എന്തുകൊണ്ടാണ് “മാത്തെർ പോപ്പുളി ഫിദെലിസ്” നൽകപ്പെട്ടത്?
1) വിശ്വാസികളുമായുള്ള പരിശുദ്ധ അമ്മയുടെ സ്ഥാനം ക്രിസ്തുരഹസ്യത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുക.
2) മരിയൻ ഭക്തിയുടെ അടിത്തറയെ കൂടുതൽ ആഴത്തിലാക്കുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുക.
3) കത്തോലിക്കാ സഭയിൽ ഉയർന്നു വന്ന സുവിശേഷ വിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠനങ്ങളെ തള്ളിക്കളയുക.
4) പരിശുദ്ധ മറിയം ‘സഹരക്ഷക’യാണെന്നോ, ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’യാണെന്നോ കത്തോലിക്കാ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കുക.
5) “ഏക രക്ഷകൻ ക്രിസ്തു മാത്രമാണ്” എന്ന വെളിപ്പെടുത്തപ്പെട്ട യാഥാർഥ്യത്തെ മറയ്ക്കാനും സംശയമുണ്ടാക്കാനും സാധ്യതയുള്ള പദപ്രയോഗങ്ങളെക്കുറിച്ച് വ്യക്തത നൽകുക.
എന്നാൽ, പരിശുദ്ധ മറിയത്തിന് ”സഹരക്ഷക” എന്ന ശീർഷകം നൽകണമെന്ന ആവശ്യം ദൈവശാസ്ത്രപരമായ ചർച്ചകളിലും മരിയൻ ഭക്തരുടെയിടയിലും നൂറ്റാണ്ടുകളായി ഉയരുന്നുണ്ട്. “മറിയം സഹരക്ഷക”യാണെന്നത് ഒരു “വിശ്വാസ സത്യമായി” പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചില മധ്യകാല സന്യാസസമൂഹങ്ങളും ചില മരിയോളജിസ്റ്റുകളും ഇന്റെർനാഷണൽ മരിയൻ അസോസിയേഷൻ പോലുള്ള സംഘടനകളും വത്തിക്കാനിൽ ആവശ്യം അറിയിച്ചിട്ടുമുണ്ടായിരുന്നു. ഈ ആവശ്യങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ തിരുസംഘം സഭയുടെ ഔദ്യോഗിക നിലപാടും നിർദേശവും നൽകിയിരിക്കുന്നത്.
എന്താണ് ലക്ഷ്യം?
1) “രക്ഷാപദ്ധതിയിൽ പരിശുദ്ധ അമ്മയുടെ അതുല്യമായ സഹകരണത്തിന്റെ അർത്ഥമെന്താണ്” എന്ന് വ്യക്തമാക്കുക.
2) ക്രിസ്തീയ രഹസ്യങ്ങൾക്കുള്ളിൽ ക്രിസ്തുവിന്റെ ഏക മധ്യസ്ഥതയ്ക്കും ക്രിസ്തുവിന്റെ രക്ഷാകര പ്രവർത്തനത്തിൽ പരിശുദ്ധ അമ്മയുടെ സഹകരണത്തിനും ഇടയിൽ ആവശ്യമായ സന്തുലിതാവസ്ഥ നിലനിർത്തുക.
3) വിവിധ മരിയൻ ശീർഷകങ്ങളിൽ ഈ സന്തുലിതാവസ്ഥ എങ്ങനെ പ്രകടിപ്പിക്കുന്നുവെന്ന് അവതരിപ്പിക്കുക.
എന്താണ് മാത്തെർ പോപ്പുളി ഫിദെലിസ് പറയുന്നത്?
ദൈവമാതാവായ പരിശുദ്ധ മറിയത്തിന് “സഹരക്ഷക”, “എല്ലാ കൃപകളുടെയും മധ്യസ്ഥ” എന്നീ ശീർഷകങ്ങൾ ഉപയോഗിക്കരുത് എന്നാണ് വത്തിക്കാൻ ഔദ്യോഗികമായി ഉദ്ബോധിപ്പിക്കുന്നത്. വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററിയാണ് പരിശുദ്ധ മറിയത്തിന്റെ ശീര്‍ഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖയായ ‘മാത്തെര്‍ പോപ്പുളി ഫിദെലിസ്’ പ്രസിദ്ധീകരിച്ചത്. ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും, സെക്രട്ടറി മോണ്‍. അര്മാന്ദോ മത്തേയോയും ഒപ്പുവച്ച രേഖയ്ക്ക് ഒക്ടോബര്‍ ഏഴാം തീയതിയാണ് ലിയോ പതിനാലാമന്‍ പാപ്പാ അംഗീകാരം നല്‍കിയത്.
മരിയന്‍ ഭക്തിയെ സംബന്ധിക്കുന്ന ഒരു സൈദ്ധാന്തിക രേഖയാണിത്. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാര്, വേദപാരംഗതന്മാര്, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങള്‍, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകള്‍ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. ഓരോ മരിയൻ ശീർഷകത്തിന്റെയും ചരിത്ര പശ്ചാത്തലവും അവതരിപ്പിക്കുന്നുണ്ട്.
