ്മെ പ്രഹരിച്ചു; അവിടന്നുതന്നെ മുറിവുകൾ വച്ചുകെട്ടും. രണ്ടു ദിവസത്തിനുശേഷം അവിടന്ന് നമുക്കു ജീവൻ തിരിച്ചുതരും. മൂന്നാം ദിവസം അവിടന്ന് നമ്മെ ഉയിർപ്പിക്കും. നാം അവിടത്തെ സന്നിധിയിൽ ജീവിക്കേണ്ടതിനു തന്നെ. കർത്താവിനെ അറിയാൻ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടത്തെ ആഗമനം പ്രഭാതംപോലെ സുനിശ്ചിതമാണ്. മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ, അവിടന്ന് നമ്മുടെമേൽ വരും.
എഫ്രായിം, ഞാൻ നിന്നോടെന്തു ചെയ്യും? യൂദാ, ഞാൻ നിന്നോടെന്തു ചെയ്യും? നിന്റെ സ്നേഹം പ്രഭാതമേഘം പോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്. അതുകൊണ്ട്, പ്രവാചകൻമാർവഴി അവരെ ഞാൻ വെട്ടിവീഴ്ത്തി. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കുകളാൽ അവരെ ഞാൻ വധിച്ചു. എൻ്റെ വിധി പ്രകാശംപോലെ പരക്കുന്നു. ബലിയല്ല, സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല, ദൈവജ്ഞാനമാണ് എനിക്കിഷ്ടം.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ബലിയല്ല, സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എന്റെ അകൃത്യം നിശേഷം കഴുകിക്കളയണാമേ ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ബലിയല്ല, സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്
ബലികളിൽ അങ്ങ് പ്രസാദിക്കുന്നില്ല. ഞാൻ ദഹനബലി അർപ്പിച്ചാൽ അങ്ങു സന്തുഷ്ടനാവുകയുമില്ല. ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ബലിയല്ല, സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്
അങ്ങു പ്രസാദിച്ച് സീയോനു നൻമ ചെയ്യണമേ! ജറുസലേമിൻ്റെ കോട്ടകൾ പുതുക്കിപ്പണിയണമേ! അപ്പോൾ അവിടന്ന് നിർദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂർണ ദഹനബലികളിലും പ്രസാദിക്കും.
ബലിയല്ല, സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു മഹത്ത്വവും സ്തുതിയും.
ഇന്ന് നിങ്ങൾ ഹൃദയം കഠിനമാക്കാതെ കർത്താവിൻ്റെ സ്വരം ശ്രവിക്കുവിൻ.
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു മഹത്ത്വവും സ്തുതിയും.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ചുങ്കക്കാരൻ ആ ഫരിസേയനെക്കാൾ നീതിമത്കരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി)
അക്കാലത്ത്, തങ്ങൾ നീതിമാൻമാരാണ് എന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവൻ ഈ ഉപമ പറഞ്ഞു: രണ്ടു പേർ പ്രാർഥിക്കാൻ ദേവാലയത്തിലേക്കുപോയി- ഒരാൾ ഫരിസേയനും മറ്റേയാൾ ചുങ്കക്കാരനും. ഫരിസേയൻ നിന്നുകൊണ്ട് ഇങ്ങനെ പ്രാർഥിച്ചു. ദൈവമേ, ഞാൻ നിനക്കു നന്ദി പറയുന്നു. എന്തെന്നാൽ, ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാൻ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്ന് സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താൻപോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട് ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർഥിച്ചു. ഞാൻ നിങ്ങളോടു പറയുന്നു, ഇവൻ ആ ഫരിസേയനെക്കാൾ നീതിമത്കരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാൽ, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും



