ഫെബ്രുവരി 25 ബുധൻ
ഒന്നാം വായന
യോനാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(തങ്ങളുടെ ദുഷ്ടതയിൽനിന്ന് അവർ പിൻതിരിഞ്ഞു)
യോനായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാൻ നൽകുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കർത്താവിന്റെ കല്പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കു പോയി. അത് വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാൻ മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തിൽ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വിളിച്ചുപറഞ്ഞു: നാല്‌പതു ദിവസം കഴിയുമ്പോൾ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാർത്ത നിനെവേരാജാവ് കേട്ടു. അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജകീയ വസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തിൽ ഇരുന്നു. അവൻ നിനെവേ മുഴുവൻ ഒരു വിളംബരം പ്രസിദ്‌ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കൻമാരുടെയും കല്‌പനയാണിത്. മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്‌ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുർമാർഗത്തിൽനിന്നും അക്രമങ്ങളിൽനിന്നും പിൻതിരിയട്ടെ! ദൈവം മനസ്‌സുമാറ്റി തൻ്റെ ക്രോധം പിൻവലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം. തങ്ങളുടെ ദുഷ്ടതയിൽനിന്ന് അവർ പിൻതിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്‌സുമാറ്റി; അവരുടെമേൽ അയയ്ക്കുമെന്നു പറഞ്ഞ തിൻമ അയച്ചില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എൻ്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്‌ധീകരിക്കണമേ!
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ!
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ബലികളിൽ അങ്ങു പ്രസാദിക്കുന്നില്ല. ഞാൻ ദഹനബലി അർപ്പിച്ചാൽ അങ്ങ് സന്തുഷ്‌ടനാവുകയുമില്ല. ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി, ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്‌തുതി.കർത്താവ് അരുൾചെയ്യുന്നു. നിങ്ങൾ
പൂർണ ഹൃദയത്തോടെ എൻ്റെ അടുക്കലേക്ക് തിരിച്ചുവരുവിൻ; ഞാൻ കാരുണ്യവാനും ക്ഷമാശീലനും എന്തെന്നാൽ സ്നേഹസമ്പന്നനുമാണ്.
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‌കപ്പെടുകയില്ല)
അക്കാലത്ത്, ജനക്കൂട്ടം വർധിച്ചുവന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‌കപ്പെടുകയില്ല. യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ, മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്‌ഷിണദേശത്തെ രാജ്‌ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമൻ വിജ്‌ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനെക്കാൾ വലിയവൻ! നിനെവേനിവാസികൾ വിധിദിനത്തിൽ ഈ തലമുറയോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവിധിക്കു കയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ!