സഹരക്ഷക?
“സഹരക്ഷക” എന്ന പദം, സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കല്‍ കാരണങ്ങളാലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ഏഴ് സന്ദര്‍ഭങ്ങളിലെങ്കിലും ഈ ശീര്‍ഷകം ഉപയോഗിച്ചതായിട്ടും രേഖ ചൂണ്ടിക്കാട്ടുന്നുണ്ട്.
1996 ല്‍ കര്‍ദിനാള്‍ റാറ്റ്സിംഗര്‍ (ബെനഡിക്ട് പതിനാറാമൻ) പറഞ്ഞത് ഇങ്ങനെയാണ്: “സഹരക്ഷക” എന്ന ശീര്‍ഷകത്തിന്റെ കൃത്യമായ അര്‍ത്ഥം വ്യക്തമല്ല, അതില്‍ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പക്വതയുള്ളതല്ല… ഈ ശീര്‍ഷകം തിരുവെഴുത്തുകളിലും അപ്പസ്തോലിക പാരമ്പര്യത്തിലും എങ്ങനെയാണെന്ന് ഇതുവരെ വ്യക്തവുമല്ല” എന്നാണ്. ഈ ശീര്‍ഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകൾ ഇങ്ങനെയായിരുന്നു: പരിശുദ്ധ മറിയം ഒരിക്കലും തന്റെ പുത്രനിൽ നിന്ന് ഒന്നും സ്വന്തമാക്കാൻ ആഗ്രഹിച്ചില്ല, അവൾ ഒരിക്കലും ഒരു സഹരക്ഷകയായി സ്വയം അവതരിപ്പിച്ചിട്ടുമില്ല. ഒരു ശിഷ്യയായി നിലനിന്നു എന്നാണ്.
ചുരുക്കത്തിൽ, പരിശുദ്ധ മറിയം നമ്മെ ക്രിസ്തുവിലേക്ക് നയിക്കുകയും അവൻ പറയുന്നത് ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഈ വത്തിക്കാൻ രേഖ ഓർമ്മിപ്പിക്കുന്നു.
മധ്യസ്ഥ?
സാമൂഹിക ജീവിതത്തിന്റെ പലമേഖലകളിലും ‘മധ്യസ്ഥത’ എന്ന പദം ‘സഹകരണം, സഹായി, ഇടനിലക്കാരൻ എന്നിങ്ങനെയുള്ള അർത്ഥങ്ങളിൽ വളരെ സാധാരണമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, അനിവാര്യമായ അർത്ഥത്തിൽ പരിശുദ്ധ മറിയത്തെ ഈ ശീര്‍ഷകത്തില്‍ അഭിസംബോധന ചെയ്യുന്നത് അനുചിതമാണെന്നും, ഈ ശീര്‍ഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാന്‍ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിൽ “സഹകരണ”മെന്ന അർത്ഥത്തെ കേന്ദ്രീകരിച്ചും “മാതൃസഹായം” എന്ന ശീർഷകത്തിലുമാണ് പരിഷിദ മറിയത്തെ അഭിസംബോധന ചെയ്തതെന്ന് ഈ രേഖ സൂചിപ്പിക്കുന്നു.
വിശ്വാസികളുടെ അമ്മ?
വിശ്വാസികളുടെ അമ്മയെന്ന നിലയില്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറിയത്തിന്റെ ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രേഖയില്‍ ചില മരിയന്‍ ശീര്‍ഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങള്‍ക്കെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നത്. “വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസജനതയുടെ അമ്മ” തുടങ്ങിയ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. ‘രക്ഷകന്റെ അമ്മ’ എന്ന ചാക്രിക ലേഖനത്തിൽ പരിശുദ്ധ അമ്മയുടെ ആത്മീയ മാതൃത്വത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അതായത്, ക്രിസ്തുവുമായുള്ള ഭൗതീക മാതൃത്വത്തിൽ നിന്നാണ് മറിയത്തിന്റെ ആത്മീയ മാതൃത്വം ഉടലെടുക്കുന്നത്.
കൃപകളുടെ മാതാവ്?
“കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ” എന്നീ ശീര്‍ഷകങ്ങള്‍ ചില അര്‍ത്ഥത്തില്‍ സ്വീകാര്യമെന്നു തോന്നാമെങ്കിലും ഇവയുടെ അര്‍ത്ഥവിശദീകരണങ്ങള്‍ ഏറെ അപകട സാധ്യതകള്‍ മുന്‍പോട്ടു വയ്ക്കുന്നുവെന്നു രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനാൽ, ദൈവത്തിന്റെ കൃപ സ്വീകരിക്കുന്നതിന് നമ്മെ ഒരുക്കുന്നതിൽ സഹായകമാകുന്ന രീതിയിലായിരിക്കണം മറിയത്തിന്റെ മാതൃത്വം മനസ്സിലാകേണ്ടതെന്നാണ് പഠിപ്പിക്കുക.




