Word of God

തപസ്സുകാലം : നാലാം ഞായർ വചന വായന

മാർച്ച് 16 തിങ്കൾ

ഒന്നാം വായന

സാമുവലിന്റെ ഒന്നാംപുസ്‌തകത്തിൽനിന്ന്

(ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷിക്തനായി)

അക്കാലത്ത്, കർത്താവ് സാമുവലിനോട് അരുൾചെയ്തു: കുഴലിൽ തൈലം നിറച്ചു പുറപ്പെടുക. ഞാൻ നിന്നെ ബേലെഹെം കാരനായ ജസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു.

അവൻ വന്നപ്പോൾ സാമുവൽ ഏലിയാബിനെ ശ്രദ്‌ധിച്ചു. കർത്താവിന്റെ അഭിഷിക്തനാണു മുൻപിൽ നില്ക്കുന്നതെന്ന് അവനു തോന്നി. എന്നാൽ, കർത്താവ് സാമുവലിനോടു കല് പിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാൻ തിരസ്ക്‌കരിച്ചതാണ്. മനുഷ്യൻ കാണുന്നതല്ല, കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്‌ധിക്കുന്നു; കർത്താവാകട്ടെ, ഹൃദയഭാവത്തിലും.

ജസ്സെ തന്റെ ഏഴു പുത്രൻമാരെ സാമുവലിന്റെ മുൻപിൽ കൊണ്ടുവന്നു. അവൻ ജെസ്സയോട് പറഞ്ഞു: ഇവരെയാരെയും കർത്താവ് തിരഞ്ഞെടുത്തിട്ടില്ല. നിന്റെ പുത്രൻമാർ എല്ലാവരുമായോ എന്ന് സാമുവൽ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവൻ ആടുകളെ മേയിക്കാൻപോയിരിക്കുകയാണ്, അവൻ പറഞ്ഞു. അവനെ ആളയച്ചു വരുത്താൻ സാമുവൽ ആവശ്യപ്പെട്ടു. അവൻ വന്നിട്ടേ ഞങ്ങൾ ഭക്ഷണം കഴിക്കുകയുള്ളൂ എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി. പവിഴനിറവും മനോഹരനയനങ്ങളുമുള്ള അവൻ സുന്ദരനായിരുന്നു. കർത്താവ് കല്‌പിച്ചു: എഴുന്നേറ്റ് അവനെഅഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവൻ അവൻതന്നെ. സാമുവൽ അവനെ സഹോദരൻമാരുടെ മുൻപിൽവച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകംചെയ്തു അന്നുമുതൽ കർത്താവിൻെറ ആത്മാവ് ദാവീദിൻമേൽ ശക്തമായി ആവസിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവാണ് എൻ്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കർത്താവാണ് എൻ്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്ത്തകിടിയിൽ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉൻമേഷംനല്കുന്നു;

കർത്താവാണ് എൻ്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.

കർത്താവാണ് എൻ്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കർത്താവാണ് എൻ്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(മരിച്ചവരിൽനിന്ന് എഴുന്നേല്ക്കുക. ക്രിസ്തു‌ നിൻ്റെമേൽ പ്രകാശിക്കും )

സഹോദരരേ, ഒരിക്കൽ നിങ്ങൾ അന്‌ധകാരമായിരുന്നു. ഇന്നു നിങ്ങൾ കർത്താവിൽ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വർത്തിക്കുവിൻ. പ്രകാശത്തിന്റെ ഫലം സകലനൻമയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്. കർത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിൻ. അന്‌ധകാരത്തിന്റെ നിഷ്‌ഫലമായ പ്രവർത്തനങ്ങളിൽ പങ്കുചേരരുത്; പകരം അവയെ കുറ്റപ്പെടുത്തുവിൻ. അവർ രഹസ്യത്തിൽ ചെയ്യുന്ന പ്രവൃത്തികളെ ക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും. ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്. അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്. ഉറങ്ങുന്നവനേ, ഉണരുക, മരിച്ചവരിൽനിന്ന് എഴുന്നേല്ക്കുക, ക്രിസ്തതു നിന്റെ മേൽ പ്രകാശിക്കും.

കർത്താവിന്റെ വചനം.

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിന്റെ വചനമേ അങ്ങേക്കു മഹത്ത്വം ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും. കർത്താവായ യേശുക്രിസ്‌തുവേ, ദൈവത്തിന്റെ വചനമേ, അങ്ങേക്കു മഹത്ത്വം.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൻ അവിടെപ്പോയി കഴുകുകയും കാഴ്ചപ്രാപിച്ചു തിരിയെ വരുകയും ചെയ്തു.

