മാർച്ച് 10 ചൊവ്വ
ഒന്നാം വായന
ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!)
അക്കാലത്ത്, അസറിയാ എഴുന്നേറ്റുനിന്നു പ്രാർഥിച്ചു: അഗ്നിയുടെ മധ്യത്തിൽ അവൻ്റെ അധരങ്ങൾ കർത്താവിനെ പുകഴ്ത്തി:
കർത്താവേ, അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീർത്തും പരിത്യജിക്കരുതേ; അങ്ങയുടെ ഉടമ്പടി ലംഘിക്കരുതേ. അങ്ങയുടെ സ്നേഹഭാജനമായ അബ്രാഹത്തെയും അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്ധനായ ഇസ്രായേലിനെയും അനുസ്‌മരിച്ച്, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ നിന്നു പിൻവലിച്ചുകളയരുതേ! ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടല്ത്തീരത്തെ മണൽപോലെയും അവരുടെ സന്തതികളെ വർധിപ്പിക്കുമെന്ന് അങ്ങ് വാഗ്ദാനംചെയ്തിട്ടുണ്ടല്ലോ. കർത്താവേ, ഞങ്ങൾ മറ്റേതൊരു ജനതയെയുംകാൾ എണ്ണത്തിൽ കുറവായി. ഞങ്ങളുടെ പാപങ്ങൾ നിമിത്തം ഞങ്ങൾ ഇപ്പോഴിതാ, ലോകത്തിൽ ഏറ്റവും നിന്ദ്യരായിരിക്കുന്നു. ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ ദാഹനബലിയോ മറ്റു ബലികളോ അർച്ചനയോ ധൂപമോ ഞങ്ങൾക്കില്ല.അങ്ങേക്കു ബലിയർപ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങൾക്കില്ല. പക്ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന് ആടുകളും കൊണ്ടുള്ള ബലിയാലെന്നപോലെ, പശ്ചാത്താപവിവശയായ ഹൃദയത്തോടും വിനീതമനസ്സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ! ഇന്ന് അങ്ങയുടെ സന്നിധിയിൽ ഞങ്ങളുടെ ബലി ഇങ്ങനെയാണ്. ഞങ്ങൾ പൂർണഹൃദയത്തോടെ അങ്ങയെ അനുഗമിക്കും; എന്തെന്നാൽ, അങ്ങിൽ ആശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടിവരുകയില്ല. ഇപ്പോൾ പൂർണഹൃദയത്തോടെ ഞങ്ങൾ അങ്ങയെ അനുഗമിക്കുന്നു; ഞങ്ങൾ അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ മുഖം തേടുകയും ചെയ്യുന്നു. ഞങ്ങൾ ലജ്ജിക്കാൻ ഇടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനും ക്ഷമയ്ക്കും അനുസൃതമായി ഞങ്ങളോടു വർത്തിക്കണമേ! അങ്ങയുടെ അദ്ഭുതപ്രവൃത്തികൾക്കൊത്ത് ഞങ്ങൾക്കു മോചനം നല്കണമേ! കർത്താവേ, അങ്ങയുടെ നാമത്തിനു മഹത്ത്വം നല്‌കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവർ ലജ്ജിതരാകട്ടെ!
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
കർത്താവേ, അങ്ങയുടെ മാർഗങ്ങൾ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
കർത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! കർത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി കരുണാപൂർവം എന്നെ അനുസ്മരിക്കണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടന്നു നേർവഴികാട്ടുന്നു. എളിയവരെ അവിടന്നു നീതിമാർഗത്തിൽ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കർത്താവേ, അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും
കർത്താവ് അരുൾചെയ്യുന്നു:ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടെ എൻ്റെ അടുക്കലേക്ക് തിരിച്ചുവരുവിൻ; എന്തെന്നാൽ, ഞാൻ ഉദാരമതിയും കാരുണ്യവാനുമാണ്.
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു മഹത്ത്വവും സ്‌തുതിയും.
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ സഹോദരനോട് ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും)
അക്കാലത്ത്, പത്രോസ് യേശുവിൻ്റെ അടുക്കൽ വന്ന് അവനോടു ചോദിച്ചു: കർത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുൾചെയ്‌തു: ഏഴെന്നല്ല, ഏഴ് എഴു പതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു.
സ്വർഗരാജ്യം, തൻ്റെ സേവകൻമാരുടെ കണക്കു തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീർക്കാനാരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവർ അവന്റെ മുമ്പിൽ കൊണ്ടുവന്നു. അവന് അതു വീട്ടാൻ നിർവാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്‌തവസ്‌തുക്കളെയും വിറ്റു കടം വീട്ടാൻ യജമാനൻ കല്‌പിച്ചു. അപ്പോൾ സേവകൻ വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാൻ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനൻ മനസ്‌സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു. അവൻ പുറത്തിറങ്ങിയപ്പോൾ, തനിക്ക് നൂറു ദനാറ നല്‌കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവൻ പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീർക്കുക. അപ്പോൾ ആ സഹസേവകൻ അവനോട് വീണപേക്‌ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാൻ തന്നുവീട്ടിക്കൊള്ളാം. എന്നാൽ, അവൻ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവൻ കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകൻമാർ വളരെ സങ്കടപ്പെട്ടു. അവർ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനൻ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാൻ ഇളച്ചു തന്നു. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ, നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനൻ കോപിച്ച് കടം മുഴുവൻ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതർക്ക് ഏല്‌പിച്ചുകൊടുത്തു. നിങ്ങൾ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും.



