ഫെബ്രുവരി 10 ചൊവ്വ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുൾചെയ്‌തിട്ടുണ്ടല്ലോ)
അക്കാലത്ത്, സോളമൻ കർത്താവിന്റെ ബലിപീഠത്തിനു മുൻപിൽ ഇസ്രായേൽ ജനത്തിന്റെ സന്നിധിയിൽ, ഉന്നതങ്ങളിലേക്കു കരങ്ങളുയർത്തി പ്രാർഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കർത്താവേ, പൂർണഹൃദയത്തോടെ അങ്ങയുടെ സന്നിധിയിൽ വ്യാപരിക്കുന്ന ദാസൻമാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്നേഹം അവരുടെമേൽ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല.
എന്നാൽ, ദൈവം യഥാർഥത്തിൽ ഭൂമിയിൽ വസിക്കുമോ? അങ്ങയെ ഉൾക്കൊള്ളാൻ സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനും അസാധ്യമെങ്കിൽ, ഞാൻ നിർമിച്ച ഈ ഭവനം എത്ര അപര്യാപ്തം! എന്റെ ദൈവമായ കർത്താവേ, അങ്ങയുടെ ദാസന്റെ പ്രാർഥനകളും യാചനകളും ശ്രവിക്കണമേ! അങ്ങയുടെ ദാസൻ ഇന്നു തിരുമുൻപിൽ സമർപ്പിക്കുന്ന അർഥനകളും നിലവിളിയും കേൾക്കണമേ! അങ്ങയുടെ ദാസൻ ഈ ഭവനത്തിൽ വച്ചു സമർപ്പിക്കുന്ന പ്രാർഥന കേൾക്കുന്നതിന് അങ്ങയുടെ കടാക്ഷം ഇതിൻമേൽ രാപകൽ ഉണ്ടായിരിക്കണമേ! അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുൾചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ സമർപ്പിക്കുന്ന യാചനകൾ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വർഗത്തിൽ നിന്ന് ഞങ്ങളുടെ പ്രാർഥന കേട്ട് ഞങ്ങളോട് ക്‌ഷമിക്കണമേ!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്റെ ആത്മാവു കർത്താവിന്റെ അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു; എൻെറ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കർത്താവേ, കുരികിൽപ്പക്ഷി ഒരു സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ കണ്ടെത്തുന്നുവല്ലോ.
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്നേക്കും അങ്ങയെ സ്‌തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാൻമാർ. ഞങ്ങളുടെ പരിചയായ ദൈവമേ, അങ്ങയുടെ അഭിഷിക്‌തനെ കടാക്ഷിക്കണമേ!
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാൾ അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം ആയിരിക്കുന്നതു കൂടുതൽ അഭികാമ്യമാണ്; ദുഷ്ടതയുടെ കൂടാരങ്ങളിൽ വാഴുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവല്ക്കാരനാകാനാണു ഞാൻ ആഗ്രഹിക്കുന്നത്.
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
അല്ലേലൂയാ !
അല്ലേലൂയാ! ദൈവമേ, അങ്ങയുടെ കല്പ നകളിലേക്ക് എന്റെ ഹൃദയം തിരിക്കണമേ; കാരുണ്യപൂർവം അങ്ങ യുടെ നിയമം എന്നെ പഠിപ്പിക്കണമേ. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു)
അക്കാലത്ത്, ഫരിസേയരും ജറുസലേമിൽനിന്നു വന്ന ചില നിയമജ്‌ഞരും യേശുവിനുചുറ്റും കുടി. അവന്റെ ശിഷ്യൻമാരിൽ ചിലർ കൈകഴുകി ശുദ്‌ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പൂർവികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതു സ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്‌ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവർ അനുഷ്‌ഠിച്ചുപോന്നു. ഫരിസേയരും നിയമജ്‌ഞരും അവനോടു ചോദിച്ചു: നിൻെറ ശിഷ്യൻമാർ പൂർവികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്‌ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്? അവൻ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ, അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ ദൂരെയാണ്. വ്യർഥമായി അവർ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെപ്പിടിക്കുന്നു.
അവൻ തുടർന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാൻ വേണ്ടി നിങ്ങൾ കൗശലപൂർവം ദൈവകല്പന അവഗണിക്കുന്നു. എന്തെന്നാൽ, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചുപറയുന്നവൻ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരുവൻ തന്റെ പിതാവിനോടോ മാതാവിനോടോ, നിങ്ങൾക്ക് എന്നിൽ നിന്നു ലഭിക്കേണ്ടത് കൊർബ്ബാൻ - അതായത് വഴിപാട് - ആണ് എന്നു പറഞ്ഞാൽ മതി എന്നു നിങ്ങൾ പറയുന്നു. പിന്നെ പിതാവിനോ മാതാവിനോ വേണ്ടി ഒന്നും ചെയ്യാൻ നിങ്ങൾ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. അങ്ങനെ, നിങ്ങൾക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങൾ നിരർഥകമാക്കുന്നു. ഇതു പോലെ പലതും നിങ്ങൾ ചെയ്യുന്നു.