(അക്കാലത്ത് യേശു കടന്നുപോകുമ്പോൾ, ജന്മനാ അന്‌ധ നായ ഒരുവനെ കണ്ടു). ശിഷ്യൻമാർ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവൻ അന്‌ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്; ഇവൻെറയോ ഇവൻെറ മാതാപിതാക്കൻമാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവൻറയോ ഇവന്റെ മാതാപിതാക്കൻമാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്. എന്നെ അയച്ചവൻ പ്രവൃത്തികൾ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആർക്കും ജോലിചെയ്യാൻ കഴിയാത്ത രാത്രി വരുന്നു. ലോകത്തിലായിരിക്കുമ്പോൾ ഞാൻ ലോകത്തിന്റെ പ്രകാശമാണ്. ഇതു പറഞ്ഞിട്ട് അവൻ നിലത്തു തുപ്പി; തുപ്പൽകൊണ്ടു ചളിയുണ്ടാക്കി, അവന്റെ കണ്ണുകളിൽ പൂശിയിട്ട്, അവനോടു പറഞ്ഞു: നീ പോയി സീലോഹാ അയയ്ക്കപ്പെട്ടവൻ എന്നർഥം – കുളത്തിൽ കഴുകുക. അവൻ പോയി കഴുകി, കാഴ്ച‌യുള്ളവനായി തിരിച്ചുവന്നു. അയല്ക്കാരും അവനെ മുമ്പ് യാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവൻതന്നെയല്ലേ, അവിടെയിരുന്നു ഭിക്‌ഷയാചിച്ചിരുന്നവൻ? ചിലർ പറഞ്ഞു: ഇവൻതന്നെ, മറ്റുചിലർ പറഞ്ഞു: അല്ല, ഇവൻ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ. എന്നാൽ അവൻ പറഞ്ഞു: ഞാൻ തന്നെ. അപ്പോൾ അവർ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്റെ കണ്ണുകൾ തുറക്കപ്പെട്ടത്? അവൻ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യൻ ചളിയുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, സീലോഹായിൽ പോയി കഴുകുക എന്നു പറഞ്ഞു. ഞാൻ പോയി കഴുകി; എനിക്കു കാഴ്ച ലഭിച്ചു. എന്നിട്ട് അവനെവിടെ എന്ന് അവർ ചോദിച്ചു. എനിക്കറിഞ്ഞു കൂടാ എന്ന് അവൻ മറുപടി പറഞ്ഞു.

