മാർച്ച് 12 വ്യാഴം
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(തങ്ങളുടെ ദൈവമായ കർത്താവിൻ്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്)
കർത്താവ് ഇപ്രകാരം അരുളൾചെയ്യുന്നു: എന്റെ വാക്ക് അനുസരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. ഞാൻ നിങ്ങളോടു കല്‌പിക്കുന്ന മാർഗത്തിലൂടെ ചരിക്കുവിൻ; നിങ്ങൾക്കു ശുഭമായിരിക്കും. അവരാകട്ടെ, അനുസരിക്കുകയോ കേൾക്കുകപോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിൻ്റെ പ്രേരണയനുസരിച്ചു തന്നിഷ്ടം പോലെ അവർ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു. നിങ്ങളുടെ പിതാക്കൻമാർ ഈജിപ്തിൽനിന്നു പുറപ്പെട്ട നാൾ മുതൽ ഇന്നുവരെ തുടർച്ചയായി, എൻെറ ദാസൻമാരായ പ്രവാചകൻമാരെ അവരുടെ അടുക്കലേക്കു ഞാൻ അയച്ചു. എന്നാൽ അവർ എന്നെ അനുസരിക്കുകയോ ശ്രവിക്കുക പോലുമോ ചെയ്തില്ല പ്രത്യുത, മർക്കടമുഷ്‌ടിയോടെ അവർ തങ്ങളുടെ പൂർവികൻമാരെക്കാളധികം തിൻമചെയ്‌തു. ആകയാൽ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാൽ, അവർ കേൾക്കുകയില്ല. നീ അവരെ വിളിക്കണം; അവർ വിളി കേൾക്കുകയില്ല. നീ അവരോട് പറയണം: തങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കാത്ത, ശിക്ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്. സത്യം അസ്തമിച്ചിരിക്കുന്നു; അവരുടെ നാവിൽനിന്ന് അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്കു കർത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവം പാടിപ്പുകഴ്ത്താം. കൃതജ്‌ഞതാസ്തോത്രത്തോടെ അവിടത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്‌തുതിഗീതങ്ങൾ ആലപിക്കാം.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മുൻപിൽ മുട്ടുകുത്താം. എന്തെന്നാൽ, അവിടന്നാണു നമ്മുടെ ദൈവം. നാം അവിടന്നു മേയ്ക്കുന്ന ജനവും; അവിടന്നു പാലിക്കുന്ന അജഗണം.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! മെറീബായിൽ, മരുഭൂമിയിലെ മാസ്‌സായിൽ, ചെയ്‌തതു പോലെ നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കൻമാർ എന്നെ പരീക്‌ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവർ എന്നെ പരീക്‌ഷിച്ചു.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തുതിയും.
കർത്താവ് അരുൾചെയ്യുന്നു. ഇപ്പോഴെ ങ്കിലും നിങ്ങൾ പൂർണഹ്യദയത്തോടെ എൻ്റെ അടുക്കലേക്ക് തിരിച്ചുവരുവിൻ; എന്തെന്നാൽ ഞാൻ ഉദാരമതിയും കാരുണ്യ വാനുമാണ്.
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തുതിയും.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്)
അക്കാലത്ത്, അവൻ ഊമയായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോൾ ആ ഊമ സംസാരിച്ചു. ജനങ്ങൾ അദ്ഭുതപ്പെട്ടു. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബുലി നെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്. വേറെ ചിലർ അവനെ പരീക്ഷിക്കാൻ സ്വർഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങൾ അറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു: അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചു പോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും. സാത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാൽ അവൻെറ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബേൽസെബുലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബേൽസെ ബുലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ, നിങ്ങളുടെ പുത്രൻമാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധി കർത്താക്കളായിരിക്കും. എന്നാൽ, ദൈവകരംകൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു. ശക്‌തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവൽനില്ക്കുമ്പോൾ അവന്റെ വസ്‌തുക്കൾ സുരക്‌ഷിതമാണ്. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്‌പെടുത്തിയാൽ, അവൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ മറ്റവൻ അപഹരിക്കുകയും കൊള്ളമുതൽ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു.



