Kerala

മിഷണറി പ്രവർത്തനം മനുഷ്യക്കടത്തോ? രതീഷ് നെയ്യാറ്റിൻകരയുടെ അനുഭവം

സ്വന്തം ലേഖകൻ

നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാൽ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു അമ്മയും മൂന്ന് മക്കളും മരിക്കും. പുറത്ത് പെരു മഴയും കാറ്റും.ആകെയുള്ള ഒരു സാരിയിൽ മൂന്നിനേയും പുതപ്പിച്ചു കിടത്തി കർത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അമ്പാസിഡർ കാറും തലയിണയിൽപ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുംകെട്ടിയ എന്റെ അപ്പൻ.

അതിലെ നടുക്കത്തെ കരിമൻ ചെറുക്കനെ “എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.” വി.മത്തായി 25:40. അതായത് ഹിന്ദുക്കളുടെ ‘മാനവ സേവ മാധവ സേവ’ ലക്ഷ്യമാക്കിയ മിഷണറിമാർ മൂന്ന് നേരം തീറ്റിയും കിടക്കാൻ ഇരുമ്പ് കട്ടിലും പഠിക്കാൻ റിങ്കിൽ റൗബെ എന്ന മിഷണറി സ്ഥാപിച്ച സ്‌കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാൻ ബൈബിളും.

അവൻ പ്ലസ്‌ടു പഠിക്കുമ്പോ വിശന്ന് തലകറങ്ങി വീണപ്പോ തുണയായത് ഒരു ലുഡ്‌വിനാമേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്. ആ കരിമനിൽ നിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ട് മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി. ഇതിപ്പോൾ ഇവിടെ പറയാൻ കാരണം എന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാൻ പോയ കന്യാസ്ത്രീകളെ ജയിലിൽ കിടത്തിയെന്ന് കേട്ടത് മുതൽ നെഞ്ചിനുള്ളിൽ പാറക്കല്ല് ഉരുട്ടി വച്ചത് പോലെയാണ്.

സത്യത്തിൽ മിഷണറി പ്രവർത്തനം മനുഷ്യക്കടത്ത് തന്നെയാണ്. “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന ക്രിസ്തുവാക്യം തിരിച്ചറിയാത്ത കാസക്കാരനും, “മാനവ സേവ മാധവ സേവ” തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികൾക്കും അതിന്റെ ഹിക്ക്മത്ത് പിടികിട്ടില്ല.

അങ്ങനെ അവർ കടന്നുപോയ അക്കാലം ഓർക്കാൻ ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രം പോലും ഇല്ലാത്ത അവർ വീട്ടിൽ പ്രൊഫഷണൽ ഫോട്ടോ ഗ്രാഫറെ വരുത്തിച്ചെടുത്ത ചിത്രമാണിത്. അടച്ചുറപ്പുള്ള വീടൊക്കെ ആയെങ്കിലും കാറ്റിലും മഴയിലും ആ അമ്മക്ക്‌ ഇന്നും അതേ പ്രാർത്ഥനയും നിലവിളിയുമാണ്.

ഏത് കോടതി എതിര് നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയണ്ടേ? ഇന്ത്യയുടെ അഭിമാനമായ മദർ തെരേസ ഇന്നായിരുന്നെങ്കിൽ?

“നിങ്ങൾ പറഞ്ഞില്ലെങ്കിൽ ഈ കല്ലുകൾ സാക്ഷ്യം പറയും” എന്നൊരു ബൈബിൾ വാക്യമുണ്ട് അവരുടെ ഹൃദയക്കടത്തിലെ ഒരു കല്ലിന്റെ കരച്ചിലായി ഇത് വായിച്ചാൽ മതി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.