(മുമ്പ് അന്ധനായിരുന്ന അവനെ അവർ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു. യേശു ചളിയുണ്ടാക്കി അവന്റെ കണ്ണുകൾ തുറന്നത് ഒരു സാബത്തുദിവസമാണ്. വീണ്ടും ഫരിസേയർ അവനോട്, എങ്ങനെ അവനു കാഴ്ച ലഭിച്ചു എന്നു ചോദിച്ചു. അവൻ പറഞ്ഞു: അവൻ എന്റെ കണ്ണുകളിൽ ചളി പുരട്ടി; ഞാൻ കഴുകി; ഞാൻ കാണുകയും ചെയ്യുന്നു. ഫരിസേയരിൽ ചിലർ പറഞ്ഞു: ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല. എന്തെന്നാൽ, അവൻ സാബത്ത് ആചരിക്കുന്നില്ല. എന്നാൽ മറ്റുള്ളവർ പറഞ്ഞു: പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയും? അങ്ങനെ അവരുടെയിടയിൽ ഭിന്നതയുണ്ടായി. അപ്പോൾ ആ അന്ധനോടു വീണ്ടും അവർ ചോദിച്ചു: അവൻ നിന്റെ കണ്ണുകൾ തുറന്നല്ലോ; അവനെപ്പറ്റി നീ എന്തുപറയുന്നു? അവൻ പറഞ്ഞു: അവൻ ഒരു പ്രവാചകനാണ്). അവൻ അന്ധനായിരുന്നെന്നും കാഴ്ചപ്രാപിച്ചെന്നും, കാഴ്‌ച ലഭിച്ചവന്റെ മാതാപിതാക്കൻമാരെ വിളിച്ചു ചോദിക്കുവോളം, യഹൂദർ വിശ്വസിച്ചില്ല. അവർ ചോദിച്ചു: അന്‌ധനായി ജനിച്ചു എന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവനാണോ? ആണെങ്കിൽ എങ്ങനെയാണ്അവനിപ്പോൾ കാണുന്നത്? അവന്റെ മാതാപിതാക്കൻമാർ പറഞ്ഞു: അവൻ ഞങ്ങളുടെ മകനാണെന്നും അവൻ അന്‌ധനായി ജനിച്ചു എന്നും ഞങ്ങൾക്കറിയാം. എന്നാൽ, ഇപ്പോൾ അവൻ എങ്ങനെ കാണുന്നു എന്നും അവന്റെ കണ്ണുകൾ ആരു തുറന്നു എന്നും ഞങ്ങൾക്കറിഞ്ഞുകൂടാ. അത് അവനോടുതന്നെ ചോദിക്കുവിൻ. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച് അവൻ തന്നെ പറയും, അവന്റെ മാതാപിതാക്കൻമാർ ഇങ്ങനെ പറഞ്ഞത് യഹൂദരെ ഭയന്നിട്ടാണ്. കാരണം, യേശുവിനെ, ക്രിസ്തു എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാൽ അവനെ സിനഗോഗിൽനിന്നു പുറത്താക്കണമെന്ന് യഹൂദർ തീരുമാനിച്ചിരുന്നു. അതു കൊണ്ടാണ്, അവന്റെ മാതാപിതാക്കൻമാർ, “അവനു പ്രായമായല്ലോ; അവനോടുതന്നെ ചോദിക്കുവിൻ’ എന്നു പറഞ്ഞത്. അന്ധനായിരുന്ന അവനെ യഹൂദർ വീണ്ടും വിളിച്ച് അവനോടു പറഞ്ഞു: ദൈവത്തെ മഹത്ത്വപ്പെടുത്തുക. ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം. അവൻ പറഞ്ഞു: അവൻ പാപിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാൽ, ഒരു കാര്യം എനിക്കറിയാം. ഞാൻ അന്‌ധനായിരുന്നു; ഇപ്പോൾ ഞാൻ കാണുന്നു. അവർ ചോദിച്ചു: അവൻ നിനക്കുവേണ്ടി എന്തു ചെയ്തു? എങ്ങനെയാണ് അവൻ നിൻ്റെ കണ്ണുകൾ തുറന്നത്? അവൻ മറുപടി പറഞ്ഞു: നിങ്ങളോടു ഞാൻ പറഞ്ഞു കഴിഞ്ഞുവല്ലോ. അപ്പോൾ നിങ്ങൾ കേട്ടില്ല. എന്തുകൊണ്ടാണ് വീണ്ടും കേൾക്കാൻ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങളും അവൻറ ശിഷ്യരാകാൻ ഇച്ഛിക്കുന്നുവോ? അവനെ ശകാരിച്ചുകൊണ്ട് അവർ പറഞ്ഞു: നീയാണ് അവൻ്റെ ശിഷ്യൻ. ഞങ്ങൾ മോശയുടെ ശിഷ്യൻമാരാണ്. ദൈവം മോശയോടു സംസാരിച്ചുവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, ഈ മനുഷ്യൻ എവിടെനിന്നാണെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. അവൻ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവൻ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാൽ, അവൻ എൻ്റെ കണ്ണുകൾ തുറന്നു. ദൈവം പാപികളുടെ പ്രാർഥന കേൾക്കുകയില്ലെന്നു നമുക്കറിയാം.എന്നാൽ, ദൈവത്തെ ആരാധിക്കുകയും അവൻ ഇഷ്‌ടം പ്രവർത്തിക്കുകയും ചെയ്യുന്നവൻെറ പ്രാർഥന ദൈവം ശ്രവിക്കുന്നു. അന്‌ധനായിപ്പിറന്ന ഒരു മനുഷ്യൻ്റെ കണ്ണ് ആരും തുറന്നതായി ലോകാരംഭം മുതൽ ഇന്നോളം കേട്ടിട്ടില്ല. ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ലെങ്കിൽ ഒന്നും ചെയ്യാൻ അവനു കഴിയുമായിരുന്നില്ല. അപ്പോൾ അവർ പറഞ്ഞു: തികച്ചും പാപത്തിൽ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവർ അവനെ പുറത്താക്കി,

അവർ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോൾ യേശു ചോദിച്ചു: മനുഷ്യപുത്രനിൽ നീ വിശ്വസിക്കുന്നുവോ? അവൻ ചോദിച്ചു: കർത്താവേ, ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന് അവൻ ആരാണ്? യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവൻതന്നെയാണ് അവൻ. ‘കർത്താവേ, ഞാൻ വിശ്വസിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് അവൻ യേശുവിനെ പ്രണമിച്ചു). യേശു പറഞ്ഞു: കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്, ന്യായവിധിക്കായാണു ഞാൻ ഈ ലോകത്തിലേക്കു വന്നത്.

അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയർ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോൾ ഞങ്ങളും അന്‌ധരാണോ? യേശു അവരോടു പറഞ്ഞു: അന്‌ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ‘ഞങ്ങൾ കാണുന്നു’ എന്നു നിങ്ങൾ പറയുന്നു. അതുകൊണ്ട് നിങ്ങളിൽ പാപം നിലനില്ക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.